കോവിഡ് 19 : പാറത്തോട് ഗ്രാമപഞ്ചായത്ത് അവലോകനയോഗം നടത്തി; രോഗികളെ പഞ്ചായത്ത് പരിധിയിൽ തന്നെ താമസിപ്പിക്കുന്നതിനായി സൗകര്യം ഒരുക്കും.

കോവിഡ് 19 : പാറത്തോട് ഗ്രാമപഞ്ചായത്ത് അവലോകനയോഗം  നടത്തി; രോഗികളെ പഞ്ചായത്ത് പരിധിയിൽ തന്നെ താമസിപ്പിക്കുന്നതിനായി സൗകര്യം ഒരുക്കും.

പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്തില്‍ കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ച 7, 8, 9 വാര്‍ഡുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.ബിനു സജീവിന്‍റെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്താഫീസില്‍ യോഗം കൂടുകയുണ്ടായി.

കഴിഞ്ഞ ദിവസം പോസിറ്റീവായി കണ്ടെത്തിയ രോഗികളുടെ സമ്പര്‍ക്കപട്ടിക ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കി വരികയാണ്. പ്രൈമറി കോണ്ടാക്ട് ഉള്ള 247 ആളുകളുടെ സ്രവ പരിശോധന 22/07/2020 ബുധനാഴ്ച മുതല്‍ നടത്തപ്പെടുന്നതാണ്. പ്രത്യേക ക്ലസ്റ്റര്‍ ആയി പഞ്ചായത്തിനെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് സംശയമുള്ള എല്ലാ ആളുകളെയും പരിശോധിക്കുവാനുള്ള ക്രമീകരണം ചെയ്തതായി ജില്ലാ ദുരന്തനിവാരണസമിതി ഉപാദ്ധ്യക്ഷനും, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ യോഗത്തില്‍ അറിയിച്ചു.

കണ്ടെയ്മെന്‍റ് സോണിനുള്ളിലുള്ള ആളുകള്‍ ആരോഗ്യവകുപ്പിന്‍റെയും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെയും, ഗ്രാമപഞ്ചായത്തിന്‍റെയും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ഈ മഹാമാരിയെ ചുരുങ്ങിയ ദിവസം കൊണ്ട് നിയന്ത്രണവിധേയമാക്കാമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.രാജന്‍ അറിയിച്ചു.. കണ്ടെയ്മെന്‍റ് സോണിലും പരിസരപ്രദേശങ്ങളിലും ഉള്ള ആളുകളെ ബോധവല്‍ക്കരിക്കുന്നതിനായി അറിയിപ്പുകള്‍ നടത്തുമെന്നും, പ്രദേശവാസികള്‍ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ പുറത്ത് പോയാല്‍ കോവിഡ് 19 നിയമമനുസരിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സോള്‍ജിമോന്‍ അറിയിച്ചു.

കണ്‍സ്യൂമര്‍ഫെഡിന്‍റെയും, ഹാള്‍ട്ടി കോര്‍പ്പറേഷന്‍റെയും വാഹനങ്ങള്‍ ഈ പ്രദേശത്ത് ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു. മെഡിക്കല്‍ ഓഫീസര്‍ ശ്രീമതി.ശ്വേതാ ശിവദാസന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ആരോഗ്യപ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിച്ചു. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാനായി കൂടുതല്‍ വോളണ്ടിയര്‍മാരെ ഈ പ്രദേശത്ത് നിയോഗിക്കുന്നതിന് തീരുമാനിച്ചു. മെഡിക്കല്‍ ബുള്ളറ്റിന്‍ എല്ലാ ദിവസവും മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിനായി മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ആശ്രയപദ്ധതിയുടെ കിറ്റുകള്‍, പെന്‍ഷന്‍ വിതരണം തുടങ്ങിയവ ഈ മേഖലയില്‍ നടത്തുന്നതിന് ജനപ്രതിനിധികള്‍, വോളണ്ടിയേഴ്സ് എന്നിവരെ യോഗം ചുമതലപ്പെടുത്തി.

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ രോഗികളെ താമസിപ്പിക്കുന്നതിനായി പഞ്ചായത്തില്‍തന്നെ സൌകര്യങ്ങളൊരുക്കുന്നതിന്‍റെ ഭാഗമായി ജില്ലാ സ്പെഷ്യല്‍ ഓഫീസര്‍, സി.എഫ്.എല്‍.റ്റി.സി കോവിഡ് 19 ഡോ.രേണു രാജ് ഐ.എ.എസ്, നോഡല്‍ ഓഫീസര്‍ ഡോ.ഭാഗ്യശ്രീ, തഹസീല്‍ദാര്‍ അജിത് കുമാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ പഞ്ചായത്തിലെ ഇതിനായി തയ്യാറാക്കിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. അവലോകനയോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡയസ് കോക്കാട്ട്, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷേര്‍ലി തോമസ്, മെമ്പര്‍മാരായ വി.എം ഷാജഹാന്‍, വര്‍ഗീസ് കൊച്ചുകുന്നേല്‍, സെക്രട്ടറി ഷിജുകുമാര്‍ സി.എന്നിവര്‍ പങ്കെടുത്തു.