ബിരിയാണി വിറ്റ് 40,000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക്..

ബിരിയാണി വിറ്റ് 40,000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക്..


പൊൻകുന്നം : കോവിഡ് ദുരിതത്തിൽ പെട്ട സംസ്ഥാനത്തെ സാമ്പത്തികമായി സഹായിക്കുവാൻ വ്യത്യസ്തമായ ഒരു മാർഗമാണ് പൊൻകുന്നത് സിപിഐ എം പ്രവർത്തകർ വിജയകരമായി നടപ്പിലാക്കിയത്. മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ബിരിയാണി വിൽപ്പനയിലൂടെ ലഭിച്ച 40000 രൂപയാണ് സിപിഐ എം തോണിപ്പാറ ബ്രാഞ്ച് നൽകിയത്. . ബിരിയാണി ഉണ്ടാക്കി വിറ്റ് കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി തങ്ങളാലാവും വിധം കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണ് പാർട്ടി പ്രവർത്തകർ.

ആയിരം ബിരിയാണിയാണ് ഇവർ ഉണ്ടാക്കി വിതരണം ചെയ്തത്. പാചകവും, പായ്ക്കിംങ്ങും ഉൾപ്പെടെ എല്ലാ ജോലികളും അംഗങ്ങൾ തന്നെയാണ് ചെയ്തത്. അംഗങ്ങൾ ഓരോരുത്തരും ഓർഡറുകൾ സ്വീകരിക്കുകയും അവ സ്വന്തമായി വിതരണം നടത്തിയുമാണ് തുക കണ്ടെത്തിയത്. വിതരണത്തിലൂടെ ലഭിച്ച തുകയിൽ നിന്നും ചിലവ് കഴിഞ്ഞുള്ള തുകയായ 40000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിച്ചു.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്തെ നിർദ്ധന കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്നത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ മുൻപും ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.