കോവിഡ്‍ പരിശോധനയുടെ വിവിധ മാർഗങ്ങൾ എന്തൊക്കെ ? .


ആർടി പിസിആർ പരിശോധന :
ഐസിഎംആർ അനുമതിയുള്ള ലാബുകളിലാണ് ആർടിപിസിആർ പരിശോധന നടത്തുന്നത്. ആർഎൻഎ ടെസ്റ്റാണു യഥാർഥത്തിൽ ഇവിടെ ചെയ്യുന്നത്. ശേഖരിക്കുന്ന സ്രവം പ്രത്യേക ട്രാൻസ്പോർട് മീഡിയത്തിൽ സൂക്ഷിച്ച്, താപനില ക്രമീകരിച്ചാണു ലാബിൽ എത്തിക്കുന്നത്. ഫലം ലഭിക്കാൻ 8 മണിക്കൂർ എടുക്കും.

ആന്റിജൻ പരിശോധന

പ്രോട്ടീൻ ആവരണത്തിലെ ന്യൂക്ലിയോ ക്യാപ്സിഡ് ആന്റിജനാണു പരിശോധിക്കുന്നത്. പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ബൂത്തിനുള്ളിൽ സുരക്ഷാവസ്ത്രങ്ങൾ ധരിച്ചിരിക്കുന്ന ഡോക്ടർ ആളുകളുടെ സ്രവം ശേഖരിക്കും. ലാബ് ടെക്നിഷ്യന്റെ സഹായത്തോടെ ഇതു പ്രത്യേക ബഫർ സൊലൂഷനിൽ യോജിപ്പിക്കും.

ഇതിൽ 2 തുള്ളി ആന്റിജൻ ടെസ്റ്റ് കാർഡിൽ ഒഴിക്കുമ്പോൾ 2 വരകൾ തെളിഞ്ഞാൽ കോവിഡ് പോസിറ്റീവ് ആകും. 15 മുതൽ 20 മിനിറ്റിനുള്ളിൽ ഫലം അറിയാം. നെഗറ്റീവ് ആകുന്നവരിൽ പിന്നീടു രോഗലക്ഷണങ്ങൾ ഉണ്ടായാൽ ആർടിപിസിആർ പരിശോധനയ്ക്കു നിർദേശിക്കും. ഓരോ തവണയും ഗ്ലൗസുകൾ മാറ്റുന്നതിനും സ്രവം എടുക്കുന്ന ആൾക്കു നൽകിയിരിക്കുന്ന ടിഷ്യു പേപ്പർ മാറ്റുന്നതിനും ഒരു സഹായിയും പരിശോധനാസംഘത്തിൽ ഉണ്ടാകും.

സ്രവം ശേഖരിക്കുന്നത് 3 ഭാഗങ്ങളിൽ നിന്ന്
മൂക്ക്, മൂക്കിനുള്ളിലെ ഭാഗം, തൊണ്ടയുടെ ഭാഗം എന്നിവിടങ്ങളിൽ നിന്നാണു പരിശോധനയ്ക്കായി സ്രവം ശേഖരിക്കുന്നത്. അത്യാവശ്യ സന്ദർഭങ്ങളിൽ (അപകട മരണം, അടിയന്തര ശസ്ത്രക്രിയ) ഒരു മണിക്കൂറിൽ ഫലം ലഭിക്കുന്ന ട്രൂനാറ്റ് ടെസ്റ്റും രക്തം പരിശോധിക്കുന്ന ആന്റിബോഡി ടെസ്റ്റും കോവിഡ് കണ്ടെത്തുന്നതിനു നടത്താറുണ്ട്. ജില്ലയിൽ മെഡിക്കൽ കോളജിലാണു ട്രൂനാറ്റ് ടെസ്റ്റ് നടത്താൻ സൗകര്യമുള്ളത്.