കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു

കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു

കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു …. കാഞ്ഞിരപ്പള്ളിയുമായി അഭേദ്യ ബന്ധം… അദ്ദേഹത്തിന്റെ ഭാര്യ ത്രേസ്യാക്കുട്ടി കാഞ്ഞിരപ്പള്ളി കരിപ്പാപ്പറന്പില്‍ കുടുംബഗം … മരുമകൾ ഇന്ദിരാ ട്രീസാ ബോബന്‍ കാഞ്ഞിരപ്പള്ളി കടമ്മപ്പുഴ കുടുംബത്തിൽ നിന്നും…

ബോബനും മോളിയും എന്ന കുട്ടിക്കഥാപാത്രങ്ങളിലൂടെ ആറ് പതിറ്റാണ്ടുകാലം മലയാളകാര്‍ട്ടൂണ്‍ രംഗത്തെ കുലപതിയായിരുന്നു ടോംസ് (വി.ടി തോമസ്-86 ). വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യആശുപത്രിയില്‍ ബുധനാഴ്ച രാത്രി 10.30നായിരുന്നു അന്ത്യം.

1929 ജൂണ്‍ 20ന് കര്‍ഷകനായ കുഞ്ഞുതൊമ്മന്റേയും സിസിലി തോമസിന്റേയും മകനായാണ് ജനനം. 60 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വി.ടി തോമസ് എന്ന കാര്‍ട്ടൂണിസ്റ്റ്, ടോംസ് എന്ന പേരില്‍ വരച്ചു തുടങ്ങിയത്.

വളരെക്കാലം മലയാള മനോരമയിലൂടെ ബോബനും മോളിയും എന്ന കാർട്ടൂണിലൂടെ മലയാളികളെ ചിരിപ്പിക്കുകയും boban-and-molyചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം ..നമ്മുടെ സാമൂഹ്യസാഹചര്യങ്ങള്‍ക്കുനേരെ തിരിച്ച കണ്ണാടികളായിരുന്നു ടോംസിന്റെ കഥാപാത്രങ്ങള്‍. അവരിലൂടെ അദ്ദേഹം നമ്മെ ചിരിപ്പിച്ചു. പുതിയ ചിന്തകള്‍ക്ക് വഴിമരുന്നിട്ടു. ടോംസിന്റെ മരണശേഷവും ഈ കഥാപാത്രങ്ങള്‍ അവരുടെ കര്‍മ്മം തുടര്‍ന്നുകൊണ്ടേയിരിക്കും.

ഒരു ചെറുപുഞ്ചിരിക്ക് പോലും മടിക്കുന്ന മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ….പലപ്പോഴും ചിന്തിപ്പിച്ച് കണ്ണുതുറപ്പിച്ചവരായിരുന്നു ടോംസിന്റെ കാര്‍ട്ടൂണ് കഥാപാത്രങ്ങള്‍.

കാര്‍ട്ടൂണിലെ കൂരമ്പുകള്‍ കണ്ടവര്‍ ആസ്വദിച്ച് ചിരിച്ചെങ്കിലും അമ്പുകൊണ്ടവരില്‍ ചിലര്‍ അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കാനുംനോക്കി. എ.കെ.ഗോപാലന്‍, കെ.കരുണാകരന്‍, മത്തായി മാഞ്ഞൂരാന്‍ തുടങ്ങിയ പ്രമുഖര്‍ ടോംസിനെതിരെ കേസ് കൊടുത്തു. സ്ഥിരമായി വിളിച്ച് പരാതി പറയുന്നവരുമുണ്ടായിരുന്നു.

രാഷ്ട്രീയം അടക്കമുള്ള സമൂഹത്തിലെ എല്ലാ മേഖലയിലേയും അസംതൃപ്തിയാണ് അദ്ദേഹം നര്‍മ്മത്തിന്റെ മേമ്പൊടിയോടെ വരച്ചിട്ടത്.ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചുവെങ്കിലും ക്രിസ്തീയസഭകളുടെ ചില അരുതായ്മകള്‍ പോലും പുറത്ത് കാട്ടാന്‍ വളരെ തന്മയത്വത്തോടെ കാര്‍ട്ടൂണ്‍ മാധ്യമം ഉപയോഗിച്ചു. കഥാപാത്രങ്ങളെ അദ്ദേഹം കണ്ടെത്തിയത് തന്റെ ജന്മഗ്രാമമായ ആലപ്പുഴയിലെ വെളിയനാട്ട് നിന്നായിരുന്നു.

