എരുമേലി ചന്ദനക്കുടം കൃഷി മന്ത്രി വി. എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും

എരുമേലി: മഹല്ല മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തില്‍ ചരിത്ര പ്രസിദ്ധമായ ചന്ദനക്കുട മഹോത്സവം ജനുവരി പത്തിന് നടത്തും. നൈനാര്‍ പള്ളി ഹാളില്‍ വൈകിട്ട് അഞ്ചിന് അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘവും ജമാ അത്ത് പള്ളി പ്രതിനിധികളുമായി നടത്തുന്ന സൗഹൃദ സംഗമത്തോടെ ചന്ദനക്കുട ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.

6.30 ന് സമ്മേളനം കൃഷി മന്ത്രി വി. എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ജമാ അത്ത് പ്രസിഡന്റ് അഡ്വ. പി. എച്ച്. ഷാജഹാന്‍ അധ്യക്ഷത വഹിക്കും. അമ്പലപ്പുഴ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍, ആന്റോ ആന്റണി എം. പി, പി. സി. ജോര്‍ജ് എം. എല്‍. എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മെമ്പര്‍ ശങ്കര്‍ദാസ്, ജില്ലാ കളക്ടര്‍ സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി എസ്. ഹരിശങ്കര്‍, സബ് കളക്ടര്‍ ഇശ പ്രിയ, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി, പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

തുടര്‍ന്ന് 7.30 ന് പേട്ടകവലയില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും. ചരള, സ്വകാര്യ ബസ് സ്റ്റാന്റ്, പേട്ടകവല, വലിയമ്പലം, പോലീസ് സ്‌റ്റേഷന്‍, പുലര്‍ച്ചെ 12.45 ന് കെ. എസ്. ആര്‍. ടി. സി., മാര്‍ക്കറ്റ് ജങ്ഷന്‍, വിലങ്ങുപാറ എന്നിവിടങ്ങളില്‍ സ്വീകരണം എറ്റു വാങ്ങി മൂന്നു മണിയോടെ പള്ളി അങ്കണത്തില്‍ സമാപിക്കും. മൂന്നു ഗജവീരന്‍മാര്‍, ചെണ്ടമേളം, ശിങ്കാരിമേളം, പീലിക്കാവടി, നിലക്കാവടി, അമ്മന്‍കുടം, പമ്പമേളം, മാപ്പിള ഗാനമേള എന്നിവ ഘോഷയാത്രയ്ക്ക് കൊഴുപ്പേകും. വിവിധ ശാഖാ മഹല്ലുകള്‍, കേരള വെള്ളാള മഹാസഭ, വിശ്വകര്‍മ്മ സഭ, വ്യാപാരി സംഘടന, അമ്പലപ്പുഴ സംഘം, പഞ്ചായത്ത്, വിവിധ വകുപ്പുകള്‍ എന്നിവര്‍ സ്വീകരണം നല്‍കും.