വെളിച്ചിയാനിയിൽ കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഗർഭിണിക്കാണ് രോഗം സ്ഥിരീകരിച്ചത്

വെളിച്ചിയാനിയിൽ കോവിഡ് സ്ഥിരീകരിച്ചു.  മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഗർഭിണിക്കാണ്  രോഗം സ്ഥിരീകരിച്ചത്

കാഞ്ഞിരപ്പള്ളി : മഹാരാഷ്ട്രയില്‍നിന്ന് വിമാനമാര്‍ഗം മെയ് 25ന് എത്തിയ ഗര്‍ഭിണിയായ പാറത്തോട് വെളിച്ചിയാനി സ്വദേശിനി(31)ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹോം ക്വാറന്‍റയിനില്‍ കഴിയുമ്പോള്‍ രോഗലക്ഷണങ്ങളുണ്ടായ സാഹചര്യത്തിൽ സ്രവ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് രോഗം തിരിച്ചറിഞ്ഞത് . തുടർന്ന് അവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയില്‍ നഴ്‌സായിരുന്ന ഇവര്‍ ഭര്‍ത്താവിനൊപ്പം കഴിഞ്ഞ 25നാണ് നാട്ടിലെത്തിയത്

കോവിഡ് സ്ഥിരീകരിച്ചതോടെ പാറത്തോട് പഞ്ചായത്തിലെ മൂന്നാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവർ ക്വാറന്റീനിൽ കഴിഞ്ഞ വീട് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്കുള്ള വഴി പൊലീസ് അടച്ചു. പഞ്ചായത്തിൽ ഇന്നു നടത്താനിരുന്ന പരിസ്ഥിതി ദിനാചരണം ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും മാറ്റിവച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.

കാഞ്ഞിരപ്പള്ളി താലൂക്കിൽ കോവിഡ് പിടിമുറുക്കുന്നതിൽ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ മുണ്ടക്കയം മടുക്ക, മണിമലയ്ക്കടുത്തുള്ള പ്ലാച്ചേരി, എരുമേലി, കൊടുങ്ങൂർ, പൊൻകുന്നം തെക്കേത്തുകവല മുതലായ സ്ഥലങ്ങളിൽ കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽ വിദേശത്തു നിന്നും എത്തിയ എരുമേലി സ്വദേശിനിക്ക് , എരുമേലിയിൽ എത്തുന്നതിനു മുൻപ് തന്നെ രോഗം കണ്ടെത്തിയതിനാൽ നാട് ആശ്വാസത്തിലായിരുന്നു.

ഇന്ന് കോട്ടയം ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 27 ആയി. രോഗബാധിതരില്‍ മൂന്നു പേര്‍ കുവൈറ്റില്‍നിന്ന് മെയ് 26നും ഒരാള്‍ മഹാരാഷ്ട്രയില്‍നിന്ന് മെയ് 25നും ഒരാള്‍ പൂനയില്‍നിന്ന് മെയ് 30നുമാണ് എത്തിയത്.

നീണ്ടൂര്‍ സ്വദേശിനി(40), ളാക്കാട്ടൂര്‍ സ്വദേശി(25), കോട്ടയം സ്വദേശി(25) എന്നിവരാണ് കുവൈറ്റില്‍നിന്നും ഒരേ വിമാനത്തില്‍ എത്തിയത്. മൂവരും കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തിലായിരുന്നു. മഹാരാഷ്ട്രയില്‍നിന്ന് വിമാനമാര്‍ഗം മെയ് 25ന് എത്തിയ ഗര്‍ഭിണിയായ പാറത്തോട് സ്വദേശിനി(31)ക്ക് ഹോം ക്വാറന്‍റയിനില്‍ കഴിയുമ്പോള്‍ രോഗലക്ഷണങ്ങളുണ്ടായ സാഹചര്യത്തിലാണ് സാമ്പിള്‍ ശേഖരിച്ചത്. പൂനെയില്‍നിന്ന് മെയ് 30ന് എത്തിയ തിരുവാതുക്കല്‍ സ്വദേശിയും(32) ഹോം ക്വാറന്‍റയനില്‍ കഴിയുകയായിരുന്നു.
ഇവരില്‍ നാലു പേരെ കോട്ടയം ജനറല്‍ ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള 27 പേരില്‍ 18 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒന്‍പതു പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്.
മെയ് 26ന് കുവൈറ്റ്-കൊച്ചി വിമാനത്തില്‍(ജെ 9 1405) കോട്ടയം ജില്ലയില്‍ എത്തിയ 16 പേരില്‍ പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ കോവിഡ് ബാധിതരായി.