ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു.

ഡെങ്കിപ്പനി ബാധിച്ച്  വീട്ടമ്മ മരിച്ചു.

പൊന്‍കുന്നം : നാടിനെ ഭീതിയിലാഴ്ത്തികൊണ്ട് ഡെങ്കിപ്പനി പിടിമുറുക്കുന്നു. ഇടവിട്ടുള്ള മഴയും വെയിലുമാണ് കൊതുകുകൾ പെരുകാനും പനി വ്യാപകമാകാനും ഇടയാക്കിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി മേഖലയിലെ റബർ തോട്ടങ്ങളിലും പൈനാപ്പിൾ തോട്ടങ്ങളിലുമാണ് കൊതുകുകൾ പെരുകുന്നത്.

ഡെങ്കിപ്പനി ബാധിച്ച് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ ഇന്ന് മരിച്ചു. എലിക്കുളം തോട്ടത്തില്‍ ടി. കെ. അജിയുടെ (കെ. എസ്. ആര്‍. ടി. സി. പാല) ഭാര്യ ഗീത അജി (ശ്രീജ-35) ആണ് മരിച്ചത്. പൈകയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശ്രീജയെ പനി മൂര്‍ച്ഛിച്ചതോടെ മൂന്ന് ദിവസം മുന്‍പ് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുയായിരുന്നു.

സംസ്‌ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നീണ്ടൂരിലെ വീട്ടുവളപ്പില്‍.
പരേത നീണ്ടൂര്‍ ചെറുമുട്ടത്ത് മറ്റത്ത് കുടുംബാംഗം.
മക്കള്‍: ഗായത്രി (ഇളങ്ങുളം സെന്റ് മേരീസ് എച്ച്. എസ്. എട്ടാം ക്‌ളാസ് വിദ്യാര്‍ഥിനി), അരുന്ധതി (ശ്രീദയാനന്ദ എല്‍. പി. സ്‌കൂള്‍, ഉരുളികുന്നം-ഒന്നാം ക്‌ളാസ്സ് വിദ്യാര്‍ഥിനി).

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നൂറുകണക്കിന് ആളുകൾ ദിവസവും ചികിത്സതേടി എത്തുന്നുണ്ട്. ഇവരിൽ ഏറിയപങ്കും പകർച്ചപ്പനി ബാധിതരാണ്. ദിവസംതോറും മറ്റു വിവിധ ആശുപത്രികളിൽ ഡെങ്കിപ്പനിക്കു ചികിത്സ തേടിയത്തുന്നവർ അനവധിയാണ്.

പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട് . ജനറൽ ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം ആവശ്യമാണ്. ഡെങ്കിപ്പനി തടയാൻ കൊതുകു നശീകരണം അനിവാര്യമായതിനാൽ കൊതുകുകൾ വളരാതിരിക്കാൻ ഫോഗിങ് അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

വീടിനുള്ളിൽ കയറിയാൽ പുറത്തിറങ്ങതെയിരിക്കുന്നതാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകളുടെ സ്വഭാവം. അതിനാൽ വീട്ടിനുള്ളിൽ നിന്നും ദിവസവും ഫോഗിങ് നടത്തി കൊതുകുകളെ പുറത്തിറക്കുവാൻ ഓരോ വീട്ടുകാരും പ്രതേകം ശ്രദ്ധിക്കണം..