ബൈപാസ് സർവ്വേ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിന്റെ മുറ്റത്തുകൂടി .. ?

ബൈപാസ്  സർവ്വേ കാഞ്ഞിരപ്പള്ളി പഞ്ചായത്ത്  ഓഫീസിന്റെ  മുറ്റത്തുകൂടി .. ?

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബൈപാസ് വീണ്ടും വിവാദ കുരുക്കിലേക്ക്. വെള്ളിയാഴ്ച ഉച്ചയോടെ ബൈപാസിന്റെ പ്രാരംഭസർവേ നടത്തുവാൻ കാഞ്ഞിരപ്പള്ളിയിൽ എത്തിയ ഉദ്യോഗസ്ഥർ കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ ജയരാജിന്റെ സാന്നിധ്യത്തിൽ സ്ഥലം അളന്നപ്പോൾ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിന്റെ മുറ്റത്തുകൂടിയാണ് അളവെടുപ്പ് നടത്തിയത്. നിലവിലെ പ്ലാൻ അനുസരിച്ചു പഞ്ചായത്തിന്റെ പ്രധാന ഓഫീസിനോട് വളരെ ചേർന്നാണ് നിർദിഷ്ട ബൈപാസ് ലൈൻ പോകുന്നത്. അതോടെ നിലവിലുള്ള സ്ഥാനത്ത് പഞ്ചായത്ത് ഓഫീസിന്റെ നിലനിൽപ്പ് തന്നെ പരുങ്ങലിലായേക്കും. അങ്ങനെ വന്നാൽ അത് മറ്റൊരു വിവാദത്തിലേക്ക് വഴി തുറന്നേക്കാം . അതോടെ ബൈപാസ് നിർമ്മാണം അനിശ്ചിതമായി നീളുവനാണ് സാധ്യത.

റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ആണ് കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണത്തിന്റെ ആദ്യഘട്ട സർവ്വേ നടത്തുന്നത്. ബൈപാസിനായി റോഡും പാലവും അടക്കം നിർമ്മിക്കുന്നതിനായിട്ടാണ് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനെ പ്രാരംഭ നടപടികൾക്കായി സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.

മാസങ്ങൾക്കു മുൻപ്, കോർപ്പറേഷനധികൃതർക്ക് ബൈപാസിന്റെ അലൈൻമെന്റ് അടക്കമുള്ള രേഖകൾ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ കൈമാറിയിരുന്നു. ട്രാഫിക്ക് സർവ്വേ, മണ്ണ് പരിശോധന എന്നിവയ്ക്കായി കിഡ് കോയെ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ അധികൃതർ ചുമതലപ്പെടുത്തിട്ടുണ്ട് ഇതോടൊപ്പം സാമൂഹിക പാരിസ്ഥിതിക പഠനം നടത്താനും സംസ്ഥാന തലത്തിലുള്ള സമിതിക്ക് കോർപ്പറേഷൻ നിർദേശം നൽകിട്ടുണ്ട് .