കോവിഡ് മഹാമാരി നാടാകെ വീശിയടിക്കുന്നു .. കാഞ്ഞിരപ്പള്ളി താലൂക്കിൽ 18 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു .

കോവിഡ് മഹാമാരി നാടാകെ വീശിയടിക്കുന്നു .. കാഞ്ഞിരപ്പള്ളി താലൂക്കിൽ 18  പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു .കാഞ്ഞിരപ്പള്ളി : ജനങ്ങളെ ഭീതിയിലാഴ്ത്തി കോവിഡ് മഹാമാരി നാടാകെ വീശിയടിക്കുന്നു . ഇന്നലെ ഉച്ചകഴിഞ്ഞും, ഇന്നുമായി രോഗം സ്ഥിരീകരിച്ചവർ : മുണ്ടക്കയം / പുഞ്ചവയൽ – 6 , എരുമേലി – 6, കാഞ്ഞിരപ്പള്ളി – 3 , പാറത്തോട് – 4, പൊൻകുന്നം – 1 (ചാമംപതാല്‍) എന്നാണ് . ഇതിൽ ചാമംപതാലിൽ രോഗം സ്ഥിരീകരിച്ചയാൾ ഒഴികെ, ബാക്കിയെല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത് എന്നത് ഭീതിയുളവാക്കുന്ന വാർത്തയാണ്.

പാറത്തോട് എട്ടാം വാർഡിൽ ഇന്നലെ വൈകുന്നേരത്തോടെ നാല് പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്ത് ഇന്നലെ രണ്ടും, ഇന്ന് ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത് .

എരുമേലിയിലെ ഒന്നാം വാർഡ് ചേനപ്പാടി മരോട്ടിച്ചുവട് സ്വദേശി (40) ക്ക് ഏതാനും ദിവസം മുൻപ് രോഗം സ്ഥിരീകരിച്ചിരുന്നു. മത്സ്യവ്യാപാരിയായ അദ്ദേഹം ചങ്ങനാശ്ശേരി പായിപ്പാട് മൽസ്യമാർക്കറ്റിൽ പോയിരുന്നെന്നും കോവിഡ് പിടിപെട്ടത് ഇവിടെ നിന്നുമാണെന്നുമാണ് കരുതുന്നത്. അദ്ദേഹത്തിന്റെ കുടുബത്തിൽ നിന്നും സമ്പർക്കത്തിലൂടെ മൂന്നുപേർക്ക് ഇന്ന് രോഗബാധ ഉണ്ടായി.

എരുമേലി പാക്കാനം സ്വദേശിനിയായ യുവതി (23) ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപ്പൻഡിസൈറ്റിസ് സർജറിക്കായി ചികിത്സയിൽ കഴിഞ്ഞ് ഡിസ്ചാർജ് ആയ ശേഷമാണ്. സമ്പർക്ക ലിസ്റ്റിൽ നിരവധി പേർ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

മുണ്ടക്കയം പുഞ്ചവയൽ ആനികുന്നം പ്രദേശത്ത് ഒരു കുടുബത്തിലെ ആറുപേർക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് .
മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രസവത്തിനായി പോയി തിരിച്ചെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന സ്ത്രീക്കും, മകനും, അച്ഛനും അമ്മയ്ക്കും, ഭർത്താവിനും, ഭർത്തുപിതാവിനുമാണ് കോവിഡ് രോഗബാധ ഉണ്ടായിരിക്കുന്നത് . മുണ്ടക്കയം പന്ത്രണ്ടാം വാർഡ് പുഞ്ചവയൽ കണ്ടയ്ന്മെന്റ് സോൺ ആയി പ്രഖ്യാപിച്ചു .

ബാംഗ്ലൂരില്‍നിന്ന് ജൂലൈ 15ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പൊൻകുന്നം ചാമംപതാല്‍ സ്വദേശി(23)ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ 89 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധയുണ്ടായത്. വിദേശത്തുനിന്നു വന്ന രണ്ടു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.