പണിമുടക്ക് ദിവസവും കളക്ടർ കർമ്മനിരതൻ.. കളക്ടർ പി കെ സുധീർ ബാബു എരുമേലി സന്ദർശിച്ചു

പണിമുടക്ക് ദിവസവും  കളക്ടർ കർമ്മനിരതൻ.. കളക്ടർ പി കെ സുധീർ ബാബു എരുമേലി സന്ദർശിച്ചു

പണിമുടക്ക് ദിവസവും കളക്ടർ കർമ്മനിരതൻ..കളക്ടർ പി കെ സുധീർ ബാബു എരുമേലിയും ശബരിമല പാതകളും സന്ദർശിച്ചു

എരുമേലി : ദേശീയ പണിമുടക്ക് ദിവസം കോട്ടയം ജില്ലാ കളക്ടർ പി കെ സുധീർ ബാബു എരുമേലിയും ശബരിമല പരമ്പരാഗത വന പാതകളും വനത്തിലെ ഇടത്താവളങ്ങളും സന്ദർശിച്ചു. രാവിലെ കളക്ട്രേറ്റിൽ അത്യാവശ്യ ജോലികൾ തീർത്തയുടനെ കളക്ടർ പി കെ സുധീർ ബാബു എത്തിയത് എരുമേലിയിലേക്ക്.

ടൗണിൽ സന്ദർശനം നടത്തിയ ശേഷം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് അടുത്തുള്ള റവന്യൂ കൺട്രോൾ റൂമിൽ എത്തിയ കളക്ടർ റവന്യൂ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി. മലിനീകരണവും പകൽ ചൂട് മൂലം നേരിട്ടുകൊണ്ടിരിക്കുന്ന ജലക്ഷാമവുമായിരുന്നു ചർച്ചാ വിഷയങ്ങൾ. കുടിവെള്ള വിതരണം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. പേട്ടതുള്ളലിന് ശേഷം നൂറുകണക്കിന് അയ്യപ്പ ഭക്തർ കുളിക്കുന്ന വലിയമ്പല കുളിക്കടവ് മലിനമാകാതെ ജലവിതാനം നിലനിർത്തണമെന്ന് അദ്ദേഹം നിർദേശം നൽകി. ഇതിനായി മണിമലയാറ്റിൽ നിന്നും വെള്ളം എരുമേലി വലിയ തോട്ടിലെ കുളിക്കടവിലെത്തിക്കാനും കുളിക്കടവിലെ തടയണ തുറന്നുവിട്ട് മാലിന്യം ഒഴുക്കിവിടാനും നിർദേശിച്ചു.

11 ന് നടക്കുന്ന ചന്ദനക്കുടഘോഷത്തിനും പിറ്റേന്ന് നടത്തുന്ന പേട്ടതുള്ളലിനും സുരക്ഷാ ക്രമീകരണങ്ങൾ കളക്ടർ വിലയിരുത്തി. ആലങ്ങാട് സംഘത്തിന് പ്രത്യേകമായി തിരിച്ചറിയൽ കാർഡ് നൽകുമെന്നും ഒപ്പം വീഡിയോ ചിത്രീകരണമുണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു .

എരുമേലി പുണ്യം പൂങ്കാവനം ഓഫിസും അദ്ദേഹം സന്ദർശിച്ചു, അയ്യപ്പ ഭക്തൻമാർ കൊണ്ട് വരുന്ന പ്ലാസ്റ്റിക്കിനു പകരം തുണിസഞ്ചികൾ നൽകുന്നതിനെ പറ്റി ചർച്ച നടത്തുകയും പുണ്യം പൂങ്കാവനം പ്രവർത്തകരുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുന്നതിന് കാഞ്ഞിരപ്പള്ളി തഹസിൽദാർക്ക് നിർദേശം നൽകുകയും ചെയ്തു. എരുമേലി മാലിന്യ വിമുക്തത എന്ന ലക്ഷ്യത്തിലേക്ക് ഒരുപാട് മുന്നേറ്റം നടത്തിയതായും വിലയിരുത്തി. പ്ലാസ്റ്റിക് വിമുക്തമായ ഒരു തീർത്ഥാടന സംസ്കാരം നടപ്പിലാക്കുന്നതിന് എല്ലാ വിധ പിന്തുണയും അറിയിച്ചു..

തുടർന്ന് എരുമേലി ടി ബി യിൽ ഉച്ചഭക്ഷണത്തിന് ശേഷം ശബരിമല പാതകൾ സന്ദർശിച്ച കളക്ടർ കണമല, കാളകെട്ടി, അഴുത, ഇടത്താവളങ്ങളും കാനന പാതയിലെ മുക്കുഴിയും സന്ദർശിച്ച ശേഷം വൈകുന്നേരത്തോടെ ജില്ലാ ആസ്ഥാനത്തേക്ക് മടങ്ങി . കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ അയ്യപ്പ ഭക്തൻ മരണപ്പെട്ടതിനെ തുടർന്ന് കാനനപാതയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കളക്ടർ വിലയിരുത്തി. മൃഗങ്ങൾ ഇറങ്ങുന്നത് മുൻനിർത്തി രാത്രിയിൽ ഭക്തരെ കടത്തിവിടുന്നില്ലന്നും പകരം ഇടത്താവളങ്ങളിൽ മതിയായ വിശ്രമ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ കളക്ടറെ അറിയിച്ചു.