മാലിന്യവാഹിനിയായ ചിറ്റാർപുഴയുടെ പുനർജ്ജന്മം പൊതുജനം ഏറ്റെടുത്തു..

മാലിന്യവാഹിനിയായ  ചിറ്റാർപുഴയുടെ പുനർജ്ജന്മം പൊതുജനം ഏറ്റെടുത്തു..

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയെ തണുപ്പിച്ചുകൊണ്ടു പട്ടണമധ്യത്തിലൂടെ ഒഴുകുന്ന ചിറ്റാർപുഴയുടെ ശോചനീയാവസ്ഥ കണ്ടുമനസ്സിലാക്കിയ പൊതുജനം ഒത്തൊരുമിച്ചു ചിറ്റാർപുഴയുടെ പുനർജ്ജന്മം ജനം ഏറ്റെടുത്തു. അതിന്റെ മുന്നോടിയായി നടത്തിയ ” പുഴ നടത്തം ” വമ്പിച്ച ജനപങ്കാളിത്തം മൂലം ശ്രദ്ധേയമായി.

മാലിന്യ നിക്ഷേപം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ചിറ്റാർപുഴയുടെ പഴയ കാല പ്രൗഢിയുടെ സ്മരണകൾ അയവിറക്കി പഴയ തലമുറയും, കേട്ടറിവ് മാത്രമുള്ള പുഴയുടെ പുനർജനിക്കായി പ്രതിജ്ഞയെടുത്ത് പുതുതലമുറയും അണിനിരന്ന പുഴ നടത്തം കാഞ്ഞിരപ്പള്ളിക്ക് പുതിയ അനുഭവമായി. ഗ്രാമപഞ്ചായത്ത്, ഹരിത കേരളം മിഷൻ, പോലീസ്, ആരോഗ്യം തുടങ്ങിയ സർക്കാർ വകുപ്പുകൾ, രാഷ്ട്രീയ-സന്നദ്ധ – യുവജന സംഘടനകൾ, മത സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബശ്രീ തുടങ്ങിയവയുടെ നേതൃത്വത്തിൽ ചിറ്റാർപുഴ സംരക്ഷണത്തിനായി രൂപം കൊണ്ട ചിറ്റാർപുഴ പുനർജനി ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഏറ്റെടുക്കാൻ പോവുന്ന പുഴ ശുചീകരണ – സംരക്ഷണ പ്രവർത്തനങ്ങളുടെ വിളംബരത്തിന്റെ ഭാഗമായാണ് ചിറ്റാറിന്റെ പ്രധാന കൈവഴിയായ കൊടുവന്താനം പൊട്ടത്തോടിന്റെ തീരത്ത് കൂടി പുഴ നടത്തം സംഘടിപ്പിച്ചത്.

നടത്തത്തിന്റെ ഭാഗമായി തോട്ടിലേക്ക് നീട്ടിവെച്ചിരിക്കുന്ന മാലിന്യ കുഴലുകൾ അടക്കമുള്ള മാലിന്യ നിക്ഷേപ സ്രോതസുകൾ കണ്ടെത്തി രേഖപ്പെടുത്തി. ഇവ നീക്കം ചെയ്തില്ലെങ്കിൽ ആരോഗ്യം, പോലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ കർശന നിയമ നടപടികൾ സ്വീകരിക്കും. പുഴയുടെ ഓരത്തുള്ള വീടുകളിലും, കച്ചവട സ്ഥാപനങ്ങളിലും വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തു.

കൊടുവന്താനം പള്ളി ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ പുഴ നടത്തം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ വിദ്യാരാജേഷ്, മേഴ്സി മാത്യു, കുഞ്ഞുമോൾ ജോസ്, ചിറ്റാർ പുഴ സംരക്ഷണ സമിതി ചെയർമാൻ സ്കറിയ ഞാവള്ളി, കൊടുവന്താനം പള്ളി പ്രസിഡണ്ട് നസീർ കരിപ്പായിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഇട്ടിയംപാറ, ഇടപ്പള്ളി എന്നിവിടങ്ങളിലും കൂട്ടായ്മ നടത്തി പേട്ട കവലയിൽ പുഴ നടത്തം സമാപിച്ചു.

തുടർന്ന് നടന്ന ജനകീയ സംഗമം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ്, നൈനാർ പള്ളി ചീഫ് ഇമാം അബ്ദുൾ സലാം മൗലവി, ഏകെജെഎം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഫാ.സാൽവിൻ അഗസ്റ്റിൻ, സെൻട്രൽ ജമാ അത്ത് പ്രസിഡണ്ട് ഹാജി.പി.എം.അബ്ദുൾ സലാം, കാഞ്ഞിരപ്പള്ളി എസ് ഐ എ.എസ്.അൻസിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ, മൈക്കാ സ്കൂൾ ഡയറക്ടർ അബ്ദുൽ റസാഖ്, റിയാസ് കാൾടെക്സ്,എന്നിവർ പ്രസംഗിച്ചു.യോഗങ്ങളിൽ ചിറ്റാർപുഴ സംരക്ഷണ സമിതി ജനറൽ കൺവീനറും, പഞ്ചായത്തംഗവുമായ എം.എ.റിബിൻ ഷാ അദ്ധ്യക്ഷനായി.

വിവിധ സംഘടനകളും, ഐഎച്ച്ആർഡി കോളജ്,ഏകെജെ എം, മൈക്കാ സ്കൂൾ എന്നിവിടങ്ങളിലെ നാഷനൽ സർവീസ് സ്കീം, റെഡ്ക്രോസ് അംഗങ്ങളും പങ്കാളികളായ പുഴ നടത്തത്തിന് ഹരിത കേരളാ മിഷൻ പ്രതിനിധികളായ അൻഷാദ് ഇസ്മയിൽ, വിപിൻ രാജു, അനുപമ, അമ്മു മാത്യു വിവിധ സംഘടനാ നേതാക്കളായ ഷമീം അഹമ്മദ്, ഹാജി എം.എ.ഹസൻകുഞ്ഞ്,കെ.എസ്.സനോജ്, നാസർ ചുന്തിരംപറമ്പിൽ, പി പി അഹമ്മദ് ഖാൻ, എം.എ. സിദ്ധിഖ്, പി.കെ.നസീർ, ടി.കെ.ജയൻ,ജോർജ് കോര, ബിജു കരോട്ട് മഠത്തിൽ, സമീൽ ഹസൻ,ബോബി ആന്റണി, മാധ്യമ പ്രതിനിധികളായ ഇഖ്ബാൽ ഇല്ലത്തുപറമ്പിൽ, മീഡിയാ സെന്റർ സെക്രട്ടറി രതീഷ് മറ്റത്തിൽ, അർച്ചന എന്നിവർ നേതൃത്വം നൽകി