നോയമ്പിന്റെ പുണ്യം : റംസാൻ നോയമ്പ് എടുത്ത യുവാക്കൾ പൂതക്കുഴി ചെക്ക് ഡാമിൽ അടിഞ്ഞു കൂടിയ മാലിന്യക്കൂമ്പാരം നീക്കം ചെയ്തു

നോയമ്പിന്റെ പുണ്യം :  റംസാൻ നോയമ്പ് എടുത്ത യുവാക്കൾ പൂതക്കുഴി ചെക്ക്  ഡാമിൽ അടിഞ്ഞു കൂടിയ മാലിന്യക്കൂമ്പാരം നീക്കം ചെയ്തു


കാഞ്ഞിരപ്പള്ളി: ലോക ഡൗൺ ദിവസത്തെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച് ചെറുപ്പക്കാർ മാതൃകയായി. ശുചീകരണ ജോലിയിൽ ഏർപ്പെട്ടവരെല്ലാം റംസാൻ നോയമ്പ് എടുത്തവരായിരുന്നുവെന്നതാണ് മറ്റ് പ്രത്യേകത.
കഴിഞ്ഞ ദിവസം മേഖലയിൽ ഉണ്ടായ ശക്തമായ മഴയത്ത് പൂതക്കുഴി ചെക്ക് ഡാമിൽ അടിഞ്ഞു കൂടിയ മാലിന്യക്കൂമ്പാരമാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ഏ. ഷെമീറിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തത്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയത്ത് ചിറ്റാറിന്റെ കൈവഴിയായ പടപ്പാടി തോട്ടിലേക്ക് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നിരുന്ന കൂറ്റൻ ആഞ്ഞിലിമരം മറിഞ്ഞു വീണിരുന്നു. മരം മുറിക്കാൻ ഒരുദിവസം വൈകിയതോടെ കൂടി തോട്ടിലൂടെ ഒഴുകി വന്ന മുഴുവൻ മാലിന്യങ്ങളും ഈ മരത്തോടു ചേർന്ന് അടുക്കുകയായിരുന്നു.

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ, ബാഗുകൾ, ചെരുപ്പുകൾ, വസ്ത്രങ്ങൾ, കൂറ്റൻ മരക്കഷണങ്ങൾ, വിവിധ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, അറവ് മാലിന്യങ്ങൾ എന്നിവയാണ് മണിക്കുറുകൾ ചെലവഴിച്ച് ഏറെ പ്രയാസപ്പെട്ട് ഇവർ നീക്കം ചെയ്തത് . ഫസലി കോട്ടവാതുക്കൽ, ആസിഫ് പട്ടിമറ്റം, നാസർ കാന്താരി, പി എസ് ഹാഷിം, അബീസ്.ടി.ഇസ്മയിൽ ,അൻവർ, ജുനൈദ് ,റെജി എന്നിവരാണ് യാതൊരു വിധ പ്രതിഫലവും സ്വീകരികാതെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.