മുകളിലേക്ക് നോക്കി യാത്ര ചെയ്‌യേണ്ട റോഡ്

കാഞ്ഞിരപ്പള്ളി / കുന്നുംഭാഗം ∙ ഈ റോഡിലൂടെ നടക്കുമ്പോഴും വാഹനത്തിൽ പോകുമ്പോഴും ഒരു കണ്ണ് മുകളിലേക്കുകൂടി വേണമെന്നാണു പ്രദേശവാസികൾ പറയുന്നത്. കുന്നുംഭാഗത്തെ ഡൊമിനിക് തൊമ്മൻ റോഡിലാണ് ഉണക്കമരങ്ങൾ യാത്രക്കാർക്കു ഭീഷണിയായിരിക്കുന്നത്. ഇരുവശവും തണൽമരങ്ങൾ ഇടതൂർന്നു വളർന്നു നിൽക്കുന്ന റോഡിൽ അഞ്ചു മരങ്ങൾ കാലപ്പഴക്കത്താൽ ഉണങ്ങി ദ്രവിച്ച് തണൽവീഥിയിൽ അപകടക്കെണിയൊരുക്കി കാത്തിരിക്കുകയാണ്.

ചെറിയ കാറ്റടിച്ചാൽപോലും ദ്രവിച്ച ശിഖരങ്ങൾ റോഡിൽ നിലംപതിക്കും. പലരും രക്ഷപ്പെടുന്നതു തലനാരിഴയ്ക്കാണെന്നു സ്കൂൾ കുട്ടികൾ പറയുന്നു. ഗവ. ഹൈസ്‌കൂൾ, സെന്റ് ജോസഫ്‌സ് സ്‌കൂൾ എന്നിവിടങ്ങളിൽ എത്തുന്ന കുട്ടികളും സെന്റ് ജോസഫ്സ് പള്ളിയിലെത്തുന്നവരും ഉണക്കമരങ്ങളുടെ ഭീഷണിമൂലം പേടിച്ചാണു യാത്ര ചെയ്യുന്നത്.

ഈയിടെ കാർ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ദേശീയപാത 183ൽ ജനറൽ ആശുപത്രി പടിക്കൽനിന്നു ടിബി വഴി കാഞ്ഞിരപ്പള്ളി – മണിമല റോഡിലെ മണ്ണാറക്കയത്ത് എത്താനുള്ള എളുപ്പവഴിയായ റോഡിൽ തണൽതേടി എത്തുന്നവർ ഏറെയാണ്. മാലിന്യരഹിതമെന്നു പറയാവുന്ന റോഡിന്റെ ഇരുഭാഗത്തും സമ്പന്നരുടെ ഭവനങ്ങളാണ്.

കാഞ്ഞിരപ്പള്ളി സബ് സ്റ്റേഷൻ റോഡിന്റെ അവസാനഭാഗത്തായാണു സ്ഥിതിചെയ്യുന്നത്. ഒട്ടേറെ വാഹങ്ങൾ ദിനംപ്രതി ചീറിപ്പായുന്ന റോഡിലെ ഉണക്കമരങ്ങൾ മുറിച്ചു മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് ഇവ ലേലം ചെയ്തു നൽകിയതായി പൊതുമരാമത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും ഉണക്കമരങ്ങളെല്ലാം റോഡരികിൽ അപകടഭീഷണി ഉയർത്തി നിൽക്കുകയാണ്.