എരുമേലിയിൽ ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ കളക്ടർ വിലയിരുത്തി.

എരുമേലിയിൽ ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ കളക്ടർ വിലയിരുത്തി.

എരുമേലി : എരുമേലിയിൽ ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ പരിശോധിച്ച കളക്ടർ അടുത്ത ആഴ്ച മുന്നറിയിപ്പില്ലാതെ വീണ്ടും സന്ദർശനം നടത്തുമെന്നറിയിച്ച് മടങ്ങി. ഇന്നലെ ഉച്ച കഴിഞ്ഞാണ് ജില്ലാ കളക്ടർ ഡോ. ബി എസ് തിരുമേനി എരുമേലിയിൽ എത്തിയത്.

കഴിഞ്ഞയിടെ ദേവസ്വം മന്ത്രി എരുമേലിയിൽ നടത്തിയ അവലോകന യോഗത്തിൽ പങ്കെടുക്കാൻ കളക്ടർക്ക് കഴിഞ്ഞില്ല. ഇതേതുടർന്ന് സബ് കളക്ടർ കഴിഞ്ഞ ദിവസം ഒരുക്കങ്ങൾ വിലയിരുത്തിയതിന് പിന്നാലെയാണ് ഇന്നലെ ജില്ലാ കളക്ടർ എരുമേലിയുടെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിയത്. കൊരട്ടി പാലത്തിലെ തടയണ, എരുമേലി ടൗൺ, കണമല, കാളകെട്ടി, അഴുത എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹം ഒരുക്കങ്ങൾ ഉദ്യോഗസ്ഥരുമായി വിലയിരുത്തിയ ശേഷമാണ് മടങ്ങിയത്. രണ്ട് റോഡുകൾ ഒഴികെ ശബരിമല പാതയിലെ എല്ലാ പാതകളും തീർത്ഥാടന കാലത്തിന് മുമ്പ് പൂർത്തിയാകുമെന്ന് മരാമത്ത് ഉദ്യോഗസ്ഥർ കളക്ടറെ അറിയിച്ചു. കഴിഞ്ഞയിടെ അപകടം ഉണ്ടായ കണമല ഇറക്കത്തിൽ എല്ലാ വളവുകളിലും റംമ്പിൾ സ്ട്രിപ്പറുകൾ പുനഃസ്ഥാപിക്കുമെന്ന് ദേശീയ പാതാ വിഭാഗം അറിയിച്ചു. കാഞ്ഞിരപ്പള്ളി തഹസിൽദാർ അജിത് കുമാർ ഒപ്പമുണ്ടായിരുന്നു.