പോലീസും ജനങ്ങളും തമ്മിൽ വാക്ക് തർക്കം, സംഘര്‍ഷാവസ്ഥ, മുണ്ടക്കയം ടൌണ്‍ മണിക്കൂറുകളോളം സ്തംഭിച്ചു

പോലീസും ജനങ്ങളും തമ്മിൽ വാക്ക് തർക്കം, സംഘര്‍ഷാവസ്ഥ, മുണ്ടക്കയം ടൌണ്‍ മണിക്കൂറുകളോളം സ്തംഭിച്ചു

മുണ്ടക്കയം: ഹൈവേ പോലീസു കൈ കാണിച്ചിട്ട് നിർത്താതെ പോയ കാറിനെ പിന്തുടർന്ന പോലീസ് മൂന്നംഗ പോലീസ് സംഘം മുണ്ടക്കയം നഗരമധ്യത്തില്‍ കാര്‍ ഡ്രൈവറെ പിടികൂടി ക്രൂരമായി മര്‍ദിച്ചതായി പരാതി.

കോട്ടയം കുടയംപടി ശ്രീനവമിയില്‍ നിതിന്‍(19) ആണ് മര്‍ദനമേറ്റത്. പോലീസ് ജീപ്പില്‍ കയറ്റിയ നിതിനെ നാട്ടുകാര്‍ മോചിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയപാതയില്‍ നിലയുറപ്പിച്ചതോടെ ടൗണില്‍ മൂന്നുമണിക്കൂറോളം സംഘര്‍ഷാവസ്ഥയും ഗതാഗതതടസ്സവും ഉണ്ടായി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് മുമ്പിലാണ് സംഭവം.

2-web-mundakayam-issueഇടുക്കി ജില്ലാതിര്‍ത്തിയിലെ ചുഴുപ്പില്‍ ടൂറിസ്റ്റ് ബസ്സില്‍ ഉരസിയ കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ പെരുവന്താനം സ്റ്റേഷനിലെ പോലീസുകാരാണ് മുണ്ടക്കയം ടൗണില്‍ വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചതായി നാട്ടുകാർ ആരോപിക്കുന്നത് . ടൗണിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ കാറിനൊപ്പം എത്തിയ പോലീസ് വാഹനത്തിനുള്ളില്‍ വെച്ചും കാറില്‍ നിന്ന് വലിച്ചിറക്കിയും യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി . സിവില്‍ ഡ്രസ്സില്‍ എത്തിയ പോലീസുകാര്‍ യുവാവിനെ മര്‍ദിക്കുന്നത് കണ്ട് നാട്ടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു.

പോലീസിനെ വളഞ്ഞുവെച്ച ജനക്കൂട്ടം ഡ്രൈവറെ മോചിപ്പിച്ചശേഷം ആസ്​പത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞെത്തിയ മുണ്ടക്കയം പോലീസ് ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് പെരുവന്താനം സ്റ്റേഷനിലെ പോലീസുകാരെ സ്ഥലത്തുനിന്ന് മാറ്റി.

എന്നാല്‍ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും യുവാവിനെ മര്‍ദിച്ച പോലീസുകാരെ സ്ഥലത്ത് തിരികെ എത്തിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ നഗരമധ്യത്തില്‍ നിലയുറപ്പിച്ചതോടെ സംഘര്‍ഷാവസ്ഥ സംജാതമായി.

യുവാവിന്റെ കാര്‍ നഗരമധ്യത്തില്‍ നിന്ന് മാറ്റാന്‍ അനുവദിക്കാഞ്ഞതോടെ മണിക്കൂറുകള്‍ നഗരം ഗതാഗതക്കുരുക്കിലായി. മര്‍ദനമേറ്റ നിതിന്റെ മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പെരുവന്താനം പോലീസ് കൈവശപ്പെടുത്തിയതായും നാട്ടുകാര്‍ ആരോപിച്ചു.

കാഞ്ഞിരപ്പള്ളി ഡി വൈ എസ പി നേരിട്ട് വന്നു പ്രശ്ന പരിഹാരം ഉണ്ടാക്കണം എന്ന് ജനങ്ങൾ വാശി പിടിച്ചതോടെ വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചു

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. വി.യു.കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ഷിന്റോ പി.കുര്യന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ്, കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും സംഭവത്തില്‍ അന്വേഷണം നടത്തി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഉറപ്പ് നല്‍കിയതോടെ രാത്രി എട്ടുമണിയോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്. ടൗണിന് നടുവില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ നാട്ടുകാര്‍ വഴിയരികിലേക്ക് എടുത്തുമാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

3-web-mundakayam-isseu

1-web-mundakayam-sangharsham