ഇനി സോനയ്ക്കു ഓൺലൈനിൽ പഠനം നടത്താം, ഡിവൈഎഫ്ഐയും കെ എസ് ഇ ബിക്കും നന്ദി ..

ഇനി സോനയ്ക്കു ഓൺലൈനിൽ പഠനം നടത്താം,   ഡിവൈഎഫ്ഐയും കെ എസ് ഇ ബിക്കും നന്ദി ..


പാറത്തോട് : മനസ്സുണ്ടെകിൽ മാർഗ്ഗവുമുണ്ട് .. ഓൺലൈൻ പഠനം നടത്തുവാൻ വീട്ടിൽ വൈദ്യുതി സൗകര്യം പോലും ഇല്ലാതിരുന്ന വിദ്യാർത്ഥിനിക്ക് ഒറ്റ ദിവസത്തിനുള്ളിൽ, വീട്ടിൽ വൈദ്യുതി കണക്ഷനും, ടിവിയും കേബിളും എത്തിച്ചു ഓൺലൈൻ പഠനസൗകര്യം ശരിയാക്കി കൊടുത്ത് നാടിനാകെ മാതൃകയായ പാറത്തോട് ഡിവൈഎഫ്ഐ കമ്മറ്റിക്കും കെ എസ് ഇ ബിക്കും കൈയടിച്ചു നാട്ടുകാർ.

പാറത്തോട് പഞ്ചായത്ത് എട്ടാം വാർഡിൽ തീരദേശം ഭാഗത്ത് താമസിക്കുന്ന പയ്യാനി കാട്ടിൽ സോജൻ – നന്ദിനി ദമ്പതികളുടെ മകളായ സോന ഇഞ്ചിയാനി ഹോളി ഫാമിലി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സോനയ്ക്കു ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യമില്ലെന്ന വിവരം സ്കൂളിലെ ഹെഡ്മിമിസ്ട്രസ് ജാൻസമ്മ ജോർജ് ഡിവൈഎഫ്ഐ പാറത്തോട് മേഖലാ പ്രസിഡണ്ട് ഷെമീർ അസീസിനേയും സെക്രട്ടറി അരുൺ സ്വാമിനാഥനേയും അറിയിക്കുകയായിരുന്നു. ഇവർ ഒൻപതാം വാർഡ് മെംബറും ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് ട്രഷററുമായ മാർട്ടിൻ തോമസിനെ വിവരം അറിയിച്ചതോടെ കാര്യങ്ങൾ ധ്രുതഗതിയിലായി.

വീട് വയറിംഗ് വെള്ളിയാഴ്ച രാവിലെ പത്തിന് തുടങ്ങി. ഉച്ചകഴിഞ്ഞ് വയറിംഗ് പൂർത്തീകരിച്ച് കെ എസ് ഇ ബിയുടെ പാറത്തോട് സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകുകയും നടപടിക്രമം പൂർത്തീകരിച്ച് വൈകുന്നേരം അഞ്ചു മണിയോടു കൂടി കെ എസ് ഇ ബി അധികൃതരെത്തി കണക്ഷൻ നൽകി. ഡി വൈ എഫ് ഐ നേതൃത്വത്തിൽ ടി വി വാങ്ങി നൽകുകയും ചെയ്തു.

കോവിഡ് ബാധയെ തുടർന്ന് സ്കൂൾ പഠനം നിലച്ച സാഹചര്യത്തിൽ, ഓൺലൈൻ വിദ്യാഭ്യാസത്തിന് സോനയ്ക്ക് സൗകര്യമൊരുക്കിയ ഡിവൈഎഫ്ഐ പ്രവർത്തകരേയും കെ എസ് ഇ ബി അധികൃതരേയും നാട്ടുകാർ അഭിനന്ദിച്ചു.