ആനക്കല്ല് മേഖലയില്‍ ചുഴലിക്കാറ്റില്‍ തകർന്നടിഞ്ഞ് ഏത്തവാഴ കൃഷി ; രണ്ടര ലക്ഷം രൂപയുടെ നഷ്ടം

ആനക്കല്ല് മേഖലയില്‍  ചുഴലിക്കാറ്റില്‍ തകർന്നടിഞ്ഞ് ഏത്തവാഴ കൃഷി ; രണ്ടര ലക്ഷം രൂപയുടെ നഷ്ടം

കാഞ്ഞിരപ്പള്ളി: ലാഭകരമല്ലാത്തതിനാൽ റബ്ബർ മരങ്ങൾ വെട്ടിമാറ്റി ഏത്തവാഴ കൃഷി ചെയ്ത കൃഷിക്കാരുടെ സ്വപ്‌നങ്ങൾ തകർത്തുകൊണ്ട് കാഞ്ഞിരപ്പള്ളി ആനക്കല്ല് മേഖലയിൽ ചുഴലിക്കാറ്റിൽ വൻനാശം .. തകർന്നടിഞ്ഞു

വീശിയടിച്ച ചുഴലിക്കാറ്റില്‍ നിരവധി പേരുടെ കൃഷിയിടങ്ങള്‍ നശിച്ചു. എട്ട് ഏക്കറോളം വരുന്ന കൃഷിയിടത്തിലെ വാഴകളാണ് നശിച്ചത്. മടുക്കക്കുഴി എം. ജെ. ഡൊമിനിക്കിന്റെ സ്ഥലത്ത് പാട്ടത്തിന് കൃഷിയിറക്കിയ പുതുമന ജോര്‍ജിന്റെ 2300 വാഴകളും പാണന്‍പറമ്പില്‍ തങ്കപ്പന്റെ 1200 വാഴകളും കാറ്റില്‍ ഒടിഞ്ഞു വീണു. വട്ടക്കുന്നേല്‍ ജോജോയുടെ 2700 വാഴകളും സണ്ണിയുടെ 1400 വാഴകളും കല്ലറയ്ക്കല്‍ ബിജുവിന്റെ 900 വാഴകളും നശിച്ചു. കുലച്ച വാഴകളാണ് നശിച്ചവയില്‍ ഏറെയും.

മാസങ്ങളുടെ കാത്തിരിപ്പു കൊണ്ട് കുലച്ച വാഴ കൃഷി ഒറ്റ ദിവസം കൊണ്ടു നശിച്ചതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. മൂന്ന് വര്ഷം മുൻപ് ഏട്ടേക്കര്‍ വരുന്ന തോട്ടത്തിലെ റബറുകള്‍ വെട്ടിമാറ്റി വാഴകൃഷിക്കായി നല്‍കുകയായിരുന്നു. റബര്‍ കൃഷി ലാഭകരമല്ലാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ വാഴകൃഷിയിലേയ്ക്ക് തിരിയുകയായിരുന്നു. മൂന്നു ലക്ഷം രൂപ ബാങ്കില്‍ നിന്നും കടമെടുത്താണ് വാഴകൃഷി തുടങ്ങിയത്. ഏകദേശം 2.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നതായി കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇന്‍ഷ്വര്‍ ചെയ്ത കുലച്ച വാഴകള്‍ക്ക് ഒന്നിന് മുന്നൂറ് രൂപ വീതവും, കുലയ്ക്കാത്തവയ്ക്ക് 150 രൂപ വീതവും, ഇന്‍ഷ്വര്‍ ചെയ്യാത്ത കുലച്ച വാഴകള്‍ക്ക് ഒന്നിന് 100 രൂപ വീതവും കുലയ്ക്കാത്തവയ്ക്ക് 75 രൂപ വീതവും നഷ്ടപരിഹാരം അനുവദിക്കുമെന്ന് കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസിര്‍, ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, ബ്ലോക്ക് പഞ്ചാ വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്തംഗം ഷീല തോമസ് തൂമ്പുങ്കല്‍, കൃഷി ഓഫീസര്‍ വേണുഗോപാല്‍ എന്നിവര്‍ കൃഷി നാശം സംഭവിച്ച സ്ഥലം സന്ദര്‍ശിച്ച് നാശ നഷ്ടം വിലയിരുത്തി. പരിമിതമായ തുകയാണ് നഷ്ട പരിഹാരമായി കര്‍ ക്ഷകര്‍ക്ക് ലഭിക്കുന്നതെന്നിരിക്കെ കൃഷിനാശത്തിന് പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.