പ്‌ളാസ്റ്റിക് വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി

പ്‌ളാസ്റ്റിക് വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന്  തുടക്കമായി

കാഞ്ഞിരപ്പള്ളി: പ്ലാസ്റ്റിക് മാലിന്യ രഹിത കാഞ്ഞിരപ്പള്ളി എന്ന ലക്ഷ്യവുമായി ചിറ്റാർപുഴ പുനർജനി മിഷന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനിയറിംഗ് കോളജ് നാഷനൽ സർവീസ് സ്കീം യൂണിറ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച ബോധവൽക്കരണ ക്യാമ്പയിന് എട്ടാം വാർഡിൽ തുടക്കമായി.

ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഒഴിവാക്കി തുണി സഞ്ചി ഉൾപ്പെടെയുള്ള പ്രകൃതി സൗഹാർദ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ആളുകളെ ബോധവൽക്കരിക്കുകയും, ഒരു വീട്ടിൽ ഒരു തുണി സഞ്ചി വീതം നൽകിയുമാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.നൈനാർ പള്ളി ജംഗ്ഷനിലെ ആസർ ഫൗണ്ടേഷൻ ഹാളിൽ ചേർന്ന സെമിനാറോട് കൂടിയാണ് ക്യാമ്പയിന് തുടക്കമായത്.പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല നസീർ, സെൻട്രൽ ജമാ അത്ത് ട്രഷറർ ഷംസുദ്ദീൻ തോട്ടത്തിലിന് തുണി സഞ്ചി നൽകി ഉദ്ഘാടനം ചെയ്തു.

ചിറ്റാർപുഴ പുനർജനി മിഷൻ ചെയർമാൻ സ്കറിയാ .ഞാവള്ളി അദ്ധ്യക്ഷനായി.പഞ്ചായത്തംഗവും,ചിറ്റാർപുഴ പുനർജനി മിഷൻ ജനറൽ കൺവീനറുമായ എം.എ.റിബിൻ ഷാ ആമുഖ പ്രസംഗം നടത്തി.ആസർ ഫൗണ്ടേഷൻ ചെയർമാൻ മുജീബ് റഹ്മാൻ, ഉന്നത് ഭാരത് അഭിയാൻ സെൽ ഡയറക്ടർ ഡോ: ഡേവിഡ് കെ ഡാനിയേൽ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജോ. സെക്രട്ടറി നജീബ് ഇസ്മായിൽ,എൻഎസ് എസ് പോഗ്രാം ഓഫീസർ തോമസുകുട്ടി ജോസ്, ഹരിത കേരളം മിഷൻ പ്രതിനിധി വിപിൻ രാജു എന്നിവർ പ്രസംഗിച്ചു.തുടർന്ന് എട്ടാം വാർഡിലെ മുന്നൂറോളം വീടുകളിൽ സന്നദ്ധ പ്രവർത്തകരെത്തി തുണിസഞ്ചിയും, നോട്ടീസും നൽകി ബോധവൽക്കരണം നൽകി. ചിറ്റാർപുഴ പുനർജനി മിഷൻ ഭാരവാഹികളായ റിയാസ് കാൾടെക്സ്, ജോർജ് കോര, ഷൈൻ മടുക്കക്കുഴി, നസീർ ഖാൻ, നൈസാം, അൻസാരി ആയപ്പുര, അൻഷാദ് ഇസ്മായിൽ, സുരേഷ് ബാബു, ഷാബിൻ അഷറഫ്, അലൻ കെ.ജോർജ്, അമൽജ്യോതി കോളജ് നാഷനൽ സർവീസ് സ്കീം ഭാരവാഹികളായ ഗ്രീരാഗ് വി, ലിറ്റി ജോസഫ്, ലിനു ടെസ്റ്റ് ആന്റെണി, ഏബിൾ ഐസക്, അമിത, അഞ്ചു, ശ്രീഹരി എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകി.