പതിമൂന്നുകാരിക്കെതിരേ ലൈംഗിക അതിക്രമം; അമ്മയും സുഹൃത്തും അറസ്റ്റിൽ

പതിമൂന്നുകാരിക്കെതിരേ ലൈംഗിക അതിക്രമം; അമ്മയും സുഹൃത്തും അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരിരെ ലൈംഗിക അതിക്രമം നടത്തുകയും, മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ അമ്മയും സുഹൃത്തും പിടിയില്‍. ഇടക്കുന്നം സ്വദേശി ബിനു ജോസഫ് (33) ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയുടെ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

ഒരു വര്‍ഷം മുന്‍പ് പീഡനം നടന്ന വിവരം പെണ്‍കുട്ടി അമ്മയോട് പറഞ്ഞിട്ടും ഇവര്‍ വിവരം മറച്ചു വയ്ക്കുകയായിരുന്നു. പിന്നീട് ഒരു മാസം മുന്‍പ് പിതാവിനോട് കുട്ടി പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് ആദ്യഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടി സുഹൃത്തിനൊപ്പം താമസിക്കുകയാണ്. കേസെടുത്തതിനെ തുടര്‍ന്ന് ഇരുവരും ഒളിവില്‍ പോയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി ജാമ്യം നിരസിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരേയുള്ള ലൈംഗിക അതിക്രമത്തിന് പോക്സോ നിയമപ്രകാരമാണ് ബിനുവിനെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് തൃശൂരില്‍ നിന്നും ഇരുവരെയും കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇരുവരെയും പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൃശ്ശൂരിൽനിന്നെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളി സി. ഐ. ഇ. കെ. സോള്‍ജിമോന്‍, എസ്. ഐ. എം. എസ്. ഫൈസല്‍, അഡീഷണല്‍ എസ്. ഐ. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.