വ്യാപാരസ്ഥാപനങ്ങളിൽ ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഇടപാട് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വ്യാപാരസ്ഥാപനങ്ങളിൽ ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഇടപാട് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ നിങ്ങളുടെ കാർഡ് ഒരിക്കലും മറ്റൊരാളുടെ കൈവശം നൽകരുത്. ∙ വയർലെസ് സ്വൈപിങ്ങ് മെഷീനുകൾ (പിഒഎസ് ടെർമിനലുകൾ) സുലഭമായതിനാൽ നിങ്ങളുടെ അടുത്തേക്ക് മെഷീൻ എത്തിക്കാൻ ആവശ്യപ്പെടാം. ∙ കാർഡ് നിങ്ങൾ തന്നെ സ്വൈപ്പ് ചെയ്യുക. ∙ പിൻ നമ്പർ സുഹൃത്തുക്കളോടു പോലും പങ്കുവയ്ക്കാതിരിക്കുക. ∙ മെഷീനിൽ പിൻ ടൈപ്പ് ചെയ്യുമ്പോൾ മറ്റൊരു കൈ കൊണ്ട് മറച്ചുപിടിക്കുക. ∙ മെഷീനിൽ നൽകിയിരിക്കുന്നത് നിങ്ങൾ നൽകാനുള്ള തുക തന്നെയാണെന്ന് ഉറപ്പ് വരുത്തുക. ∙ ബാങ്കിൽ നിന്നുള്ള എസ്എംഎസ് സേവനം പ്രയോജനപ്പെടുത്തുക. മിനി സ്റ്റേറ്റ്മെന്റും ശ്രദ്ധിക്കുക. സംശയകരമായ ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ പരാതിപ്പെടുക. ∙ മാഗ്നറ്റിക് സ്‌ട്രിപ്പ് കാർഡുള്ളർ ഇഎംവി ചിപ്പ് അധിഷ്‌ഠിത കാർഡ് മാറ്റിവാങ്ങുക. മിക്ക ബാങ്കുകളിലും സൗകര്യം ലഭ്യമാണ്.

ആധാർ ആധാരമാക്കി തട്ടിപ്പ് സംഘങ്ങൾ!

ആധാർ കാർഡ് ബന്ധിപ്പിക്കൽ ട്രെൻഡ് ആയി മാറിയതോടെ ഇതിന്റെ മറവിലും തട്ടിപ്പുകൾ വ്യാപകമാകുന്നു. ജില്ലയിൽ നടന്ന ഒരു സംഭവമിങ്ങനെ: ആധാറും ബാങ്ക് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്കിൽ നിന്നെന്ന വ്യാജേന ഒരു ഫോൺ കോളെത്തി. ബാങ്ക് വിവരങ്ങളും ആധാർ നമ്പറും പറഞ്ഞുകൊടുത്താൽ ഇപ്പോൾ തന്നെ ബന്ധിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം. സാധാരണക്കാരനായ ഒരു കർഷകൻ തന്റെ ബാങ്ക് വിവരങ്ങൾ പറഞ്ഞുകൊടുത്തു. കാർഡ് നമ്പർ മുതൽ സിവിവി നമ്പർ വരെ ഒരു സംശയവുമില്ലാതെ അയാൾ പറ‍ഞ്ഞുകൊടുത്തു.

ഏറ്റവുമൊടുവിൽ വിശ്വാസ്യതയുണ്ടെന്നു വരുത്തി തീർക്കാനൊരു ഡയലോഗ് “സർ, ഇപ്പോൾ സാറിന്റെ ഫോണിലേക്കൊരു നമ്പർ വരും, ദയവായി ആ കോഡ് പറഞ്ഞ് നിങ്ങൾ തന്നെയാണെന്നു വേരിഫൈ ചെയ്യുമല്ലോ”. എസ്എംഎസ് എത്തിയതോടെ സംശയം പൂർണമായും മാറി, കോഡ് (ഒടിപി) പറഞ്ഞകൊടുത്തു. മിനിറ്റുകൾക്കുള്ളിൽ 25,000 രൂപയാണ് അക്കൗണ്ടിൽ നിന്നു പറപറന്നത്. ഒരിക്കലും ബാങ്കിൽ നിന്നോ സർക്കാരിൽ നിന്നോ നിങ്ങളുടെ വിവരങ്ങൾ ചോദിക്കാറില്ലെന്നു പലരും മറക്കുന്നു!

