കയ്യാലയില്‍ ഇടിച്ച് കാര്‍ തലകീഴായി മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

കയ്യാലയില്‍ ഇടിച്ച് കാര്‍ തലകീഴായി മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

എരുമേലി : വളവില്‍ എതിരെ വന്ന വാഹനമിടിക്കാതിരിക്കാന്‍ കാര്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം തെറ്റി കയ്യാലയില്‍ ഇടിച്ച് റോഡില്‍ തലകീഴായി മറിഞ്ഞു. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.

എരുമേലി മഞ്ഞാക്കല്‍ ത്രേസ്യാമ്മ(83), ചിന്നമ്മ(75), ഷിബു(44),ഭാര്യ മായ(40),മകള്‍ ഏബല്‍(9), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എരുമേലി സോണി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു

ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ എരുമേലി മുണ്ടക്കയം ഹൈവേയില്‍ പേരൂര്‍തോടിന് സമീപം കുടുക്കവള്ളി എസ്റ്റേറ്റ് വളവില്‍ വച്ചാണ് അപകടം. മുണ്ടക്കയത്തുനിന്നും എരുമേലിയിലേയ്ക്ക് കാര്‍ യാത്രികരാണ് അപകടത്തില്‍പെട്ടത്.

ഡ്രൈവ് ചെയ്തിരുന്ന കാര്‍ ഉടമ കല്ലമ്മാക്കല്‍ ഷിബു ഉള്‍പ്പെടെയുള്ളവര്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപെടുകയായിരുന്നു. ഈ വര്‍ഷം തന്നെ കുടുക്കവള്ളി എസ്റ്റേറ്റ് വളവില്‍ ഇത് ഏഴാമത്തെ അപകടമാണ്.

മറുവശം കാണാന്‍ കഴിയാത്തതാണ് വളവില്‍ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഒപ്പം വളവില്‍ റോഡിന്റെ വീതി കുറവായതും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. വളവ് നിര്‍വത്തണമെന്നാവശ്യപ്പെട്ട് പൊതുമരാമത്തിനെ സമീപിച്ചിട്ട് നടപടികളുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.