മഴക്കാലപൂർവ്വ ശുചീകരണം: കാഞ്ഞിരപ്പള്ളിയിൽ ഓട വൃത്തിയാക്കൽ തുടങ്ങി

മഴക്കാലപൂർവ്വ ശുചീകരണം:  കാഞ്ഞിരപ്പള്ളിയിൽ ഓട വൃത്തിയാക്കൽ തുടങ്ങി


കാഞ്ഞിരപ്പള്ളി: മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്‍റെ ഭാഗമായി ചിറ്റാർ പുഴയിലേക്കും, കൈതോടുകളിലേക്കും, ഓടകളിലേക്കും വെച്ചിരിക്കുന്ന മാലിന്യ കുഴലുകള്‍ പഞ്ചായത്ത് – ആരോഗ്യം -ഹരിത കേരളം മിഷൻ നേതൃത്വത്തിൽ നീക്കം ചെയ്യുവാനാരംഭിച്ചു. പഞ്ചായത്ത് കമ്മറ്റി തീരുമാന പ്രകാരമാണ് പ്രത്യേക സ്ക്വാഡ് മെയ് 11 മുതല്‍ പരിശോധന നടത്തി കണ്ടെത്തിയ മാലിന്യ കുഴലുകള്‍ കോണ്‍ക്രീറ്റ് മിക്സ് ഉപയോഗിച്ച് അടക്കുന്ന പ്രവൃത്തിയാണ് നടന്ന് വരുന്നത് .

മാലിന്യ കുഴലുകള്‍ വെച്ചിരിക്കുന്ന കടകള്‍ക്കും,വീടുകള്‍ക്കും കുഴലുകൾ വീണ്ടും തുറന്നാൽ കർശന നടപടികള്‍ സ്വീകരിക്കുമെന്ന താക്കീതും നല്‍കുന്നുണ്ട്. ചിറ്റാര്‍ പുഴയുടെ കൈതോടായ പൊട്ടത്തോട്ടിലേക്കും, ചിറ്റാർപുഴയിലേക്ക് മാലിന്യം നിക്ഷേപിച്ചിരുന്ന കാളകെട്ടി ,കപ്പാട് ,മഞ്ഞപ്പള്ളി,ആനക്കല്ല് ,ആനിത്തോട്ടം മേഖലകളിലെ മാലിന്യ കുഴലുകളും നീക്കം ചെയ്‌യും. ടൗണിൽ ദേശീയപാതയിലെ ഓടകൾ മൂടിയത് മണ്ണെടുത്ത് മാറ്റുകയും, ഓടയിലേക്ക് നീട്ടിവെച്ചിരിക്കുന്ന മാലിന്യക്കുഴലുകൾ അടച്ച് വരികയുമാണ്.

ഓടയിൽ ഒഴുക്കിന് തടസമായി സ്വകാര്യ വ്യക്തി അനധികൃതമായി വലിച്ചിരുന്ന പൈപ്പ് ലൈനുകളും നീക്കം ചെയ്തു.കഴിഞ്ഞ വര്‍ഷം മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ച വ്യാധികള്‍ പിടി പെട്ടത് ടൗണിൽ പൊട്ടത്തോടിന്‍റെ പരിസരങ്ങളിലായതിനാലും നിലവില്‍ 13 ,20 വാര്‍ഡുകളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനാലും എത്രയും പെട്ടെന്ന് തന്നെ പഞ്ചായത്തിലെ എല്ലാ നീര്‍ച്ചാലുകളിലേക്കും വെച്ചിരിക്കുന്ന മാലിന്യ കുഴലുകള്‍ നീക്കം ചെയ്യുവാനുള്ള നടപടികളാണ് കൈക്കൊണ്ട് വരുന്നത്. ഇതുവരെ നൂറ്റമ്പതില്‍ പരം മാലിന്യകുഴലുകളാണ് നീക്കം ചെയ്തിട്ടുള്ളത്.