കൺടെയ്ൻമെന്‍റ് സോണുകള്‍ നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരും; പ്രധാന ചുമതലകളെല്ലാം പോലീസിന്

കൺടെയ്ൻമെന്‍റ് സോണുകള്‍ നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരും; പ്രധാന ചുമതലകളെല്ലാം പോലീസിന്


പുതിയ സംവിധാനം സ്വാഭാവികമായും ജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ രോഗവ്യാപനം വര്‍ധിച്ച് ജീവഹാനി സംഭവിക്കുന്നതിനെക്കാള്‍ നല്ലത് അല്‍പ്പം പ്രയാസങ്ങള്‍ അനുഭവിക്കുന്നതാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

 കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള ചുമതലകള്‍ പോലീസിന് കൈമാറി സംസ്ഥാന സര്‍ക്കാര്‍. കൺടെയ്ൻമെന്‍റ് സോണ്‍ മാര്‍ക്ക് ചെയ്യുക, നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, ക്വാറന്റീന്‍ ലംഘിക്കുന്നവരെ കണ്ടെത്തുക, ശാരീരിക അകലം ഉറപ്പാക്കുക, രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക തുടങ്ങിയ ചുമതലകള്‍ പോലീസിനെ ഏല്‍പ്പിക്കുകയാണെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാനതല നോഡല്‍ ഓഫീസറായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഐ.ജി വിജയ് സാഖറയെ നിയോഗിച്ചു. പുതിയ സംവിധാനം സ്വാഭാവികമായും ജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ രോഗവ്യാപനം വര്‍ധിച്ച് ജീവഹാനി സംഭവിക്കുന്നതിനെക്കാള്‍ നല്ലത് അല്‍പ്പം പ്രയാസങ്ങള്‍ അനുഭവിക്കുന്നതാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്വാറന്റീന്‍ ലംഘിച്ചാല്‍ പോലീസ് നേരിട്ട് ഇടപെടും

കൺടെയ്ൻമെന്‍റ് സോണുകള്‍ മാര്‍ക്ക് ചെയ്യുന്നതിനുള്ള ചുമതല ജില്ലാ പോലീസ് മേധാവികള്‍ക്കായിരിക്കും. കൺടെയ്ൻമെന്‍റ് സോണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള നടപടി പോലീസാവും സ്വീകരിക്കുക. ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുക, ശാരീരിക അകലം പാലിക്കാതിരിക്കുക, സമ്പര്‍ക്ക വിലക്ക് ലംഘിക്കുക എന്നിവയെല്ലാം നിയന്ത്രിക്കാനുള്ള പൂര്‍ണ ചുമതല ഇനി പോലീസിനായിരിക്കും.

ക്വാറന്റീനില്‍ കഴിയുന്നവര്‍ അത് ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും. അവര്‍ പുറത്തിറങ്ങിയാല്‍ കടുത്ത നടപടി സ്വീകരിക്കും. സമ്പര്‍ക്ക വിലക്ക് ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കാം. ചന്തകളിലും പൊതുസ്ഥലങ്ങളിലും ആളുകള്‍ നിശ്ചിത അകലം പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പാക്കും. ക്വാറന്റീനില്‍ കഴിയുന്നവര്‍ ആശുപത്രിയില്‍നിന്നും മറ്റും കടന്നു കളഞ്ഞാല്‍ അവരെ കണ്ടെത്തുന്നതിനുള്ള നടപടിയും ഇനി പോലീസ് ആയിരിക്കും സ്വീകരിക്കുക.

ഇനി സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് പോലീസ്

കോവിഡ് പോസിറ്റീവ് ആകുന്നവരുടെ പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള്‍ കണ്ടെത്തുന്നതിനുള്ള ചുമതലയും ഇനി പോലീസിനായിരിക്കും. അതിനുള്ള നടപടികള്‍ പോലീസ് നേരിട്ട് സ്വീകരിക്കും. പോലീസിന് ലഭിച്ചിട്ടുള്ള പരിശീലനവും അന്വേഷണ മികവും അക്കാര്യത്തില്‍ ഉപയോഗിക്കും. എസ്ഐയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘമാവും കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തുക.

നിലവില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണ് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തുന്നത്. പ്രത്യേക സാഹചര്യം പരിഗണിച്ച് ആ ചുമതല പോലീസിന് നല്‍കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 24 മണിക്കൂറിനകം കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കണമെന്നാണ് പോലീസിനോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ആളുകൂടുന്ന സ്ഥലങ്ങളില്‍ പോലീസ് നിരീക്ഷണം

കൺടെയ്ൻമെന്‍റ് സോണുകള്‍ക്ക് പുറത്ത് ശാരീരിക അകലം പാലിക്കുന്നത് ഉള്‍പ്പെടെ പ്രോട്ടോകോള്‍ കര്‍ശനമാക്കും. 24 മണിക്കൂറും പോലീസ് അതീവ ജാഗ്രത പാലിക്കും. ആശുപത്രികള്‍, പച്ചക്കറി – മത്സ്യ മാര്‍ക്കറ്റുകള്‍, വിവാഹ വീടുകള്‍, മരണ വീടുകള്‍, വന്‍കിട കച്ചവടസ്ഥാപനങ്ങള്‍, ആളുകള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് ശ്രദ്ധചെലുത്തും.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിശ്ചയിക്കുന്ന രീതി മാറും

ഇപ്പോള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കൺടെയ്ൻമെന്‍റ് സോണുകള്‍ നിശ്ചയിക്കുന്ന രീതിയില്‍ മാറ്റംവരും. കോവിഡ് രോഗിയുടെ പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള്‍ കണ്ടെത്തി അവര്‍ താമസിക്കുന്ന സ്ഥലം പ്രത്യേകം അടയാളപ്പെടുത്തി വേര്‍തിരിച്ച് കൺടെയ്ൻമെന്‍റ് സോണ്‍ ആക്കും. ഓരോ പ്രദേശവും പ്രത്യേകം മാര്‍ക്ക് ചെയ്താവും കൺടെയ്ൻമെന്‍റ് സോണ്‍ പ്രഖ്യാപിക്കുക. അവയില്‍ നിലവില്‍ ഉള്ളതുപോലെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടര്‍ന്നും ഉണ്ടാവും. പുറത്തുനിന്ന് ആര്‍ക്കും കൺടെയ്ൻമെന്‍റ് സോണുകളില്‍ പോകാന്‍ അനുവാദം ഉണ്ടാകില്ല.

വീടുകളില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ സംവിധാനവുണ്ടാക്കും. അതിന് കടകളെ സജ്ജമാക്കും. അവയിലൂടെയാവും അവശ്യ സാധനങ്ങളുടെ വിതരണം. ആവശ്യമുള്ളവര്‍ക്ക് പോലീസോ പോലീസ് വോളണ്ടിയറോ അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കും. ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ജില്ലാ പോലീസ് മേധാവിയെക്കൂടി ഉള്‍പ്പെടുത്തും.

ഓരോ ജില്ലയിലെയും പൊതുസ്ഥിതി വിലയിരുത്താന്‍ എല്ലാ ദിവസവും ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ഡിഎംഒയുടെയും അധ്യക്ഷതയില്‍ യോഗങ്ങള്‍ ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.