ബാലരാമപുരത്തെ ഒടിപി തട്ടിപ്പ്: വഴിമുട്ടി അന്വേഷണം

‌‌റിട്ട. യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥന്റെ ആധാർ കാർഡ് നമ്പറും എടിഎം പിൻ നമ്പറും ഒടിപിയും ചോദിച്ചറിഞ്ഞു പണം തട്ടിയ കേസിൽ അന്വേഷണം എവിടെയുമെത്തിയില്ല. നെയ്യാററിൻകര സിഐയും റൂറൽ സൈബർ സെല്ലും അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയില്ലെന്നാണ് സൂചന. കഴി‍ഞ്ഞ മാസമാണ് മൂന്നുതവണയായി 50,000 രൂപ തട്ടിയെടുത്തത്. ഫോണിൽ വിളിച്ച് നമ്പറുകൾ ചോദിക്കുകയായിരുന്നു. മുംബൈയിലും പഞ്ചാബിൽ നിന്നുമാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. സാധനങ്ങൾ വാങ്ങിയ ഇനത്തിലും മറ്റ് ബിൽ പേമെന്റുകളുമായാണ് പണം പിൻവലിച്ചത്. സൈബർ സെൽ അന്വേഷണത്തിൽ കോൾ വിവരങ്ങൾ ശേഖരിച്ചെങ്കിലും കാര്യമായ കണ്ടെത്തലുകളൊന്നുമുണ്ടായിട്ടില്ലെന്നാണ് സൂചന.

അശ്രദ്ധയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും!

∙ സിസിടിവി ക്യാമറ വരെ പണി തരും:

എടിഎം കൗണ്ടറിനുള്ളിൽ നിങ്ങൾ സ്വീകരിക്കുന്ന അതേ ജാഗ്രത കാർഡ് സ്വൈപ്പ് ചെയ്യുന്നയിടത്തും ആവശ്യമാണ്. പിൻ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ നിങ്ങൾക്കു ചുറ്റുമുള്ളത് നൂറു കണ്ണുകളാണ്. ഇതിനു പുറമേ, സുരക്ഷാ ക്യാമറകളുമുണ്ടാകും. ടൈപ്പ് ചെയ്ത നമ്പർ ഏതാണെന്ന് റെക്കോഡ് ചെയ്ത ക്യാമറ ദൃശ്യങ്ങളിൽ നിന്നു മനസിലാക്കാമെന്ന് ഓർക്കുക. ഇന്ത്യയിലെ പല നഗരങ്ങളിലും ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. പ്രതിവിധിയായി, കൈകൊണ്ട് മറച്ചുപിടിക്കുകയാണ് ഏറ്റവും നല്ലത്.

∙ കാർഡിന്റെ ഒരു ഫോട്ടോ മതി!

കാർഡ് ഒരു മിനിറ്റിനുള്ളിൽ തിരികെ ലഭിക്കുമല്ലോ എന്നോർത്താണ് പലരും ധൈര്യമായി പിൻ നമ്പർ കൈമാറുന്നത്. ഒന്നാലോചിക്കുക, നിങ്ങളുടെ കാർഡിന്റെ ഇരുവശങ്ങളുടെയും ചിത്രം മൊബൈൽ ക്യാമറയിലൂടെ പകർത്താൻ നിമിഷങ്ങൾ മതി! പേര്, കാർഡ് നമ്പർ, എക്സ്പയറി ഡേറ്റ്, പിറകുവശത്തുള്ള മൂന്നക്ക സിവിവി നമ്പർ എന്നിവ ഇങ്ങനെ ലഭിക്കും, ഇതിനൊപ്പം പിൻ കൂടിയുണ്ടെങ്കിൽ നിങ്ങളുടെ പണമുപയോഗിച്ച് ആർക്കും ഓൺലൈൻ സൈറ്റുകളിൽ നിന്നു സാധനങ്ങൾ വാങ്ങാം!

