വയോജനങ്ങൾക്കു ശുശ്രൂഷ നൽകുന്നവരുടെ സേവനം മികവുറ്റതാക്കുവാൻ കെയർ ഗിവേഴ്സ് ട്രെയിനിംഗ് സെൻറ്റർ തുറക്കും

വയോജനങ്ങൾക്കു ശുശ്രൂഷ  നൽകുന്നവരുടെ സേവനം മികവുറ്റതാക്കുവാൻ കെയർ ഗിവേഴ്സ് ട്രെയിനിംഗ് സെൻറ്റർ തുറക്കും

കാഞ്ഞിരപ്പള്ളി : വയോജനങ്ങൾക്കു ശുശ്രൂഷ നൽകുന്നവരിൽ പലർക്കും ശരിയായ രീതിയിലുള്ള പരിശീലനം ലഭിക്കുവാനുള്ള സാഹചര്യം നിലവിൽ ഇല്ല എന്ന തിരിച്ചറിവിൽ കാഞ്ഞിരപ്പള്ളി സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടിക്കാനം മരിയൻ കോളേജിന്റെ സഹകരണത്തോടെ വയോജനങ്ങളെ പരിപാലിക്കുന്നതിന്റെ കെയർ ഗിവേഴ്സ് ട്രെയിനിംഗ് കോഴ്സ് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാഷ്ട്രപതിയുടെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ച കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ മുൻ ഹെഡ് നേഴ്‌സ് സോജാ ബേബി, അമേരിക്കയിൽ ദീർഘകാലമായി നഴ്സിംഗ് ട്യൂട്ടറായി സേവനം ചെയ്തിരുന്ന മേരിക്കുട്ടി പുള്ളോലിൽ മുതലായവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു.

എസ് എസ് എൽ സി വരെ പഠിച്ചിട്ടുള്ള 55 വയസ് വരെ പ്രായമുള്ള സ്ത്രീ-പുരുഷൻമാർ (വിധവകൾ, ആശാ വർക്കേഴ്സ്, കുടുംബശ്രീ പ്രവർത്തകർ, വൃദ്ധരായ സ്വന്തം മാതാപിതാക്കളെ പരിചരിക്കുന്നവർ ) എന്നിവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. ഒരു മാസ കാലത്തെ ക്ലാസ് റൂം പഠനത്തിനു ശേഷം കാഞ്ഞിരപ്പള്ളി 26-ാം മൈൽ മേരി ക്വീൻസ് ആശുപത്രിയിൽ ഒരു മാസത്തെ പ്രായോഗിക പരിശീലനവും നൽകും.കോഴ്സിന്റെ ഫീസ് രണ്ടായിരം രൂപയായിരിക്കും. വിജയകരമായി കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് കുട്ടിക്കാനം മരിയൻ കോളേജിൽ നിന്നും സർട്ടിഫിക്കറ്റ് നൽകും.

വാർത്താ സമ്മേളനത്തിൽ ബാബു പൂതക്കുഴി, കെ എ ജമാലുദ്ദീൻ, മേരിക്കുട്ടി പുള്ളോലിൽ, കെ ജെ ചെറിയാൻ, കെ എൻ പ്രഭാകരൻ നായർ എന്നിവർ പരിപാടികൾ വിശദീകരിച്ചു. ഫോൺ നമ്പരുകൾ: 9497 224058, 9961462862

..