എരുമേലിയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; 12 പേർക്കുകൂടി..നേർച്ചപ്പാറ വാർഡിൽ ആകെ രോഗികൾ 21.

എരുമേലിയിൽ കോവിഡ് വ്യാപനം അതിരൂക്ഷം;  12 പേർക്കുകൂടി..നേർച്ചപ്പാറ വാർഡിൽ ആകെ രോഗികൾ  21.


എരുമേലി : എരുമേലിയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 12 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. രോഗബാധ ഏറ്റവും കൂടുതൽ നേർച്ചപ്പാറ വാർഡിലാണ്. ചൊവ്വാഴ്ച ആറ് പേർക്ക് ആന്റിജൻ ടെസ്റ്റിൽ രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ ആകെ എണ്ണം 21 ആയി.

ഇക്കഴിഞ്ഞ ഞായറാഴ്ച വാർഡിൽ നാല് പേർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതോടെ വാർഡിനെ കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചെങ്കിലും റോഡുകൾ അടച്ചില്ല. പിറ്റേന്ന് തിങ്കളാഴ്ച 11 പേർക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയതോടെ റോഡുകൾ അടച്ചു. ഇന്നലെ 151 പേരെ ആന്റിജൻ ടെസ്റ്റിനും 28 പേരെ കോവിഡ് സ്രവ പരിശോധനക്കും വിധേയമാക്കി. ആന്റിജൻ ടെസ്റ്റിൽ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് രോഗികളുടെ എണ്ണം 21 ആയത്. സ്രവ പരിശോധനക്ക് വിധേയമാക്കിയ 28 പേരുടെ റിസൾട്ട് അടുത്ത ദിവസങ്ങളിൽ ലഭിക്കും.

കോവിഡ് വ്യാപനം മുൻനിർത്തി പോലിസ് വാർഡിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് . മുഴുവൻ വഴികളും അടച്ചിട്ടിരിക്കുകയാണ്. വോളന്റിയർമാരെയും ആരോഗ്യ പ്രവർത്തകരെയും വാർഡിൽ വിന്യസിച്ചെന്നും മേൽനോട്ടത്തിന് ജനമൈത്രി പോലീസിനെ നിയോഗിച്ചെന്നും വാർഡ് കർശന നിരീക്ഷണത്തിലാണെന്നും അനുമതി ഇല്ലാതെ യാതൊരു വിധ സഞ്ചാരവും അനുവദിക്കില്ലെന്നും രോഗ വിമുക്തി പൂർണമാകുന്നത് വരെ നാട്ടുകാർ സഹകരിക്കണമെന്നും പോലിസ് അറിയിച്ചു. വാർഡിൽ സ്ഥിതി ചെയ്യുന്ന അസംപ്ഷൻ ഫോറോനാ പള്ളിയിൽ കുർബാന ഉൾപ്പെടെ ചടങ്ങുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വെച്ചെന്നും അറിയിച്ചിട്ടുണ്ട്.