റോഡ് വീതികൂട്ടുന്നതിന് 5 കോടി അനുവദിക്കുമെന്ന് എംഎൽഎ

റോഡ് വീതികൂട്ടുന്നതിന് 5 കോടി അനുവദിക്കുമെന്ന് എംഎൽഎ

വിഴിക്കിത്തോട് ∙ ചിറക്കടവ് – പള്ളിപ്പടി – ഇളംകാവ് ക്ഷേത്ര റോഡ് വീതികൂട്ടി നിർമിക്കുന്നതിന് അ‍ഞ്ചു കോടി രൂപ അനുവദിക്കുമെന്ന് എൻ.ജയരാജ് എംഎൽഎ അറിയിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 18–ാം വാർഡിലെ ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. കരിമ്പുകയം ചെക് ഡാം മുതൽ പള്ളിപ്പടി വരെ എട്ടു മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കുന്നതിനാണു തുക അനുവദിക്കുന്നത്.

റോഡിന് ആവശ്യമുള്ള സ്ഥലം വിട്ടുനൽകാൻ തയാറാണെന്നു യോഗത്തിൽ പ്രദേശവാസികൾ അറിയിച്ചതായി പഞ്ചായത്തംഗം റിജോ വാളാന്തറ അറിയിച്ചു. വാർഡിലെതന്നെ കപ്പട കോളനി – ചിറക്കടവ് റോഡിന്റെ തുക വകയിരുത്തുമെന്നും എംഎൽഎ അറിയിച്ചു. എസ്എൽഎൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് മാനിടംകുഴി വാർഡ് അംഗമായിരുന്ന, അന്തരിച്ച കൃഷ്ണകുമാരി ശശികുമാറിന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് എംഎൽഎ വിതരണം ചെയ്തു.

എകെജെഎം സ്‌കൂളിന്റെ ദത്തുഗ്രാമമായ ഞള്ളമറ്റം വാർഡിലെ ഗ്രാമസഭ നിയന്ത്രിച്ചതു സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിലെ കുട്ടികളായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, വാർഡ് അംഗം റിജോ വാളാന്തറ, പഞ്ചായത്ത് അംഗങ്ങളായ സജിൻ വട്ടപ്പള്ളി. ടോംസ് ആന്റണി, എൻഎസ്എസ് ലീഡർ വിപിൻ റോയി എന്നിവർ പ്രസംഗിച്ചു.