കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ പരീക്ഷണശാലയായി രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ മാറ്റരുത്: ജോസഫ് വാഴയ്ക്കൻ.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ പരീക്ഷണശാലയായി രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ മാറ്റരുത്: ജോസഫ് വാഴയ്ക്കൻ.


പാറത്തോട്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് മുമ്പ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും മത ന്യൂനപക്ഷങ്ങളുടെയും ആശങ്കകൾ പരിഹരിക്കണമെന്ന് കെ പി സി സി വൈസ് പ്രസിഡൻറ് ജോസഫ് വാഴക്കൻ എക്സ് എം എൽ എ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ നടപ്പിലാക്കിവരുന്ന തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ പരീക്ഷണശാലകളാക്കി രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ദേശീയ വിദ്യാഭ്യാസ നയം 2020 : സാധ്യതകളും വെല്ലുവിളികളും” എന്ന വിഷയത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസഫ് വാഴയ്ക്കൻ. പ്രൊഫ റോണി കെ. ബേബി മോഡറേറ്ററായ വെബിനാറിൽ അമേരിക്കയിലെ ഫിച്ച്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ. രാജീവ് ഇന്ദിരംഗരാജു, ഹൈദ്രബാദ് കേന്ദ്ര സർവ്വകലാശാലയിലെ ഡോ. വി ശ്രീനിവാസ റാവു, കേരള സർവ്വകലാശാലയുടെ ഫിഷറീസ് ആൻഡ് ഓഷ്യൻ സ്‌റ്റഡീസിലെ ഡോ. കെ രാജേഷ്, ചെങ്ങനാശ്ശേരി എൻ എസ് എസ് കോളേജിലെ ഡോ. ആതിരാ പ്രകാശ് മാടപ്പാട്ട് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

രാജീവ് യൂത്ത് ഫൗണ്ടേഷൻ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് വിപിൻ അറയ്ക്കൽ, കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി, ഭാരവാഹികളായ പി. അനുരൂപ്, ജെറി ജോർജ് പാലക്കിൽ, ജിനോ ഫിലിപ്പ്, മനോജ് ബേബി, അനീഷ് പുത്തൻ പുരക്കൽ, ജോമോൻ നീറുവേലി, ജോയി കോയിക്കൽ, ഏബിൾ ഫ്രാൻസിസ് എന്നിവർ വെബിനാറിന് നേതൃത്വം നൽകി.