മണിമലക്കുന്ന് ദുശ്ശാസനൻകാവിൽ തിരി തെളിഞ്ഞു; നാടിനെ രക്ഷിക്കുവാൻ കരിക്കും, ഏത്തക്കയും മദ്യവും നേദിച്ചു

മണിമലക്കുന്ന്  ദുശ്ശാസനൻകാവിൽ തിരി തെളിഞ്ഞു; നാടിനെ രക്ഷിക്കുവാൻ കരിക്കും, ഏത്തക്കയും  മദ്യവും നേദിച്ചു

പൊൻകുന്നം ∙ തിരുവോണത്തിന് പിറ്റേന്ന് അവിട്ടം നാളില്‍ ചിറക്കടവ് മണിമലക്കുന്നിലെ ദുശ്ശാസനൻകാവിൽ ദുശ്ശാസന സ്വാമി പ്രതിഷ്ഠയ്ക്ക് മുമ്പില്‍ തിരിതെളിച്ച് വഴിപാട് നടത്തി . നാടിനെ രക്ഷിക്കുവാൻ ഭക്തർ കരിക്കും, ഏത്തക്കയും മദ്യവും നേദിച്ചു മൂർത്തിയെ പ്രീതിപ്പെടുത്തി.

നൂറ്റാണ്ടുകൾ പിന്നിട്ട ആചാരങ്ങൾക്ക് ആധുനിക കാലത്തും പ്രാചീനതയുടെ മണികിലുക്കം. ചിറക്കടവ് പേരൂര്‍ കുടുംബവക കാവിലാണ് അവിട്ടം തിരുനാള്‍ ഉത്സവം ആഘോഷിക്കുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ചടങ്ങാണ് അവിട്ടം നാളായ ഇന്നലെ കാവിൽ നടന്നത്. തമോഗുണമൂർത്തി ആയതിനാൽ കപ്പയും പച്ച ഏത്തക്കാ ചുട്ടതും മദ്യവും നേദിച്ചു. തുടർന്നു നടത്തിയ കരിക്കേറെന്ന വിശേഷ ചടങ്ങിൽ വനാന്തരത്തിലുള്ള ദുര്യോധനൻ മുതൽ ദുശ്ശള വരെയുള്ള കൗരവപരമ്പരയിലെ 101 പേരെയും അനുസ്മരിച്ചു കാർമികൻ വിളിച്ചുചൊല്ലി പ്രണാമം അർപ്പിച്ചത്.

ശബരിമല വനാന്തരത്തിലുള്‍പ്പെട്ട 101 മലകളിലായി കൗരവമൂര്‍ത്തികള്‍ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ഇവിടെ മണിമലക്കുന്നില്‍ ദുശ്ശാസനനെ പൂജിക്കുമ്പോള്‍ മറ്റു മലകളില്‍ കുടികൊള്ളുന്ന നൂറ്റുവരെയും വിളിച്ചുചൊല്ലി പ്രാര്‍ത്ഥിക്കും.

500 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കാവിൽ ഇടതൂർന്നു നിൽക്കുന്ന വൻ മരങ്ങളും വള്ളിപ്പടർപ്പുകളും ഒരിക്കൽ ഇവിടം വനഭൂമിയായിരുന്നുവെന്നതിന്റെ സൂചനകളാണ് നൽകുന്നത്

കൃഷിഭൂമിയെ സംരക്ഷിക്കുന്ന കാവലാളായാണു ദുശ്ശാസനനെ മണിമലക്കുന്നിൽ ആരാധിക്കുന്നത്. പ്രകൃതിക്ഷോഭങ്ങളിൽനിന്നു നാടിനെ രക്ഷിച്ച് ഐശ്വര്യം പ്രദാനം ചെയ്യുന്നതും സമ്പൽസമൃദ്ധിയും രോഗമുക്തിയും നൽകുന്നതും ഈ മൂർത്തിയാണെന്നാണു പരമ്പരാഗത വിശ്വാസം. പ്രകൃതിയും വിശ്വാസവും സമ്മിശ്രസ്മരണകളാകുന്ന കാവിലെ കർമങ്ങളിൽ പങ്കെടുക്കുന്നതിനായി ഒട്ടേറെ ആളുകൾ എത്തിയിരുന്നു.

. dussasanan-kavu-2

dussasanan-kavu-3

കരിക്കും, ഏത്തക്കയും മദ്യവും നേദിച്ചു