വഴിയോരത്തെ കാഴ്ച മറയ്ക്കുന്ന കാട് അപകട ഭീഷണിയുയർത്തുന്നു

വഴിയോരത്തെ കാഴ്ച മറയ്ക്കുന്ന കാട് അപകട ഭീഷണിയുയർത്തുന്നു

പൊന്‍കുന്നം: തീര്‍ഥാടന കാലം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊന്‍കുന്നം-മണിമല റോഡിൽ, റോഡിരികിലേക്കു ഇറങ്ങി വളർന്നു നിൽക്കുന്ന കാട് അധികൃതർ വെട്ടിമാറ്റാത്തതു മൂലം കാൽനടയാത്രക്കാർ ബുദ്ധിമുട്ടിലാകുന്നു ..വളർന്നു പന്തലിച്ചു നിൽക്കുന്ന കാട് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കപ്പെടുന്നത് മൂലം ഉണ്ടാകുന്ന അപകടങ്ങൾക്കു പുറമെ, പാഞ്ഞു വരുന്ന വാഹനങ്ങളിൽ നിന്നും രക്ഷനേടുവാൻ കാൽനടയാത്രക്കാർക്ക് റോഡരികിലേക്ക് ഇറങ്ങി നിൽക്കുവാൻ പോലും സാധിക്കുന്നില്ല..

മൂവാറ്റുപുഴ-പുനലൂര്‍ സംസ്ഥാന പാതയുടെ ഭാഗമായ പൊന്‍കുന്നം-മണിമല റോഡില്‍ വളര്‍ന്നു നില്‍ക്കുന്ന കാടുകള്‍ ഡ്രൈവര്‍മാരുടെ കാഴ്ചമറയ്ക്കുക്കുയാണ്. ശബരിമല തീര്‍ഥാടകര്‍ കാല്‍നടയായി സഞ്ചരിക്കുന്ന റോഡാണിത്. ഇടത്താവളമായ ചിറക്കടവ് മഹാദേവക്ഷേത്രത്തിലേക്ക് ഇതു വഴി നിരവധി തീര്‍ഥാടകരാണെത്തുന്നത്. പ്രദേശത്തെ സ്‌കൂളുകളിലേക്ക് കുട്ടികള്‍ നടന്നെത്തുന്ന വഴി കൂടിയാണ്.

റോഡിലേക്ക് കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ റോഡില്‍ കൂടിയാണ് സംഘമായി നടന്നു പോകുന്നത്. വാഹനങ്ങള്‍ വരുമ്പോള്‍ അരികിലേക്കൊതുങ്ങി നടക്കാനിടമില്ല.

കഴിഞ്ഞ വര്‍ഷം ചിറക്കടവ് ക്ഷേത്രം വരെയുള്ള ഇരുഭാഗത്തേയും കാടുകള്‍ നേരത്തെ വെട്ടി മാറ്റിയിരുന്നു. എന്നാല്‍ ഇത്തവണ തീര്‍ഥാടന കാലം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. റോഡുമുഴുവനും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. ദിനംപ്രതി രാവും പകലുമില്ലാതെ നിരവധി തീര്‍ഥാടകര്‍ നടന്നെത്തുന്ന പാത സഞ്ചാരയോഗ്യമാക്കണമെന്നു നാട്ടുകാരും ക്ഷേത്രം ഭാരവാഹികളും ആവശ്യപ്പെട്ടു.
റോഡിന്റെ പല ഭാഗവും ടാറിംഗ് തകര്‍ന്ന് കുഴികളായി. കുഴികള്‍ ഒഴിവാക്കി വാഹനങ്ങളോടുമ്പോള്‍ കാല്‍നടയാത്ര കൂടുതല്‍ അപകടത്തിലാണ്.
പൊന്‍കുന്നം മുതല്‍ തെക്കേത്തു കവല വരെയുള്ള ഭാഗത്തെ കുഴിയടക്കല്‍ രണ്ടു ദിവസത്തിനകം തുടങ്ങുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്.

വഴിയോരത്തെ കാട് വെട്ടിത്തെളിക്കും-പഞ്ചായത്ത് പ്രസിഡന്റ്

പൊന്‍കുന്നം: പ്രധാനപാതയോരങ്ങളിലെ കാടു തെളിച്ച് ഗതാഗതം സുഗമമാക്കാന്‍ ചിറക്കടവ് പഞ്ചായത്ത് നടപടിയെടുത്തിട്ടുണ്ടെന്ന് പ്രസിഡന്റ് ജയശ്രീധര്‍ പറഞ്ഞു. രണ്ടു ദിവസത്തിനകം പഞ്ചായത്ത് പരിധിയിലെ തീര്‍ഥാടന പാതകളില്‍ കാടു തെളിക്കല്‍ തുടങ്ങും. കെ.കെ.റോഡ്, കെ.വി.എം.എസ്-മണ്ണംപ്ലാവ് റോഡ്, പൊന്‍കുന്നം-മണിമല റോഡ് എന്നിവിടങ്ങളിലെ കാട് തെളിക്കും. ശബരിമല ഫണ്ടായി ലഭിച്ച അഞ്ചു ലക്ഷം രൂപയില്‍ നിന്ന് ഇതിനുള്ള തുക വിനിയോഗിക്കും. വഴിവിളക്ക് സ്ഥാപിക്കാനും ഈ ഫണ്ട് ഉപയോഗപ്പെടുത്തും. ഇതിന്റെ ജോലി തുടങ്ങിക്കഴിഞ്ഞു.
മേഖലയിലെ പ്രധാന ഇടത്താവളങ്ങളില്‍ തീര്‍ഥാടകരുടെ സൗകര്യത്തിനായി ജലസംഭരണികള്‍ നല്‍കി. പൊന്‍കുന്നം പുതിയകാവ്, ചിറക്കടവ് മഹാദേവക്ഷേത്രം, മണക്കാട്ട് ഭദ്രാക്ഷേത്രം എന്നിവിടങ്ങളിലാണ് അയ്യായിരം ലിറ്റര്‍ ശേഷിയുള്ള സിന്തറ്റിക് സംഭരണികള്‍ നല്‍കിയത്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട ശുചീകരണത്തിനും ശബരിമല ഫണ്ടുപയോഗിക്കുമെന്ന് പ്രസിഡന്റ് ജയശ്രീധര്‍ പറഞ്ഞു.