∙ നിങ്ങളുടെ കാർഡിനൊരു ഡ്യൂപ്പ്!

എടിഎം തട്ടിപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്കിമ്മിങ്ങ്. നിങ്ങളുടെ കാർഡിന്റെ ഡ്യൂപ്ലിക്കേറ്റുണ്ടാക്കാനുള്ള കാർഡ് സ്കിമ്മറുകളെന്ന് ഉപകരണങ്ങൾ ഇപ്പോൾ ചെറിയ വിലയിൽ ലഭ്യമാണ്. ഇവ എടിഎം കൗണ്ടറുകളിൽ ഘടിപ്പിച്ചും തട്ടിപ്പുകൾ നടന്നിട്ടുണ്ട്. നിങ്ങളുടെ കാർഡ് ഏതെങ്കിലും സാഹചര്യത്തിൽ പ്രധാന സ്വൈപിങ്ങ് മെഷീന് പുറമേ മറ്റേതെങ്കിലും ഉപകരണങ്ങളിൽ സ്വൈപ്പ് ചെയ്യുന്നുണ്ടോയെന്നും ശ്രദ്ധിക്കുക. എടിഎം പിൻ കൂടി ക്യാമറ വഴി ചോർത്തിയാൽ നിങ്ങളുടെ അക്കൗണ്ട് മറ്റൊരാൾക്ക് ഉപയോഗിക്കാമെന്നു ചുരുക്കം.

∙ ഫോണും കാർഡും ഒരുമിച്ച് കളഞ്ഞാൽ!

എടിഎം പിൻ നമ്പർ മറ്റാർക്കും അറിയില്ലെന്ന് അഹങ്കരിക്കാൻ വരട്ടെ. നിങ്ങളുടെ കാർഡും അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഫോണും ഒരാൾക്ക് ലഭിച്ചാൽ എളുപ്പത്തിൽ ഇടപാടുകൾ നടത്താനാവും, നിങ്ങൾ പോലും അറിയാതെ. എടിഎം പിൻ ഇല്ലെങ്കിൽ അടുത്ത മാർഗം വൺ ടൈം പാസ്‍വേഡാണ് (ഒടിപി). ഇ–കൊമേഴ്സ് സൈറ്റുകളിൽ കാർഡിൽ നോക്കി വിവരങ്ങൾ നൽകിയശേഷം ഫോണിലെത്തുന്ന ഒടിപി കൂടി കൊടുത്താൽ ഇടപാട് സക്സസ് ആകുമെന്ന് ഓർമിക്കുക. ഇന്റർനെറ്റ് ബാങ്കിങ് ഇല്ലാത്ത അക്കൗണ്ടുകളിൽ പോലും ഈ രീതി പ്രായോഗികമാണ്. ഫോണും കാർഡും ഒരുമിച്ച് മറ്റൊരാൾക്ക് ലഭിക്കുന്ന സാഹചര്യമുണ്ടാക്കാതിരിക്കുക.

∙ ഫോൺ ചത്താൽ ശ്രദ്ധിക്കണേ

കാർഡുമായി ബന്ധപ്പെ‌ടുത്തിയിട്ടുള്ള ഫോൺ നമ്പർ സംശയകരമായ രീതിയിൽ പ്രവർത്തരഹിതമാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക, നിങ്ങൾ തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ വ്യാജരേഖകകൾ ഉപയോഗിച്ച് ഒരു ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഉണ്ടാക്കുക ഇക്കാലത്ത് എളുപ്പമാണത്രേ. പിന്നീട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുപയോഗിച്ചു നടത്തുന്ന ഇടപാടുകളുടെ ഒടിപി അയാളുടെ ഫോണിലേക്കാവും വരുന്നത്. ഉടമയാകട്ടെ എന്തെങ്കിലും സാങ്കേതികകാരണങ്ങളാൽ തന്റെ സിം നിശ്ചലമായതാണെന്നു കരുതിയിരുന്നെന്നു വരാം. സംഭവത്തെക്കുറിച്ചു വ്യക്തത വരുമ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും.