ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ 50 ദിവസങ്ങൾക്ക് ശേഷം നടക്കേണ്ട കമ്മറ്റി ഓൺലൈൻ കമ്മറ്റിയാക്കി മാറ്റി; പ്രതിഷേധവുമായി പ്രതിപക്ഷം

ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ   50 ദിവസങ്ങൾക്ക് ശേഷം  നടക്കേണ്ട കമ്മറ്റി ഓൺലൈൻ കമ്മറ്റിയാക്കി മാറ്റി; പ്രതിഷേധവുമായി പ്രതിപക്ഷം


പൊൻകുന്നം: അൻപതിൽ അധികം ദിവസങ്ങളായി നടക്കാതിരുന്ന ചിറക്കടവ് ഗ്രാമപഞ്ചായത്ത് കമ്മറ്റി ഇന്നലെ ഉച്ചക്ക് 2 ന് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും സമയമായപ്പോൾ മാറ്റിവച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ഇന്നലത്തെ കമ്മറ്റി ഓൺലൈൻ കമ്മറ്റിയാക്കി മാറ്റുകയാണുണ്ടായതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

എന്നാൽ ആഗസ്റ്റ് 5 ന് നൽകിയ നോട്ടീസ് പ്രകാരം ആഗസ്റ്റ് 10 ന് കമ്മറ്റി നടക്കുന്നത് അംഗങ്ങളെ അറിയിച്ചിരുന്നു.നോട്ടീസിന് പ്രകാരം ഇന്നലെ കമ്മറ്റി ഹാളിൽ എത്തിയ മെമ്പർമാർ കമ്മറ്റി മാറ്റിയ കാര്യം അന്വേഷിച്ചപ്പോൾ ഓൺ ലൈൻ കമ്മറ്റി രണ്ട് മണിക്ക് തുടങ്ങി എന്ന വിവരമാണ് ലഭിച്ചത് തുടർന്ന് ഈ മെമ്പർമാർ പ്രസിഡന്റിന്റെ ഓഫീസിൽ എത്തുമ്പോൾ പ്രസിഡന്റ് കമ്പ്യൂട്ടറിൽ ഓൺലൈൻ മീറ്റിംഗ് കൂടുന്നതാണ് കണ്ടത്. മെമ്പർമാർ വിശദീകരണം ചോദിച്ചപ്പോൾ സർക്കാർ ഉത്തരവ് പ്രകാരം ഓൺലൈൻ കമ്മറ്റി ചേരുന്നു എന്ന് പറഞ്ഞു.

പ്രതിപക്ഷ മെമ്പർമാർ പ്രസിഡന്റിന്റെ വിശദീകരണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. ചട്ടങ്ങൾ പാലിക്കാതെയാണ് ഓൺലൈൻ മീറ്റിംഗ് നടത്തിയതെന്നും ഭരണകക്ഷി മെമ്പർ മാരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടുള്ള മീറ്റിംഗ് ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി, യു ഡി എഫ് അംഗങ്ങൾ പറഞ്ഞു .ചിറക്കടവ് പഞ്ചായത്ത് ഓഫീസിൽ ജനറൽ കമ്മറ്റി ഒഴികെ എല്ലാ കമ്മറ്റികളും, കുടുംബശ്രീ മീറ്റിംഗുകളും യാത്ര അയപ്പ് സമ്മേളനങ്ങളും കഴിഞ്ഞ അൻപത് ദിവസങ്ങൾക്കിടെ നടന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.

ജനറൽ കമ്മറ്റി കൂടാതെ ഒളിച്ചോടുന്ന പ്രസിഡൻറും എൽ ഡി എഫും അഴിമതി ഭരണത്തിന് കളമൊരുക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ചിറക്കടവിലെ ജനറൽ കമ്മറ്റി ഒഴിവാക്കി ജനാധിപത്യ ധ്വംസനം നടത്തുന്നത് അംഗീകരിക്കാനാവില്ല എന്നും ജനാധിപത്യം പുനഃസ്ഥാപിക്കുന്നത് വരെ നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും ബിജെപി പാർലമെന്ററി പാർട്ടി നേതാവ് കെ ജി കണ്ണൻ പറഞ്ഞു. പ്രതിപക്ഷ മെമ്പർമാരായ ഷാജി പാമ്പൂരി, വൈശാഖ് എസ് നായർ, റോസമ്മ പി.സി ,മോളിക്കുട്ടി തോമസ്, രാജി വി.ജി, ത്രസ്യാമ്മ നല്ലേപ്പറമ്പിൽ, സുബിത ബിനോയി, സ്മിത ലാൽ എന്നിവർ പ്രസംഗിച്ചു.