കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ നാല് യുവാക്കൾ അറസ്റ്റിലായി

കാഞ്ഞിരപ്പള്ളി  ജനറൽ ആശുപത്രിയിൽ  മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ നാല് യുവാക്കൾ അറസ്റ്റിലായി

കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കി ഒരു മണിക്കൂറോളം ചികിൽസ തടസ്സപ്പെടുത്തിയ നാലു യുവാക്കളെ പൊലീസ് അറസറ്റ് ചെയ്‌തു. കോരൂത്തോട് പുലിതൂക്കിൽ റെനിൽകുമാർ (34), സഹോദരൻ സുനിൽകുമാർ (40), കുമാരമംഗലത്ത് സുനിൽ (40), ചൂരനോനിൽ സി. പി. ഷാജി (40) എന്നിവരെയാണു പൊൻകുന്നം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വ്യാഴാഴ്‌ച രാത്രി 11.30നാണ് സംഭവത്തിനു തുടക്കം.

സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ: കോരൂത്തോട്ടിൽ കള്ളുഷാപ്പിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് ഇവർ ജനറൽ ആശുപത്രിയിലെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുനിൽകുമാറിനു പരുക്കുണ്ടെന്നും ഇയാളെ ആശുപത്രിയിൽ കിടത്തി ചികിൽസിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, ഇവരോട് ഇൻജക്‌ഷനെടുക്കണമെന്നും സ്‌കാനിങ് നടത്തണമെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്‌ടർ ആവശ്യപ്പെട്ടു. ഇതിനു തയാറാകാതെ തങ്ങളെ കിടത്തി ചികിൽസിക്കണമെന്ന് ആവശ്യപ്പെട്ടാണ് അസഭ്യവർഷവും ബഹളവുമുണ്ടാക്കിയത്.

ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരും എയ്ഡ് പോസ്‌റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസും എത്തിയെങ്കിലും ഇവർ പിൻമാറാൻ തയാറായില്ല. ഇവരുടെ ബഹളത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിലെ ചികിൽസ തടസ്സപ്പെട്ടതോടെയാണ് പൊൻകുന്നത്തുനിന്നു പൊലീസ് എത്തി അറസ്‌റ്റ് ചെയ്‌തു കൊണ്ടുപോയത്.

ഇവർക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. തുടർന്നു രാവിലെ ആശുപത്രിയിലെത്തിച്ച് ഡോക്‌ടർമാരുടെ മൊഴി രേഖപ്പെടുത്തി തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.