ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിൽ മത്സരിക്കുന്ന സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഗിരീഷ് എസ്. നായർക്ക് അപരനായി മറ്റൊരു ഗിരീഷ് എസ്. നായർ

ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിൽ  മത്സരിക്കുന്ന സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഗിരീഷ് എസ്. നായർക്ക് അപരനായി മറ്റൊരു  ഗിരീഷ് എസ്. നായർ

പൊന്‍കുന്നം : കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിൽ ജയിക്കുവാൻ വേണ്ടി അടവുകൾ പതിനെട്ടും പ്രയോഗിക്കുന്നുണ്ട്. അതിൽ ഏറ്റവും ഹീനമായ പ്രവർത്തിയാണ് അപരന്മാരെ ഇറക്കി കളിക്കുന്നത്.

ഇത്തവണ സീറ്റ്‌ തിരിച്ചു പിടിക്കുവാൻ സിപിഎം, തങ്ങളുടെ തുരുപ്പു ചീട്ടായ സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഗിരീഷ് എസ്. നായരെയാണ് ഇറക്കിയിരിക്കുന്നത്. നിയമസഭയിലേക്ക് മത്സരികുവാൻ പ്രാപ്തിയുള്ള ഗിരിഷിനെ പഞ്ചായത്ത് മത്സരത്തിൽ ഇറക്കിയത് തന്നെ തങ്ങളുടെ നഷ്ടപെട്ട സീറ്റ്‌ ഉറപ്പായും തിരികെ പിടിക്കുവനാണ്. അതനുസരിച്ച് അദ്ദേഹം പ്രചാരണവും തുടങ്ങി കഴിഞ്ഞിരുന്നു.

എന്നാൽ ഗിരിഷിന്റെ വിജയ പ്രതീക്ഷകളെ സാരമായി ബാധിക്കുന്ന തരത്തിൽ പെട്ടെന്നൊരു അപരൻ പ്രത്യക്ഷപെട്ടത്‌ പാർട്ടിക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. ഗിരീഷ് എസ്. നായരുടെ അപരനായി സ്വതന്ത്രനായി ഗിരീഷ് സി. നായര്‍ എന്നയാൾ മത്സരിക്കുന്നു. പൊൻകുന്നത് ചിറ്റെത്ത് വീട്ടിൽ ഗിരിഷിന്റെ ചിഹ്നം ആന്റിനയാണ്. അദേഹത്തിന്റെ പേരിന്റെ ബ്രായ്ക്കറ്റില്‍ ഗിരീഷ് എസ്. നായര്‍ എന്ന പേരുകൂടി ബാലറ്റില്‍ കൊടുത്തിരിക്കുന്നു. അങ്ങനെ ഗിരീഷ് എസ്. നായർക്ക് അപരനായി ഗിരീഷ് എസ്. നായര്‍ തന്നെ .

ചെറിയ എണ്ണം വോട്ടുകൾ പോലും നിർണയകമാകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ, പേരിനോട് പൂർണമായും സാമ്യം ഉള്ള പേരോട് കൂടി അപരൻ വന്നാൽ സ്ഥാനാർഥിയുടെ വിജയ സാധ്യതയെ സാരമായി ബാധിക്കുവാൻ ഇടയുണ്ട്.

ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 5 വാര്‍ഡുകളിലാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അപരന്മാര്‍ അണിനിരക്കുന്നത്.

ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്‍ മത്സരിക്കുന്ന അഞ്ചാം വാര്‍ഡില്‍ താമരചിഹ്നത്തോട് സാമ്യമുള്ള റോസാപ്പൂ ചിഹ്നവുമായി മറ്റൊരു കണ്ണന്‍ മത്സരരംഗത്തുണ്ട്. സിപിഎം ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ വി.ജി. ലാലാണ് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി.

പതിമൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ ഉഷടീച്ചറിനെതിരെ ഉഷാകുമാരി പി.ബി.യെന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമുണ്ട്. അരിവാളിനെതിരെ ഇവരുടെ ചിഹ്നം വാളും പരിചയുമാണ്.

പതിനാലാം വാര്‍ഡില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി ഗോപിപാറാംതോടിനെതിരെ മറ്റൊരു ഗോപിയുണ്ട്. താമരചിഹ്നത്തോട് സാമ്യമുള്ള പൈനാപ്പിളാണ് ഇവിടെ ചിഹ്നം. ഗോപി പാറാംതോടിന്റെ യഥാര്‍ത്ഥപേരായ ഗോപാലന്‍ എന്നതിന്റെ ബ്രായ്ക്കറ്റിലാണ് ഗോപി പാറാംതോട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹം അറിയപ്പെടുന്നതാവട്ടെ ഗോപിയെന്ന പേരിലാണ്. ഇത് മുതലെടുക്കാനാണ് മറ്റൊരു ഗോപിയെ എതിരാളികള്‍ രംഗത്തിറക്കിയത്.

പതിനേഴാം വാര്‍ഡില്‍ സിപിഎമ്മിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അപരന്മാരുണ്ട്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി ബി. രവീന്ദ്രന്‍ നായരാണ്. മറ്റൊരു രവീന്ദ്രന്‍ നായര്‍ വാളുപരിചയുമേന്തി നില്‍ക്കുന്നു. ബിജെപിയുടെ സ്ഥാനാര്‍ത്ഥി ശ്രീലാല്‍ പുലിയുറുമ്പിലിന്റെ വോട്ടുകള്‍ തട്ടാന്‍ പൈനാപ്പിള്‍ ചിഹ്നവുമായി ഒരു ശ്രീലാല്‍ ഉണ്ട്.

സിപിഎമ്മും ബിജെപിയും തമ്മില്‍ അഭിമാനപോരാട്ടം നടക്കുന്ന വാര്‍ഡുകളിലാണ് അപരസാന്നിദ്ധ്യം കൂടുതൽ ഉള്ളത്.