നാടാകെ കോവിഡ് ഭീതി ; പരസ്പര സംശയത്തോടെ ജനങ്ങൾ…

നാടാകെ കോവിഡ് ഭീതി ;  പരസ്പര സംശയത്തോടെ ജനങ്ങൾ…

കാഞ്ഞിരപ്പള്ളി : കൊറോണ വൈറസ് ഭീഷണി ഏറ്റവും അധികം നേരിടുന്ന റാന്നിയിൽ നിന്നും വെറും 30 കിലോമീറ്റർ അടുത്തുള്ള കാഞ്ഞിരപ്പള്ളി പട്ടണത്തിലും ജനങ്ങൾ ഭീതിയിലാണ് . കൊറോണ ഭീതി പരന്നതോടെ ആളുകൾക്ക് വീടിന്‌ പുറത്തിറങ്ങാൻ തന്നെ ഭയമാണ്. റോഡിൽ നടക്കുന്നവർ ആരെങ്കിലും ഒന്നു ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താൽ പോലും ആളുകൾ ഏറെ ഭയത്തോടെയാണ് നോക്കിക്കാണുന്നത്. മിക്ക കടകളിലും കച്ചവടം ഗണ്യമായി കുറഞ്ഞു.

. പുറത്തു നിന്നു നോക്കുന്നതിനെക്കാൾ ഗുരുതരമാണ് കച്ചവടക്കാരുടെ അവസ്ഥ. കടയിൽ ആരും എത്തിയില്ലെങ്കിലും ജീവനക്കാരുടെ ശമ്പളവും വൈദ്യുതി ചാർജും നൽകേണ്ടി വരുന്നു.

എരുമേലി – റാന്നി റൂട്ടിൽ ബസ്സുകളിൽ തീരെ ആളില്ല . ശരാശരി 8,000 രൂപ വരുമാനം ഉണ്ടായിരുന്ന എരുമേലി – റാന്നി റൂട്ടിൽ ദിവസ വരുമാനം 500 രൂപയിൽ താഴെയാണ് കിട്ടുന്നതെന്ന് പല ബസ്സുകാരും പറയുന്നു.. കൊറോണ ബാധയും റാന്നിയിൽ കടകൾ തുറക്കാതെ വന്നതും കാരണം പല ജീവനക്കാരും റൂട്ടിൽ ഓടാൻ തയാറാകുന്നില്ല. യാത്രക്കാരില്ലാത്തതിനാൽ പല ബസ്സുകളും സർവീസ് നടത്തുന്നില്ല.

ഓട്ടോ വാടകയ്ക്കെടുത്ത് ഓടുന്നവരുടെ കാര്യം ഏറെ കഷ്ടമാണ്. വാടകയിനത്തിൽ ഓടുന്നവർക്ക് വാടക കൊടുക്കുവാൻ ഉള്ള പണം പോലും ലഭിക്കുന്നില്ല. ജനങ്ങൾ വീടിനു പുറത്തിറങ്ങുവാൻ മടിക്കുന്നതിനാൽ ഓട്ടോകൾ വെറുതെ കിടക്കുകയാണ്. ഓട്ടോയിൽ യാത്ര ചെയ്യുവാൻ ആരെങ്കിലും എത്തിയാൽ ഡ്രൈവർക്കും യാത്രക്കാരനും ഒരേപോലെ പേടിയാണ്. പിന്നിലിരിക്കുന്ന സവാരിക്കാരന് രോഗമുണ്ടോ എന്ന് പേടിച്ചാണ് ഡ്രൈവർ വണ്ടി ഓടിക്കുന്നത്. യാത്രക്കാരനാകട്ടെ ഡ്രൈവർക്കു ചുമയുണ്ടോ, ജലദോഷമുണ്ടോ എന്ന പേടിയിലാണ് ഇരിക്കുന്നത്. തനിക്ക് മുൻപ് കയറിയ ആൾക്ക് രോഗമുണ്ടായിരുന്നോ, അയാളുടെ സ്രവങ്ങൾ വണ്ടിയിൽ പറ്റിയിരിപ്പുണ്ടോ എന്നൊക്കെയുള്ള ആധിയിലാണ് സവാരിക്കാരൻ..

ബസ്സിൽ കയറുന്ന യാത്രക്കാരും സമാന ഭീതിയിലാണ്. കോവിഡ് 19 ബാധിച്ച ആൾക്ക് പ്രാരംഭ ലക്ഷണങ്ങളായ ജലദോഷവും, ചുമയും, പനിയും വരുന്നതിനു മുൻപുതന്നെ രോഗം മറ്റുള്ളവരിലേക്ക് പടരുവാനുള്ള സാധ്യത ഉള്ളതിനാൽ എല്ലവരും പരസ്പര സംശയത്തോടെയാണ് നോക്കുന്നത്. രോഗിയുടെ സ്രവങ്ങളിലൂടെ പുറത്തുവരുന്ന വൈറസുകൾ ഏറെസമയം നശിക്കാതെ ഇരിക്കും എന്നതിനാൽ വളരെ കരുതൽ ആവശ്യമുണ്ട്.

കറൻസി വാങ്ങുകയും കൊടുക്കുകയും ചെയ്യുമ്പോഴും പരസ്പരം സംശയത്തോടെയാണ് മിക്കവരും കാര്യങ്ങൾ നടത്തുന്നത്. രോഗബാധയുള്ളവർ ഉപയോഗിച്ച കറൻസിയാണോ എന്ന സംശയമാണ് എല്ലാവർക്കും. കറൻസി മാത്രമല്ല, എടിഎം കാർഡുകൾ കൈ മാറുമ്പോഴും എടിഎം മെഷീനിൽ നിന്ന് പണം പിൻവലിക്കുമ്പോഴും ഒക്കെ അവസ്ഥ ഇതുതന്നെ

അന്യസംസ്ഥാന തൊഴിലാളികളെയും സംശയത്തോടെയാണ് നാട്ടുകാർ വീക്ഷിക്കുന്നത്. റാന്നി കോവിഡ് ഭീഷണിയിലായപ്പോൾ , അവിടെ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ റാന്നി വിട്ട് അയൽനാടുകളിലേക്ക് പോയെന്ന വാർത്തയാണ് അത്തരമൊരു സംശയത്തിന്റെ കാരണം.

രോഗം വന്ന ശേഷം പ്രതിരോധിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കുവാൻ ശ്രദ്ധിക്കുകയാണ് വേണ്ടത് . രോഗങ്ങൾ വരുവാനുള്ള സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കുക എന്നതാണ് പ്രധാനകാര്യം . ‌ ‌