കോവിഡ് പ്രതിരോധം : കത്തോലിക്ക സഭയുടെ ആശുപത്രികൾ വിട്ടു നൽകും ; കേരളത്തിലെ ഇരുനൂറോളം കത്തോലിക്ക ആശുപത്രികൾ കോവിഡ് ചികിത്സയ്ക്കു സുസജ്ജം..

കോവിഡ് പ്രതിരോധം : കത്തോലിക്ക സഭയുടെ ആശുപത്രികൾ വിട്ടു  നൽകും ; കേരളത്തിലെ ഇരുനൂറോളം കത്തോലിക്ക ആശുപത്രികൾ കോവിഡ് ചികിത്സയ്ക്കു സുസജ്ജം..


കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികൾ ആവശ്യം വന്നാൽ വിട്ടുനൽകാമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്‍റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചു. ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സ് ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം വിട്ടുനൽകാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. സഭയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി തുടർപ്രവർത്തനങ്ങളിൽ അവ ഉപയോഗിക്കാമെന്നും അറിയിച്ചു.

അടിയന്തിര സാഹചര്യത്തില്‍ ആവശ്യമുള്ളത്രയും ആശുപത്രികള്‍ പൂര്‍ണമായി കോവിഡ് ചികിത്സയ്ക്കു വിട്ടു നല്‍കാന്‍ സന്നദ്ധമാണെന്നു ആരോഗ്യവകുപ്പിനെ സഭനേതൃതം അറിയിച്ചിട്ടുണ്ടെന്നു കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയും കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ (ചായ്) കേരള ഘടകം എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ഫാ. സൈമണ്‍ പള്ളുപ്പേട്ട പറഞ്ഞു. പല ആശുപത്രികളുടെ ഏതാനും വാര്‍ഡുകള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കി ആവശ്യമുള്ള ആശുപത്രികള്‍ പൂര്‍ണമായി ഏറ്റെടുക്കുന്ന രീതി അവലംബിക്കുന്നതാണ് ഉചിതമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കു പരിശീലനം ലഭിച്ച ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റു ജീവനക്കാരെയും നിയോഗിക്കാനും കേന്ദ്രീകൃത സംവിധാനത്തില്‍ മരുന്നുകളും മറ്റും ലഭ്യമാക്കാനും സാധിക്കും. കോവിഡ് 19 രോഗികള്‍ക്കൊപ്പം മറ്റു രോഗികളെക്കൂടി ഒരേ ആശുപത്രികളില്‍ ചികിത്സിക്കുന്നത് പ്രായോഗിക പ്രശ്‌നങ്ങളും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുമെന്നും യോഗം വിലയിരുത്തി.