വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിച്ചുകിട്ടാൻ ശരീരം തളർന്ന വിമുക്തഭടൻ സമരത്തിൽ

മുണ്ടക്കയം : ശരീരം തളർന്ന വിമുക്തഭടനും കുടുംബവും വൈദ്യുതി ഓഫിസ് പടിക്കൽ സമരം നടത്തി. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ആൾത്താമസമില്ലാത്ത ഇവരുടെ ഉടമസ്ഥതയിലുളള വീട്ടിലേക്കുള്ള വൈദ്യുതിബന്ധം 2 വർഷമായി വിച്ഛേദിച്ചത് പണമടച്ചിട്ടും പുനഃസ്ഥാപിക്കാൻ മുണ്ടക്കയം വൈദ്യുതി ബോർഡ് ജീവനക്കാർ തയാറായില്ലന്നു കാട്ടി താന്നിക്കപ്പതാൽ മലങ്കോട്ടക്കൽ ഓമനയും വിമുക്ത ഭടൻ കൂടിയായ ഭർത്താവ് ജോസഫ് ആന്റണിയുമാണ് പൈങ്ങണയിലെ കെഎസ്‌ഇബി ഓഫിസ് പടിക്കൽ സമരം നടത്തിയത്.

2016 നവംബർ 24നാണ് ഇവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. പിന്നീട് ഇവർ വീട്ടിൽ താമസത്തിനെത്തിയപ്പോൾ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു കിട്ടാൻ അപേക്ഷ നൽകിയെങ്കിലും അധികാരികൾ തയാറായില്ലെന്ന് ഇവർ ആരോപിക്കുന്നു. ഇതിനിടയിൽ പക്ഷാഘാതം ബാധിച്ച ജോസഫ് ആന്റണി കിടപ്പിലായി. രോഗിയായ ഭർത്താവുമൊന്നിച്ചു മണ്ണെണ് വിളക്കിന്റെ വെളിച്ചത്തിലാണു കുടുംബം താമസിക്കുന്നത്. ശരീരം തളർന്ന ജോസഫിനെ ബന്ധുക്കൾ വാഹനത്തിലെത്തിച്ചു കൈപിടിച്ചാണ് ഓഫിസിനു മുന്നിലിരുത്തിയത്. ആർഎസ്പി നേതാക്കളായ ഇ.വി.തങ്കപ്പൻ, സിജു കൈതമറ്റം എന്നിവരും ധർണയിൽ പങ്കെടുത്തു.