കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച സാംസ്കാരിക നിലയം ഉദ്‌ഘാടനത്തിന് തയ്യാറായി

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച സാംസ്കാരിക നിലയം  ഉദ്‌ഘാടനത്തിന്  തയ്യാറായി


കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് വിവിധ വാർഷിക പദ്ധതികളിൽ 70 ലക്ഷം രുപ വകയിരുത്തി പതിനഞ്ചാം വാർഡ് ആലംപരപ്പ് ബ്ളോക്ക് കോളനിയിൽ നടത്തിയ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 29-ന് 10.30 ന് നടത്തുമെന്ന് വൈസ്‌ പ്രസിഡന്റ് അഡ്വ.പി.എ.ഷെ മീർ അറിയിച്ചു.

30 ലക്ഷം രുപ ചെലവഴിച്ച് നിർമ്മിച്ച സാംസ്കാരിക നിലയം അന്നേ ദിവസം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.പാർശ്വവത്ക്കരിക്കപ്പെട്ട ജനസമൂഹത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള 13.5 സെൻ്റ് സ്ഥലത്താണ് 1500 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കെട്ടിടം ആദ്യഘട്ടത്തിൽ നിർമ്മിച്ചിരിക്കുന്നത്.26 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടവും 1.5 ലക്ഷം രുപ ചെലവഴിച്ച് വയറിംങ്ങും പൂർത്തീകരിച്ചിട്ടുണ്ട്. ഒരു ലക്ഷം രുപ ചെലവഴിച്ച് ഫർണിച്ചറും മൈക്ക് സെറ്റും,പ്രൊഫഷണൽ കോൺഗ്രസ് കോട്ടയം ചാപ്റ്ററിൻ്റെ സഹകരണത്തോടെ കേബിൾ കണക്ഷനുൾപ്പടെയുള്ള ഓൺലൈൻ ക്ളാസിനുള്ള ടെലിവിഷൻ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.കുഴൽ കിണർ നിർമ്മാണത്തിനും പമ്പ് സെറ്റിനുമായി 1.5 ലക്ഷം രൂപ ഭൂജല വകുപ്പിലും നിക്ഷേപിച്ചിട്ടുണ്ട്.

ബ്ലോക്ക്പഞ്ചായത്തിൽ നിന്നും 1995 – 2000 കാലയളവിൽ ഭവനരഹിതരും ഭൂരഹിതരുമായ ആളുകൾക്ക് ഭവന നിർമ്മാണത്തിനായി വാങ്ങി നൽകിയ 4 ഏക്കർ സ്ഥലത്ത് താമസിക്കുന്ന നൂറോളം കുടുംബങ്ങൾക്കും സമീപവാസികൾക്കും ഏറെ പ്രയോജനകരമായിരിക്കും ഈ സാംസ്കാരിക നിലയം. ദുർബ്ബല ജനവിഭാഗത്തിൽപ്പെട്ടവർക്ക് സ്വകാര്യ ഓഡിറ്റോറിയങ്ങൾ അപ്രാപ്യയമായ സാഹചര്യത്തിൽ വൈദ്യുതി, ക്ലീനിംഗ് എന്നിവയ്ക്ക് മാത്രമുള്ള നിരക്ക് നൽകി അവർക്ക് ഇത് പ്രയോജനപ്പെടുത്തുവാൻ കഴിയും. അഞ്ച് നിലകൾ വരെ നിർമ്മിക്കാൻ കഴിയത്തക്ക നിലയിലാണ് കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്.

രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് 15 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയും സാങ്കേതികാനുമതി ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിലും 1500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സൗൗകര്യങ്ങങൾ ഒരുക്കും. നേരത്തേ ആലംപരപ്പ് കുടിവെള്ളള പദ്ധതിക്ക് 15 ലക്ഷം രൂപയും ,ആലംപരപ്പ് ബ്ലോക്ക് കോളനി സമാന്തര റോഡിന് 10 ലക്ഷം രൂപയും അനുവദിച്ച് നിർമ്മാണം പൂൂർത്തീകരിച്ചിട്ടുണ്ട്.

സാംസ്കാരിക നിലയത്തിൻ്റെ ഉദ്ഘാടനം പ്രസിഡന്റ് മറിയമ്മ ജോസഫിന്റെ അധ്യക്ഷതയിൽ ആന്റോ ആന്റണി എം.പി നിർവഹിക്കും. അനുബന്ധ സൗകര്യങ്ങളുടെ ഉദ്ഘാടനം ഡോ.എൻ.ജയരാജ് എം.എൽ.എ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും. ഓൺലൈൻ ക്ലാസുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീറും നിർവഹിക്കുമെന്ന് ഡിവിഷനംഗം കൂടിയായ വൈസ് പ്രസിഡൻറ് അഡ്വ.പി.ഏ.ഷെമീർ അറിയിച്ചു.