മനസ്സ് നിറയെ സ്വപ്നങ്ങളുമായി കോളേജ് വിദ്യാർത്ഥിയായ ജിബിൻ ജീവിതത്തോട് ഒറ്റയ്ക്ക് പൊരുതുന്നു ….ആരോടും പരിഭവമില്ലാതെ ..

മനസ്സ് നിറയെ സ്വപ്നങ്ങളുമായി കോളേജ് വിദ്യാർത്ഥിയായ  ജിബിൻ ജീവിതത്തോട് ഒറ്റയ്ക്ക് പൊരുതുന്നു ….ആരോടും പരിഭവമില്ലാതെ ..

പൊന്‍കുന്നം: ജിബിൻ ജീവിതത്തിൽ പല വേഷങ്ങൾ കേട്ടിയാടുകയാണ് ..

വാഴൂര്‍ എന്‍.എസ്.എസ്. കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായി പകല്‍, വൈകീട്ട് നാലര മുതല്‍ പൊന്‍കുന്നം മോര്‍ ഔട്ട്‌ലെറ്റില്‍ ആള്‍ക്കാര്‍ക്ക് സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ നില്‍ക്കുന്നവന്‍. രാത്രി 10മണിയോടെ വീട്ടിലെത്തിയാല്‍ ‘വല്ലോം കഴിച്ചിട്ട്’ പഠിത്തം. രാത്രി പന്ത്രണ്ടുമണിവരെ.

‘എല്ലാം കുടുംബത്തിന്റെ കഷ്ടപ്പാട് മാറ്റാനെന്ന്’ ജിബിന്‍.

പാട്ടുപാറ വായുമറ്റത്തില്‍ ജിബിനെ പെട്ടെന്നാരും അറിഞ്ഞെന്നുവരില്ല. പക്ഷേ, ‘മോറി’ല്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ അവന്റെ ചുറുചുറുക്കും ഓടിനടന്ന് കസ്റ്റമറെ സഹായിക്കാനുള്ള മനസ്സും ഉറപ്പായും കാണും.

അച്ഛന്‍ ബാബു മാത്യുവിന് പാഴ്‌സല്‍ സര്‍വീസിലാണ് ജോലി. അഞ്ചു സെന്റ് സ്ഥലത്ത് അമ്മയുടെയും അച്ഛന്റെയും കഷ്ടപ്പാട് കണ്ടറിഞ്ഞ് ഈ വിദ്യാര്‍ഥി പഠിത്തത്തോടൊപ്പം മോറിലെ ജോലിയും പ്രശ്‌നങ്ങളില്ലാതെ കൊണ്ടുപോകുന്നു. മാസാമാസം 3500-4000 രൂപ വരെ വീട്ടുചെലവിനും പഠിത്തത്തിനുമായി ജോലിചെയ്തുനേടുന്നു.

‘മുമ്പ് ഒരു ഇലക്ട്രിക്കല്‍ കടയില്‍ പണിക്കുപോയി. പിന്നെ ഒരു പെട്രോള്‍പമ്പിലും ദിവസക്കൂലിക്ക് പോകാന്‍ ശ്രമിച്ചു. പക്ഷേ, അത് രാത്രി മുഴുവന്‍സമയം വേണമെന്നു പറഞ്ഞപ്പോള്‍ പറ്റാതായി. പഠിക്കാനും അല്പമെങ്കിലും ഉറങ്ങാനും പറ്റാതെവരും. ഇവിടെ നാലരയ്ക്ക് കയറിയാല്‍ ഒമ്പതരയോടെ വീട്ടില്‍ പോകാം’- ജിബിന്‍ പറയുന്നു.

രാത്രി 10.30 മുതല്‍ 12.30 വരെയെങ്കിലും പഠിത്തത്തിന് സമയം കണ്ടെത്തുന്ന ഈ ചെറുപ്പക്കാരന്‍ വെളുപ്പിന് നാലിനു മുമ്പ് ഉണരും. 4.45ഓടെ പൊന്‍കുന്നത്തുള്ള ജിമ്മില്‍ പോകും. ആറുമണിയോടെ തിരികെയെത്തും. എട്ടരയോടെ കോളേജിലേക്ക്. ബാങ്ക് കോച്ചിങ് ക്ലാസ്സിന് പോകണമെന്നും അതുവഴി ഏതെങ്കിലും ബാങ്കുകളില്‍ ജോലി നേടണമെന്നും ആഗ്രഹിക്കുന്ന ജിബിന്റെ സ്വപ്‌നങ്ങളില്‍ സി.എ. പരീക്ഷകൂടി എഴുതണമെന്നുണ്ട്. ‘ബാങ്കില്‍ എന്തെങ്കിലും പണി കിട്ടിയാല്‍ സി.എ. പരീക്ഷ എഴുതുന്നതിന് കുറച്ചുകൂടി എളുപ്പമാവും’- ജിബിന്‍ കരുതുന്നു

jibin-ponkunnam-more-web-2

jibin-more-ponkunnam-web