അപകടം വാ പിളർന്ന്… നഗര മധ്യത്തിലെ മൂടിയില്ലാത്ത കുഴൽകിണർ യാത്രക്കാരെ ഭീതിയിലാക്കുന്നു ..

അപകടം വാ പിളർന്ന്… നഗര മധ്യത്തിലെ മൂടിയില്ലാത്ത കുഴൽകിണർ യാത്രക്കാരെ  ഭീതിയിലാക്കുന്നു ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും വലതു വശത്തുകൂടെ പുറത്തേക്കിറങ്ങുന്ന സ്റ്റെപ്പിൽ സ്ഥാപിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ കുഴൽക്കിണറിന്റെ മൂടി തകർന്ന് വായ തുറന്ന സ്ഥിതിയിലാണിരിക്കുന്നത് . കൊച്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസേന കയറിയിറങ്ങുന്ന സ്റ്റെപ്പിൽ സ്ഥിതി ചെയ്യുന്ന കിണറിന്റെ വായ തുറന്നിരിക്കുന്നതിനാൽ അപകട സാധ്യത വളരെ കൂടുതലാണ് . സ്റ്റാൻഡിൽ നിന്നും ബസ്സിറങ്ങി പുറത്തേക്കു നടന്നു പോകുന്ന സമയത്തു തുറന്ന കുഴൽ കിണറിനെ കവച്ചു പോകേണ്ട സ്ഥിതിയാണ്. അങ്ങനെ പോകുമ്പോൾ കൊച്ചുകുഞ്ഞുങ്ങളുടെ കാൽ കിണറ്റിലേക്ക് തെന്നിയാൽ വലിയ അപകടം ഉറപ്പാണ്. മുതിർന്നവരുടെ കാലു തെന്നിയാലും കാൽ മടിഞ്ഞു പോകുവാൻ സാധ്യതയുണ്ട്

അഞ്ഞൂറടിയോളം താഴ്ചയുള്ള കുഴൽ കിണറ്റിൽ വെള്ളം ഇല്ലാത്തതിനാൽ ഉപയോഗശൂന്യമായാണ് കിടക്കുന്നത്. കുഴിച്ച സമയത് ബസ് സ്റ്റാൻഡിന്റെ പുറത്തു സുരക്ഷിതമായ നിലയിലായിരുന്നു കുഴൽ കിണർ. എന്നാൽ ബസ് സ്റ്റാൻഡ് നവീകരിച്ചതോടെ കുഴൽ കിണർ പുറത്തേക്കിറങ്ങുന്ന സ്റ്റെപ്പിന്റെ ഒത്ത നടുവിലായി മാറി.

അപകടം ഉണ്ടാകുന്നത് വരെ കാത്തിരിക്കാതെ അടിയന്തിരമായി ഉപയോഗശൂന്യമായ കുഴൽ കിണർ അടച്ചു സീൽ ചെയ്യണമെന്നാണ് യാത്രക്കാരും സ്റ്റാൻഡിലെ കടക്കാരും ആവശ്യപ്പെടുന്നത് . മൂടിയില്ലാത്ത കുഴക്കിണറുകളിൽ കൊച്ചുകുട്ടികൾ വീഴുന്നതിന്റെ വാർത്തകൾ നിത്യേനെ വന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് വാ തുറന്ന കുഴൽകിണർ നഗര മധ്യത്തിൽ അപകടം കാത്ത് കിടക്കുന്നത് ..