ഉപയോഗിക്കാത്ത വെള്ളത്തിന് എം.എൽ.എ.ഡോ.എൻ.ജയരാജിന് കിട്ടിയ ബില്ല് ഇരുപത്തിയൊന്നായിരം രൂപയുടെ..

ഉപയോഗിക്കാത്ത വെള്ളത്തിന് എം.എൽ.എ.ഡോ.എൻ.ജയരാജിന് കിട്ടിയ  ബില്ല്   ഇരുപത്തിയൊന്നായിരം രൂപയുടെ..

പൊൻകുന്നം : വാട്ടർ അതോറിറ്റിയുടെ ഉത്തരവാദിത്തമില്ലായ്മയുടെ ബലിയാടായത് ഇത്തവണ കാഞ്ഞിരപ്പള്ളി എം.എൽ.എ. ഡോ.എൻ. ജയരാജ്. രണ്ടുവർഷമായി വീട്ടിലെ പൈപ്പ് ലൈനിൽ വെള്ളമെത്തുന്നില്ലെങ്കിലും, എം.എൽ.എ.ഡോ.എൻ.ജയരാജിന് വാട്ടർ അതോറിറ്റി നൽകിയത് 21,562 രൂപയുടെ ബില്ല്. അത്തരം സാഹചര്യങ്ങളിൽ സാധാരണ ജനങ്ങൾ എം എൽ എ യോട് പരാതി ബോധിപ്പിക്കുയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ തനിക്കു കിട്ടിയ പണിയെ പറ്റിയുള്ള പരാതി ആരോട് ബോധിപ്പിക്കണം എന്നാണ് എം എൽ എ ഇപ്പോൾ ചിന്തിക്കുന്നത്.

വാട്ടർ അതോറിറ്റിയുടെ ഉത്തരവാദിത്തമില്ലായ്മയെപ്പറ്റി പരാതി ബോധിപ്പിക്കുവാനെത്തിയ പൊൻകുന്നം റോയൽ ബൈപാസ് റെസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകരോടായാണ് എം.എൽ.എ തന്റെ സമാനമായ വിഷമം പങ്കുവച്ചത്.

അതോറിട്ടിയുടെ നെടുംകുന്നം ഓഫീസിൽ നിന്നാണ് ചമ്പക്കരയിലെ ഇന്ദീവരം വീട്ടിൽ ഡോ.എൻ.ജയരാജ് എം.എൽ.എ.യ്ക്ക് നൽകാത്ത വെള്ളത്തിന് ഇത്രയും തുകയുടെ ബില്ല് നൽകിയത്. കണക്ഷൻ പ്രവർത്തിക്കുന്നില്ല എന്ന് ബില്ലിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 16-നകം തുക അടയ്ക്കണമെന്നാണ് നിർദേശം.

പൊൻകുന്നം റോയൽ ബൈപാസ് റെസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ തങ്ങളുടെ പ്രദേശത്ത് അതോറിറ്റിയുടെ ജലവിതരണക്കുഴൽ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ.യ്ക്ക് നിവേദനം കൊടുക്കാനെത്തിയപ്പോഴാണ് തന്റെ പരാധീനത എം.എൽ.എ.വെളിപ്പെടുത്തിയത്. തുക അടയ്ക്കണമോ വേണ്ടയോ എന്ന് എം.എൽ.എ.യ്ക്ക് ജലഅതോറിറ്റി അധികാരികൾ വ്യക്തമായ മറുപടി നൽകിയിട്ടില്ല ഇതുവരെ. . കാറ്റടിച്ചാലും മീറ്റർ കറങ്ങാനുള്ള സാധ്യത അവർ സൂചിപ്പിച്ചു. പൈപ്പിലൂടെ എയർ പ്രഷർ വരുമ്പോൾ മീറ്റർ കറങ്ങാനും വെള്ളമുപയോഗിച്ചതായി രേഖപ്പെടുത്താനുമുള്ള സാധ്യതയുണ്ടെന്നാണ് വിശദീകരണം.

റോയൽ ബൈപാസ് അസോസിയേഷന്റെ മേഖലയിലെ പൈപ്പ്‌ലൈൻ സ്ഥാപിക്കലിന് നടപടിക്രമങ്ങളായിട്ടുണ്ടെന്നും ടെൻഡർ പൂർത്തിയാകുന്ന മുറയ്ക്ക് പണികൾ ആരംഭിക്കുമെന്നും എൻ.ജയരാജ് എം.എൽ.എ.പറഞ്ഞു.