കാഞ്ഞിരപ്പള്ളിയിൽ മഴക്കാലപൂർവ ശുചീകരണത്തിന് തുടക്കമായി

കാഞ്ഞിരപ്പള്ളിയിൽ മഴക്കാലപൂർവ ശുചീകരണത്തിന് തുടക്കമായി

കാഞ്ഞിരപ്പള്ളി: നഗരത്തിന്റെ ജീവനാഡിയായ ചിറ്റാർ‍ പുഴയ്ക്ക് ശാപമോക്ഷത്തിനായി നാടൊരുമിച്ചു. മാലിന്യവും, മണ്ണുമടിഞ്ഞ ചിറ്റാർപുഴയുടെ വീണ്ടെടുപ്പിനായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തും, ഹരിതകേരളം മിഷനും, വിവിധ സർ‍ക്കാർ‍ വകുപ്പുകൾ, രാഷ്ര്ടീയ, സന്നദ്ധ സംഘടനകൾ എന്നിവർ ചേർന്ന് രൂപം നല്‍കിയ ചിറ്റാർ പുനർ‍ജനി മിഷന്റെ നേതൃത്വത്തിലാണ് സംസ്ഥാന സർ‍ക്കാരിന്റെ ആഹ്വാന പ്രകാരം മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ചിറ്റാർ പുഴ ശുചീകരണ സംരക്ഷണ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചത്

പേട്ടകവല ഭാഗവും, അക്കരപ്പള്ളിക്ക് സമീപ ഭാഗവും ശുചീകരിച്ചു കൊണ്ടാണ് ചിറ്റാർ‍ പുനർ‍ജനി പ്രവർ‍ത്തനങ്ങൾ‍ക്ക് തുടക്കമായത്. അക്കരപ്പള്ളിക്ക് സമീപം പഴയ കുളിക്കടവിലേക്കുണ്ടായിരുന്ന റോഡ് കെട്ടിയടച്ച് മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്നത് മാലിന്യങ്ങൾ നീക്കി വൃത്തിയാക്കി. ദിവസങ്ങൾ‍ നീണ്ട് നില്‍ക്കുന്ന ശുചീകരണ യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീര്‍ ഉദ്ഘാടനം ചെയ്തു. ചിറ്റാൾ‍ പുനൾ‍ജനി ജനറല്‍ കണ്‍വീനറും, എട്ടാം വാൾ‍ഡംഗവുമായ എം. എ. റിബിൻ‍ ഷാ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, വൈസ് പ്രസിഡന്റ് പി. എ. ഷമീൻ‍, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, മുൻ‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി.ഇസ്മായിൽ‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ‍മാരായ റോസമ്മ വെട്ടിത്താനം, വിദ്യാ രാജേഷ്, കുഞ്ഞുമോൾ‍ ജോസ്, പഞ്ചായത്തംഗങ്ങളായ സജിൻ‍ വട്ടപ്പള്ളി, ജോഷി അഞ്ചനാടൻ‍, ബീനാ ജോബി, മേഴ്‌സി മാത്യു, ഷീലാ തോമസ്, മുബീനാ നൂർമുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബെന്നി കുട്ടൻ‍ചിറ, വിവിധ രാഷ്ര്ടീയ കക്ഷി പ്രതിനിധികളായ പി. കെ. നസീർ‍, അപ്പച്ചൻ‍ വെട്ടിത്താനം, ടി. കെ. ജയൻ‍, സിബി തൂമ്പുങ്കൽ‍, ജൂനിയർ‍ ഹെൽ‍ത്ത് ഇൻ‍സ്‌പെക്ടർ സന്തോഷ് കുമാർ‍, ഹരിത കേരളം മിഷൻ‍ പ്രതിനിധികളായ അന്‍ഷാദ് ഇസ്മായില്‍, വിപിൻ‍ രാജു, ഹരിത സഹായ സ്ഥാപനം പ്രതിനിധി ജിബിൻ‍, കുടുംബശ്രീ സി. ഡി. എസ്. ചെയർ‍പേഴ്‌സൺ‍ കെ.എന്‍. സരസമ്മ എന്നിവർ‍ പ്രസംഗിച്ചു.

സ്ത്രീകളടക്കമുള്ള ഇരുനൂറ്റിയൻ‍പതോളം സന്നദ്ധ പ്രവർത്തകർ‍ ശുചീകരണ യഞ്ജത്തിൽ‍ പങ്കെടുത്തു. രണ്ട് ഹിറ്റാച്ചി എസ്കവേറ്റർ ഉള്‍പ്പെടെയുള്ള യന്ത്രങ്ങളുടെ സഹായത്തോടെയാണ് ശുചീകരണം. വരും ദിവസങ്ങളിൽ‍ ചിറ്റാർ‍പുഴയുടെ മറ്റ് ഭാഗങ്ങളും വൃത്തിയാക്കും. പുഴയോരത്ത് ഇല്ലി ഉൾ‍പ്പെടെയുള്ള മരങ്ങളും, ചെടികളും നട്ട് മനോഹരമാക്കും. പുഴയിലും, കൈത്തോടുകളിലും, പൊതു സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കർ‍ശന നിയമ നടപടികൾ‍ സ്വീകരിക്കും. മാലിന്യങ്ങൾ കത്തിക്കുന്നവരെയും, വലിച്ചെറിയുന്നവരെയും പിടികൂടാൻ നിരീക്ഷണ ക്യാമറകളുടെ തകരാർ‍ പരിഹരിച്ച് പ്രവർ‍ത്തനക്ഷമമാക്കുമെന്നും, നിരീക്ഷണ സംഘങ്ങളെ സജ്ജമാക്കുമെന്നും പഞ്ചായത്ത് അധികൃതർ‍ അറിയിച്ചു