പൊടിമറ്റത്ത് ഉണ്ടായ ചുഴലിക്കാറ്റിൽ വൻനാശം ; പൊടിമറ്റം സെന്റ് ജോസഫ് എല്‍. പി. സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; കുട്ടികൾ അത്ഭുതകരമായി രക്ഷപെട്ടു

പൊടിമറ്റത്ത് ഉണ്ടായ ചുഴലിക്കാറ്റിൽ വൻനാശം ; പൊടിമറ്റം സെന്റ് ജോസഫ് എല്‍. പി. സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; കുട്ടികൾ അത്ഭുതകരമായി രക്ഷപെട്ടു

പാറത്തോട് : കനത്ത മഴയെ തുടർന്ന് അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റിൽ പാറത്തോട് പൊടിമറ്റം ഭാഗത്തു വൻനാശം ഉണ്ടായി. ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിന്ന ചുഴലിക്കാറ്റിൽ നിരവധി വീടുകൾ തകർന്നു, വന്മരങ്ങൾ ഓടിച്ചു വീണു, വൈദുതി തൂണുകൾ നിലപരിശായി, ട്രാസ്‌ഫോർർ തകർന്നു വീണു, പൊടിമറ്റം സെന്റ് ജോസഫ് എല്‍. പി. സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; കുട്ടികൾ അത്ഭുതകരമായി രക്ഷപെട്ടു.

കനത്ത മഴയെ തുടര്‍ന്നുണ്ടായ കൊടുംകാറ്റില്‍ പൊടിമറ്റം സെന്റ് ജോസഫ് എല്‍. പി. സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു . ഓടുകള്‍ ക്ലാസ് മുറികളിലേയ്ക്ക് പതിച്ചെങ്കിലും തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി. സ്‌കൂള്‍ വിടുന്നതിനു പത്തു മിനിട്ടിനു മുന്‍പെയാണ് മേഖലയില്‍ കാറ്റ് ആഞ്ഞു വീശിയത്. ശക്തമായ കാറ്റു വീശുന്നതു കണ്ട അധ്യാപകരും ജീവനക്കാരും കുട്ടികളെ ചേര്‍ത്ത് പിടിച്ചാണ് അപകടത്തില്‍ നിന്നും രക്ഷിച്ചത്. സ്കൂൾ ബസ് ഒരു ട്രിപ്പ് കുട്ടികളെയും കൊണ്ട് പോയതിനാൽ കുറെ കുട്ടികൾ സുരക്ഷിതരായി .

ക്‌ളാസ് മുറികളുടെയും സ്റ്റാഫ് റൂമിന്റെയും മേല്‍ക്കൂര തകര്‍ന്നു. സ്‌കൂളിലെ മൂന്നു കെട്ടിടങ്ങളുടെയും മേല്‍ക്കൂര തകര്‍ന്നു. സമീപത്തെ പുരയിടത്തില്‍ നിന്നിരുന്ന മരം പറന്ന് സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ വീണു. സ്‌കൂള്‍ കെട്ടിടത്തിനോടു ചേര്‍ന്നുള്ള കഞ്ഞിപുരയുടെ ഷീറ്റുകള്‍ 25 മീറ്റര്‍ അകലെ പറന്നു പോയി. വിവരമറിഞ്ഞ് മാതാപിതാക്കള്‍ പരിഭ്രാന്തരായി സ്‌കൂളിലേയ്ക്ക് ഓടിയെത്തിയിരുന്നു.

സ്‌കൂളിന്റെ പുനഃരുദ്ധാരണ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതു വരെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി പ്രവര്‍ത്തിക്കാന്‍ കാഞ്ഞിരപ്പള്ളി എ. ഇ. ഒ. നിര്‍ദ്ദേശം നല്‍കി.

പലയിടങ്ങളിലും മരം കടപുഴകി വീണ് നാശനഷ്ടമുണ്ടായി. പൊടിമറ്റം എല്‍. പി. സ്‌കൂളിനു സമീപം കുട്ടിക്കാനം മരിയന്‍ കോളജ് അധ്യാപകനായ ബിനു നെല്ലിക്കതെരുവിലിന്റെ വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേയ്ക്ക് മരം വീണ് ചില്ല് തകര്‍ന്നു. പൊടിമറ്റം കാര്‍മ്മല്‍ ഹോസ്റ്റലിന്റെയും നിര്‍മ്മല ധ്യാനകേന്ദ്രത്തിന്റെയും മേല്‍ക്കൂരകള്‍ കാറ്റില്‍ പറത്തി. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഓഡിറ്റോറിയത്തിന്റെ അടുക്കളയുടെ ചിമ്മിനിയും നശിച്ചു.

ആനക്കല്ല് -പൊടിമറ്റം റോഡ്, ഇടക്കുന്നം -മുക്കാലി റോഡ്, പള്ളിപടി -ഇടക്കുന്നം എന്നിവിടങ്ങളില്‍ മരം ഒടിഞ്ഞു വീണ് ഗതാഗത തടസമുണ്ടായി. നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണു. നൂറു കണക്കിന് മരങ്ങളാണ് നിലംപതിച്ചത്. ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍പ്പെടെ റോഡിലേയ്ക്ക് വീണു. പൊടിമറ്റം എസ്. എച്ച്. മഠത്തിനു മുന്‍പില്‍ തേക്കു മരം കടപുഴകി വീണു. തടത്തില്‍ ഏലിയാസിന്റെ വീടിനോട് ചേര്‍ന്നുള്ള ഔട്ട്ഹൗസിലേയ്ക്ക് മാവ് വീണു. കരിപ്പാപറമ്പില്‍ ബെര്‍ക്കുമാന്‍ സ്റ്റീഫന്റെ നിരവധി റബര്‍ മരങ്ങള്‍ റോഡിലേയ്ക്ക് വീണു.