സഹകരണ ബാങ്ക് നിക്ഷേപ പലിശ ഉയര്‍ത്തി

സഹകരണ ബാങ്കുകളില്‍ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കാല്‍ശതമാനം ഉയര്‍ത്തി. ബുധനാഴ്ച തുടങ്ങുന്ന നിക്ഷേപസമാഹരണം മുന്‍നിര്‍ത്തിയാണിത്. ഫെബ്രുവരി ഒമ്പതിന് നിക്ഷേപസമാഹരണം അവസാനിക്കും.

അതുവരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്നപലിശ ലഭിക്കും. പ്രാഥമിക സഹകരണ സംഘങ്ങള്‍, ജില്ലാ- സംസ്ഥാന സഹകരണ ബാങ്കുകള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്.

നിലവിലെ പലിശനിരക്കില്‍ ഡിസംബര്‍ 16 മുതല്‍ വരുത്തിയ കുറവാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചത്. പലിശനിരക്ക് ആകര്‍ഷകമല്ലാത്തത് നിക്ഷേപസമാഹരണത്തെ ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് നടപടി.

15 മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശയില്‍ വര്‍ധനയില്ല. മറ്റെല്ലാ സ്ഥിരനിക്ഷേപങ്ങള്‍ക്കും പലിശകൂടും. സംസ്ഥാന സഹകരണ ബാങ്ക് സ്വീകരിക്കുന്ന വ്യക്തിഗത നിക്ഷേപങ്ങള്‍ക്കും കാല്‍ശതമാനം പലിശ അധികം കിട്ടും. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് അരശതമാനം പലിശ കൂടുതല്‍ ലഭിക്കും.