വീട്ടമ്മക്ക് സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയച്ചയാൾ പോലീസ് പിടിയിൽ..

വീട്ടമ്മക്ക് സ്ഥിരമായി അശ്ലീല  സന്ദേശങ്ങൾ  അയച്ചയാൾ  പോലീസ് പിടിയിൽ..

പൊൻകുന്നം: വാട്‌സ് ആപ്പിലൂടെ വീട്ടമ്മക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചയാളെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ശല്യം സഹിക്കാനാവാതെ മൊബൈൽ നമ്പര്‍ ബ്‌ളോക്ക് ചെയ്തപ്പോള്‍ മറ്റൊരു മൊബൈല്‍ വഴി ശല്യം തുടരുകയും ചെയ്തപ്പോഴാണ് പോലീസ് പിടിയിലായത്. പൊൻകുന്നം സ്വദേശിനിയായ യുവതിക്ക് സ്ഥിരമായി ഇത്തരം സന്ദേശങ്ങൾ അയച്ച സുൽത്താൻ ബത്തേരി നെന്മേനി ചുള്ളിയോട് ആലപ്പാറ ഇളമ്പാശേരി റോയി ഏബ്രഹാമി(45)നെയാണ് വയനാട്ടിൽ നിന്ന് അറസ്റ്റു ചെയ്തത്.

45 കാരനായ ഇയാള്‍ വീട്ടമ്മയുടെ ഫോണിലേക്ക് വാട്‌സ്ആപ്പ് വഴി സന്ദേശം അയയ്ക്കുകയായിരുന്നു. ആദ്യമൊക്കെ ഗുഡ്‌നൈറ്റ് അയച്ചിരുന്ന ഇയാളുടെ സന്ദേശങ്ങള്‍ പിന്നീട് അശ്‌ളീലദൃശ്യങ്ങളുടെ പരമ്പരയായി മാറിയതോടെ വീട്ടുകാര്‍ വിളിച്ച് താക്കീത് ചെയ്തിരുന്നു. . എന്നാല്‍ ഇതൊന്നും നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതി ആയതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് പറഞ്ഞതനുസരിച്ച് ഈ നമ്പര്‍ ബ്‌ളോക്ക് ചെയ്തപ്പോള്‍ മറ്റ് നമ്പര്‍ വഴിയായി യുവാവിന്റെ പരാക്രമം. ഒടുവില്‍ വീട്ടുകാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടുകയും അന്വേഷണം തുടങ്ങുകയുമായിരുന്നു. അന്വേഷണത്തിനൊടുവിലാണ് റോയി ഏബ്രഹാമിനെ പോലീസ് പൊക്കിയത്.

അതേസമയം സ്ത്രീകള്‍ക്ക് അശ്‌ളീല സന്ദേശം അയച്ച് ശല്യം ചെയ്യുന്നത് ഇയാളുടെ പതിവ് നടപടിയായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം പ്രവര്‍ത്തിയുടെ പേരില്‍ കണ്ണൂര്‍ ജില്ലയില്‍ ഇയാള്‍ക്കെതിരേ മുമ്പും കേസുണ്ടായിട്ടുണ്ട്. ഇതിന് ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ളയാളാണ് റോയി ഏബ്രഹാം. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാള്‍ ഇപ്പോഴുള്ള ഇടം കണ്ടെത്തുകയും വയനാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു.