ക്രൂരശിക്ഷാവിധിയുടെ ഓർമയുണർത്തി ‘ചിത്രവധക്കൂട്’ പൊൻകുന്നത്ത് പ്രദർശനത്തിന്

ക്രൂരശിക്ഷാവിധിയുടെ ഓർമയുണർത്തി ‘ചിത്രവധക്കൂട്’  പൊൻകുന്നത്ത്  പ്രദർശനത്തിന്

പൊൻകുന്നം : രാജഭരണകാലത്ത് തിരുവിതാംകൂറിൽ ദേശദ്രോഹികളെയും കൊടും കുറ്റവാളികളെയും ചിത്രവധംചെയ്യാൻ ഉപയോഗിച്ചിരുന്ന ‘ചിത്രവധക്കൂട്’ പൊൻകുന്നത്ത് പ്രദർശിപ്പിച്ചിരിക്കുന്നത്‌ കാണുവാൻ വൻ ജനക്കൂട്ടം. പൊൻകുന്നം മിനി സിവിൽ സ്റ്റേഷന്റെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ചു നടക്കുന്ന സംസ്ഥാനപുരാവസ്തു പുരാശേഖര- മൂസിയം വകുപ്പുകളുടെ പ്രദർശനത്തിലാണ് ‘ചിത്രവധക്കൂട്’ പ്രദർശിപ്പിച്ചിരിക്കുന്നത്‌. നിരവധിപേരുടെ ക്രൂരമായ ശിക്ഷാവിധി നടപ്പിലാക്കപ്പെട്ട ശിക്ഷാമുറയുടെ.യഥാർത്ഥ രൂപം ജനങ്ങൾ ഭയവിഹ്വലതകളോടെയാണ് നോക്കിക്കണ്ടത്.

ആറടിയിൽ ഇരുമ്പിൽ തീർത്ത മനുഷ്യരൂപമുള്ള കൂട്ടിൽ കുറ്റവാളിയെ തടവിലാക്കിയശേഷം പൊതുജനമധ്യത്തിൽ നിർത്തി പട്ടിണിക്കിടുന്ന ശിക്ഷാമുറയാണ് ചിത്രവധം. കുറ്റകൃത്യത്തിന്റെ തോതനുസരിച്ച് കുറ്റവാളിയുടെ അവയവങ്ങൾ മുറിച്ചുമാറ്റാനും കല്ലെറിയാനും കഴുകനും കാക്കയ്ക്കും ഭക്ഷണമാക്കാനും നാടുവാഴിയുടെ ശിക്ഷാവിധിയുണ്ടാവും.

ചിത്രവധക്കൂട് പ്രദർശിപ്പിച്ചിരിക്കുന്നത് പുരാവസ്തുവകുപ്പിന്റെ സ്റ്റാളിലാണ്. അതോടൊപ്പം നൂറ്റാണ്ടുകൾക്കു മുൻപ് ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളും പ്രദർശനത്തിന് വച്ചിട്ടുണ്ട്. ആ അപൂർവ പ്രദർശനം കാണുവാൻ നൂറുകണക്കിന് ജനങ്ങൾ എത്തിയിരുന്നു. പ്രദർശനം ഒൻപതാം തീയതി സമാപിക്കും.

.