കാര്‍ട്ടൂണിസ്റ്റ് കൂടിയായ ചേട്ടന്‍ പീറ്റര്‍ തോമസിന്റെ കാര്‍ട്ടൂണുകളോടുള്ള ആരാധനയാണ് അദേഹത്തെ ആ മേഖലയിലേക്ക് എത്തിച്ചത് . .അതോടെ തുടര്‍പഠനം മാവേലിക്കര സ്‌കൂള്‍ ഓഫ് ആര്‍ട്സിലാക്കി. ശേഷം ജനതാപ്രസില്‍ നിന്ന് പുറത്തിറങ്ങിയിരുന്ന ‘കുടുംബദീപ’ത്തില്‍ ജോലിയ്ക്ക് കയറി. പത്രപ്രവര്‍ത്തകനായിട്ടാണ് തുടക്കം.

1952ല്‍ തന്റെ തട്ടകം കാര്‍ട്ടൂണാണെന്ന് തിരിച്ചറിഞ്ഞു.അതോടെ കുടുംബ ദീപം,കേരളഭൂഷണം പത്രം എന്നിവയില്‍ ചെറിയ പോക്കറ്റ് കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ തുടങ്ങി. ഡെക്കാന്‍ ഹെറാള്‍ഡിലും,ശങ്കേഴ്സ് വീക്കിലിയിലും സ്വന്തമായ ഇടം കണ്ടെത്തി.

1955ല്‍ മലയാളമനോരമയില്‍ കാര്‍ട്ടൂണിസ്റ്റായി. ആവര്‍ഷം മനോരമയില്‍ ‘ബോബനും മോളിയും കാര്‍ട്ടൂണ്‍ പരന്പരയ്ക്ക് തുടക്കമിട്ടു. 30 വര്‍ഷത്തിന് ശേഷം മനോരമയില്‍ നിന്ന് രാജിവെച്ചു.തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയില്‍ ടോംസ് പബ്ളിക്കേഷന്‍സ് ആരംഭിച്ചു.

ഭാര്യ: േത്രസ്യാക്കുട്ടി.മക്കള്‍: പീറ്റര്‍(ടോംസ് പബ്ളിക്കേഷന്‍സ്), മോളി,ബോബന്‍ (ടോംസ് പബ്ളിക്കേഷന്‍സ്), റാണി, ബോസ്(ടോംസ് പബ്ളിക്കേഷന്‍സ്), ഡോ. പ്രിന്‍സി ബിജു(മുംൈബ) മരുമക്കള്‍: ഇന്ദിരാ ട്രീസാ ബോബന്‍ കടമ്മപ്പുഴ, കാഞ്ഞിരപ്പള്ളി,പോള്‍ ഐസക്ക് (ബിസിനസ്, ചേര്‍ത്തല),ബ്രിജിത് ബോസ് വട്ടക്കാട്ടുശേരി, പരേതനായ ഡോ.ടോജോ മത്തായി, ബിജുജോണ്‍ (സ്‌ക്വയര്‍ ഫുട്ട്,മുംബൈ). ശവസംസ്‌കാരം ഞായറാഴ്ച.

മലയാളമുള്ളിടത്തോളംകാലം ബോബനും മോളിയും ഉപ്പായിമാപ്പിളയും അപ്പിഹിപ്പിയും ഉള്‍പ്പെടെയുള്ള കാര്‍ട്ടൂണ് കഥാപാത്രങ്ങള്‍ നര്മ്മം നിറച്ചുകൊണ്ടേയിരിക്കും. വളരെ യാദൃശ്ചികമായാണ് ടോംസിനെ മലയാളത്തിന് കാര്‍ട്ടൂണിസ്റ്റായി ലഭിക്കുന്നത്. ചക്കയ്ക്ക് വീഴാന്‍ മടിയായിരുന്നു, മുയലിന് ചാകാനും. എന്നിട്ടും അത് സംഭവിച്ചു. താന്‍ കാര്‍ട്ടൂണിസ്റ്റായത് അങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

toms-boban-and-molyഅദ്ദേഹത്തെ പ്രശസ്തിയുടെ വരപ്പൊക്കത്തിലേയ്ക്ക് കൈപിടിച്ചുകയറിയത് ബോബനും മോളിയുമെന്ന തലതെറിച്ച കൃസൃതികള്‍. അവരെഅദ്ദേഹം കണ്ടെത്തിയത് അയല്‍പക്കത്തെ വീട്ടില്‍നിന്നാണ്. കുട്ടനാട്ടിലെ ടോംസിന്റെ കുടുംബവീട്ടില്‍ വാണം പോലെ കയറിയിറങ്ങി നടന്നവരായിരുന്നു കുസൃതികള്‍.

