ചിറ്റാർ പുഴയിൽ ശുചിമുറി മാലിന്യം തള്ളി

കാഞ്ഞിരപ്പള്ളി∙ : കാഞ്ഞിരപ്പള്ളിയുടെ പ്രധാന ജല സ്രോതസ്സായ ചിറ്റാർ പുഴയിലേക്ക് ശുചിമുറി മാലിന്യവും തള്ളിയ നിലയിൽ കണ്ടെത്തി . കഴിഞ്ഞ ദിവസം രാത്രിയാണ് കുരിശുകവലയിൽ മണിമല റോഡിനോട് ചേർന്നുള്ള പുഴയിലേക്കു മാലിന്യം ഒഴുക്കിയത്. ഒഴുക്കു മുറിഞ്ഞ പുഴയിലേക്കു തള്ളിയ മാലിന്യവും മലിനജലവും വെള്ളത്തിൽ കെട്ടിക്കിടക്കുകയാണ്. പ്രദേശത്താകെ അസഹ്യമായ ദുർഗന്ധവും വമിക്കുന്നു.

പുഴയ്ക്ക് അക്കരെ ഹൗസിങ് കോളനിയും ടൗൺ ഹാളും ഇക്കരെ മണിമല റോഡിൽ ഇതര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നതിന്റെ സമീപത്തായാണ് മാലിന്യം ഒഴുക്കിയത്. കുരിശു കവലയിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ മാലിന്യം തള്ളിയവരെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ടൗണിൽ പഞ്ചായത്തിന്റെ മാലിന്യശേഖരണം നിലച്ചതോടെ നഗര മാലിന്യങ്ങൾ മുഴുവൻ വന്നെത്തുന്നത് ചിറ്റാർ പുഴയിലാണ്.

വേനലിൽ അഴുക്കുചാലായി മാറുന്ന ചിറ്റാർ പുഴയിൽ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യവും തള്ളിയതോടെ പുഴയുടെ നില അതീവ ശോച്യാവസ്ഥയിലായി. ഒട്ടേറെ കുടിവെള്ള സ്രോതസുകളും പുഴയിലും സമീപങ്ങളിലുമായുണ്ട്. മറ്റ് ആവശ്യങ്ങൾക്കും ഒട്ടേറെ പേരാണ് പുഴയിലെ വെള്ളം ഉപയോഗിക്കുന്നത്.

വിവിധ സ്ഥാപനങ്ങളിൽനിന്നും വീടുകളിൽ നിന്നുമായി ശുചിമുറി മാലിന്യം ശേഖരിച്ചു കൊണ്ടുപോകുന്ന സംഘങ്ങൾക്ക് ഇവ സംസ്കരിക്കാനുള്ള സംവിധാനമുണ്ടോ എന്ന് അധികൃതർ പരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്. സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മലിനജലം ശേഖരിച്ചു കൊണ്ടുപോയി സംസ്കരിക്കാം എന്നുപറഞ്ഞ് പണം വാങ്ങിയാണ് ഇത്തരം സംഘങ്ങൾ മാലിന്യങ്ങൾ ശേഖരിക്കുന്നത്.

ടാങ്കർ ലോറികളിൽ കയറ്റി കൊണ്ടുപോകുന്ന ഇവ രാത്രി സമയങ്ങളിൽ ആളൊഴിഞ്ഞ പറമ്പുകളിലും പുഴകളിലുമായി തള്ളിയ ശേഷം കടന്നു കളയാറാണ് പതിവ്. മുമ്പ് കാഞ്ഞിരപ്പള്ളി മേഖലയിലെ വിവിധ റബർ തോട്ടങ്ങളിലും ചെറിയ തോടുകളിലും ഇത്തരം മാലിന്യ നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മഴക്കാലത്ത് ഒഴുക്കുള്ള പുഴകളിൽ മലിന ജലം തള്ളിയാൽ പിറ്റേന്നാകുമ്പോഴേക്കും ഇവ ഒഴുകിപ്പോകും.

എന്നാൽ വേനലിൽ ഒഴുക്കില്ലാത്ത പുഴകളിലും തോടുകളിലും ഇവ കെട്ടിക്കിടക്കുന്നതോടെയാണ് ഇവിടെ മാലിന്യം തള്ളിയതായി പുറംലോകം അറിയുന്നത്. മാലിന്യങ്ങൾ ശേഖരിക്കുന്നവരുടെ പ്രവർത്തനങ്ങൾ പരിശോധിച്ചും, നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചും, രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കിയും ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടണമെന്ന ആവശ്യം ശക്തമായി.