സിപിഎം ഏരിയ സമ്മേളനത്തിന് മുന്നോടിയായി വനിതാ സംഗമം നടത്തി

കാഞ്ഞിരപ്പള്ളി ∙ സ്ത്രീകളുടെ സുരക്ഷയ്ക്ക് എൽഡിഎഫ് സർക്കാർ പ്രതി‍ജ്ഞാബദ്ധമാണെന്നും അതുകൊണ്ടാണ് സംസ്ഥാന വനിതാ കമ്മിഷന് സർക്കാർ കൂടുതൽ അധികാരങ്ങൾ നൽകുന്നതെന്നും വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ അഭിപ്രായപ്പെട്ടു. സിപിഎം ഏരിയ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസഫൈൻ.

പീഡനത്തിന് ഇരയാകുന്നവരുടെ പേരുകൾ വെളിപ്പെടുത്തുന്നത് നിയമലംഘനമാണ്, എന്നാൽ ഇന്ന് ചിലർ ഇരയുടെ പേരു വെളിപ്പെടുത്തി പരിഹസിക്കാനാണ് ശ്രമിക്കുന്നതെന്നും സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും ജോസഫൈൻ പറഞ്ഞു. മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് റോസമ്മ ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജുകുട്ടി, ഏരിയ സെക്രട്ടറി പി.ജി.വസന്തകുമാരി, ഷക്കീല നസീർ, എം.പി.സുമംഗലാദേവി, ഗീതാ എസ്.പിള്ള, രാജമ്മ, റെജീന റഫീഖ്, വിദ്യാ രാജേഷ് എന്നിവർ പ്രസംഗിച്ചു.