ചില വേള കാര്‍ട്ടൂണ് വരയ്ക്കാനുള്ള ആശയങ്ങളും, അവരില്‍നിന്ന് കണ്ടെത്തി. ആദ്യ രചന ഇങ്ങനെബോബനും മോളിയും കോഴിയെ വളര്‍ത്തുന്നു. പട്ടിയില്‍ നിന്ന് രക്ഷപെടുത്താന്‍ കോഴിയെ കുട്ട കൊണ്ട് മൂടി.കുട്ട മറിഞ്ഞ് പോകാതിരിയ്ക്കാന്‍ കല്ല് പെറുക്കാന്‍ പോയ ഇരുവരേയും വെട്ടിച്ച് പട്ടി കുട്ടയില്‍ കയറി.പിറ്റേന്ന് കുട്ട പൊക്കിനോക്കുമ്പോള്‍ കുറച്ച് എല്ലു മാത്രം ബാക്കി.

നാട്ടിലെ ഒരു തിരഞ്ഞെടുപ്പകാലത്താണ് പഞ്ചായത്ത് പ്രസിഡന്റായ ഇട്ടുണ്ണനേയും ഭാര്യയായ ചേടത്തിയേയും കിട്ടുന്നത്. തൂപ്പുകാരിയായ സ്ത്രീക്ക് വയസായപ്പോള്‍ തുണയായതാണ് ആള്‍. നാട്ടിലെ കടത്തിണ്ണകളില്‍ കുത്തിയിരുന്നാണ് ഇട്ടുണ്ണന്‍ സമയം കളഞ്ഞിരുന്നത്.അന്യനാട്ടില്‍ നിന്ന് വന്ന ഒരാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുവെന്നായപ്പോള്‍ നാട്ടുകാര്‍ കക്ഷിയെ സ്ഥാനാര്‍ത്ഥിയാക്കി. ആ വിഡ്ഡിയാനെ മാലയൊെക്ക ഇടീച്ച് കൊണ്ടുനടക്കുന്ന കാഴ്ചയില്‍ നിന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ജനിക്കുന്നത്.

‘അപ്പി ഹിപ്പി’യെ കിട്ടിയത് പിന്നീട് താമസമാക്കിയ കോട്ടയത്തു നിന്നാണ്. ഒരു സംഗീതപരിപാടിക്കിടയില്‍ തലമുടി നീട്ടിവളര്‍ത്തിയ മുടിയുള്ള മെലിഞ്ഞയാള്‍ ഗിത്താര്‍ വായിക്കുന്നു. അന്ന് രാത്രിയില്‍ കേരളത്തില്‍ ജ്വരമായിത്തുടങ്ങിയ ‘ഹിപ്പിയിസം’വരയില്‍ സംഭവമാക്കാന്‍ തീരുമാനിച്ചു. ആ ഹിപ്പിയിസം പിന്നീടെപ്പോഴൊക്കെയോ മലയാളിയുടെ അനുകരിക്കല്‍ സ്വഭാവത്തെ പരിഹസിച്ചുകൊണ്ടേയിരുന്നു.

കാര്‍ട്ടൂണിലെ പ്രശസ്തനായ ‘രാഷ്ട്രീയക്കാരനെ കണ്ടെത്തിയതല്ല പകരം പലരേയും ചേര്‍ത്ത് വെച്ച് ഒപ്പിച്ചെടുത്തതാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ബോബനും മോളിയും വരച്ചുതുടങ്ങിയതിന്റെ അന്‍പതാം വാര്‍ഷിക ആഘോഷവേള.
2007ല്‍ ഡല്‍ഹിയിലെ കേരളാഹൗസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തന്റെ അയല്‍പക്കക്കാരായ ‘സാക്ഷാല്‍ ബോബനേയും മോളിയേയും’ സാക്ഷി നിര്‍ത്തി അദ്ദേഹം ഇങ്ങനെ പറഞ്ഞു.
.”സി.എം സ്റ്റീഫന്റെ ചകിരിപോലുള്ള പുരികം..സി.കേശവന്റെ വളഞ്ഞ മൂക്ക്…കെ.എം മാണിയുടെ കട്ടിമീശ,കെ കരുണാകരന്റെ പല്ല്…പനന്പിള്ളിയുടെ തടിച്ച ചുണ്ട്…വയലാര്‍ രവിയുടെ തവളത്താടി….’ഇതെല്ലാം കൂട്ടിവെച്ചപ്പോള്‍ രാഷ്ട്രീയക്കാനായി.

തന്നെ പ്രശസ്തിയിലേയ്ക്ക് കൈപിടിച്ച് നടത്തിച്ച ‘ബോബന്‍ മോളി’കഥാപാത്രങ്ങളോടുള്ള ഇഷ്ടംമൂലം സ്വന്തം മക്കള്‍ക്കും ആ പേരിട്ടു. മകള്‍ മോളിയുടെ ഉണ്ണിക്കുട്ടനെന്ന മകനും പില്‍ക്കാലത്ത് കഥാപാത്രമായി.

വളരെക്കാലത്തിനുശേഷം ഒറിജിനല്‍ ബോബനെയും മോളിയെയും ഡല്‍ഹിയില്‍ വെച്ച് ടോംസ് കണ്ടുമുട്ടി . ബോബന്‍ ഗള്‍ഫില്‍ ജോലികിട്ടി പോയതാണ്. മോളിയാകട്ടെ അഗസ്റ്റിനെ വിവാഹം ചെയ്ത് വീട്ടമ്മയായി കഴിയുന്നു.

ബോബനും മോളിയും സിനിമയാക്കിയപ്പോള്‍ കഥാപാത്രങ്ങളെത്തേടി അധികം അലയേണ്ടിവന്നില്ല. സ്വന്തം പട്ടിക്കുട്ടിയുമായി ബോബന്‍മാരും മോളിമാരും ചാന്‍സുചോദിച്ച് വന്നു. മണ്ടശിരോമണിയായ പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണനാവാനും പെണ്‍കുട്ടികളുടെ പിറകെ നടക്കുന്ന അപ്പിഹിപ്പിയാവാനും ആളുകള്‍ വന്നു.

കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ മലയാളികളുടെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ് ബോബനും മോളിയും. അതിലെ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ട്രാക്ടറും രാഷ്ട്രീയ നേതാവും വേലയില്ലാ വക്കീലുമൊക്കെ ജീവിക്കുന്ന കഥാപാത്രങ്ങളാണ്.

കൂടുതല്‍ തവണ വരച്ചിട്ടുള്ളത് കെ.എം മാണിയേയും കെ.കരുണാരനേയും. അതിനും ന്യായമുണ്ടായിരുന്നു കാര്‍ട്ടൂണിസ്റ്റിന്.”ഏറ്റവും ഇഷ്ടമുള്ളവരെ കൂടുതല്‍ വിമര്‍ശിക്കും.

കാര്‍ട്ടൂണുകളുടെ പകര്‍പ്പവകാശത്തെച്ചൊല്ലി തന്റെ സ്ഥാപനവുമായി സുപ്രീംകോടതി വരെ കേസിനുപോയ ആളാണ് ടോംസ്. എതിര്‍കക്ഷി വലിയ വക്കീലന്മാരെ വെച്ച് പയറ്റിയതിനാല്‍ കേസ് തോറ്റു. എങ്കിലും കഥാപാത്രങ്ങളെ ടോംസ് തന്നെ എടുത്തുകൊള്ളാന്‍ പത്രസ്ഥാപനം ഒടുവില്‍ സമ്മതിച്ചു. അങ്ങനെയാണ് ടോംസ് മാഗസിന്‍ ജനിക്കുന്നത്. ഒരു കാര്‍ട്ടൂണിസ്റ്റിന് മാനത്തോടെ കഴിയാനാകണമെന്ന് വായനക്കാര്‍ തീരുമാനിച്ചു. അവര്‍ ബോബനെയും മോളിയെയും മാഗസിന്‍ രൂപത്തിലും നെഞ്ചിലേറ്റി അവര്‍ നടന്നു.

toms-with-boban-and-moly

ഒറിജിനല്‍ ബോബനും മോളിയും ടോംസിനോപ്പം