ചിറക്കടവ്‌ മഹാദേവ ക്ഷേത്രച്ചിറയില്‍ നടന്ന മീനരി വഴിപാടിൽ ആയിരങ്ങൾ പങ്കെടുത്തു (ഫോട്ടോകൾ)

ചിറക്കടവ്‌ മഹാദേവ ക്ഷേത്രച്ചിറയില്‍ നടന്ന മീനരി വഴിപാടിൽ ആയിരങ്ങൾ പങ്കെടുത്തു (ഫോട്ടോകൾ)

ചിറക്കടവ് : മഹാദേവക്ഷേത്രത്തിന്റെ കിഴക്കേനടയിലെ വിശാലമായ ചിറയിൽ കർക്കടകവാവ് നാളിൽ നടന്ന മീനരി വഴിപാടിൽ ആയിരങ്ങൾ പങ്കെടുത്തു. എല്ലാവർഷവും ഈ ദിവസം ചിറയിലെ മീനുകൾക്ക് ഭക്തർ പതിവുതെറ്റാതെ ധാന്യങ്ങൾ അർപ്പിക്കാറുണ്ട് മഹാദേവന്റെ മത്സ്യസമ്പത്തിന് ഭക്ഷണം നൽകുന്നത് രോഗശമനത്തിനും പിതൃപുണ്യത്തിനും ഉത്തമമെന്നാണ് വിശ്വാസം. ക്ഷേത്രശ്രീകോവിലിൽ പൂജിച്ചുനൽകുന്ന ധാന്യമാണ് ഭക്തർ ചിറയിൽ അർപ്പിക്കുന്നത്.

മീനരി വഴിപാടിനൊപ്പം കർക്കിടക വാവ് ബലി തർപ്പണ ചടങ്ങുകൾ കൂടി നടന്നതിനാൽ ക്ഷേത്രത്തിൽ രാവിലെ മുതൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത് . ഭക്തർ മണിക്കൂറുകളോളം ക്യു നിന്നാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

അഗ്നിയാഗത്തിന്റെ പുണ്യമാണ് ചരിത്രം ഈ ചിറയ്ക്ക് കൽപ്പിക്കുന്നത്. ക്ഷേത്ര സ്ഥാപനത്തിന് കാരണഭൂതനായ യോഗിവര്യൻ കൂവമഹർഷിയുമായി ബന്ധപ്പെട്ട ഐതീഹ്യമാണിത്. ആൾവാർ രാജവംശത്തിന്റെ ഭരണകാലത്താണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. ക്ഷേത്രം ഉയർന്ന സ്ഥലത്ത് നിർമിക്കാൻ മണ്ണെടുത്ത പ്രദേശമാണ് ചിറയായി മാറിയത്. ക്ഷേത്രനിർമാണത്തിനിടെ ജലദൗർലഭ്യം വന്നപ്പോൾ മഹർഷി കരപ്രമാണിമാരെ വിളിച്ചുചേർത്ത് മണ്ണെടുത്തുണ്ടായ വിശാലമായ കുഴിയുടെ നടുവിൽ അഗ്നികുണ്ഠമൊരുക്കി യാഗം നടത്തി. ദിവസങ്ങൾ നീണ്ട യാഗത്തിനൊടുവിൽ അഗ്നിയിൽ നിന്ന് ജലം പ്രവഹിച്ച് ചിറ നിറഞ്ഞുവെന്നും ക്ഷേത്രനിർമാണം മുടക്കം കൂടാതെ നടന്നുവെന്നുമാണ് ഐതീഹ്യം. വിശാലമായ ചിറയുടെ കരയിലുള്ള ക്ഷേത്രം ചിറക്കടവ് ക്ഷേത്രം എന്ന പേരിലറിയപ്പെട്ടു. പിന്നീട് ഗ്രാമത്തിന്റെ തന്നെ പേരായും ചിറക്കടവ് മാറി.

ചിറക്കടവ്‌ മഹാദേവ ക്ഷേത്രച്ചിറയില്‍ നടന്ന മീനരി വഴിപാട് (ഫോട്ടോകൾ)