കാഞ്ഞിരപ്പള്ളിയിൽ സിപിഎം– എസ്ഡിപിഐ സംഘർഷം

കാഞ്ഞിരപ്പള്ളി∙ ടൗണിൽ സിപിഎം– എസ്ഡിപിഎെ സംഘർഷം. സിഎെ ഉൾപ്പടെ 7 പേർക്കു പരുക്ക്. 3 സിപിഎം പ്രവർത്തകർക്കും 3 എസ്ഡിപിഎെ പ്രവർത്തകർക്കുമാണ് പരുക്കേറ്റത്. സിപിഎം, ഡിവൈഎഫ്എെ പ്രവർത്തകരായ ആൽബിൻ ,റിനോഷ്, അഖിൽ, ആസിഫ് എന്നിവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ പേട്ടക്കവലയിലാണു സംഘർഷം.

സംഘപരിവാർ സംഘടനകൾ ഹർത്താൽ ദിനത്തിൽ നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സിപിഎമ്മും, എസ്ഡിപിഎെയും നടത്തിയ പ്രകടനങ്ങൾ നേർക്കുനേർ എത്തിയപ്പോഴാണു സംഘർഷം. എസ്ഡിപിഐ പ്രകടനം പേട്ടക്കവലയിൽ സമാപിച്ച ശേഷം ദേശീയ പാത വഴി കിഴക്കോട്ട് പ്രവർത്തകർ നടന്നുപോകുമ്പോൾ സിപിഎം പ്രകടനം എതിരെ എത്തി.

മുദ്രാവാക്യം വിളികൾ വാക്കുതർക്കത്തിലും സംഘർഷത്തിലും കലാശിച്ചു. കൊടി കെട്ടിയെ വടികളുമായാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. ഇവരെ പിടിച്ചുമാറ്റാൻ എത്തിയ സിഎെ ഷാജു ജോസിന്റെ കൈവിരലിനും കഴുത്തിനും നേരിയ പരുക്കുണ്ട്. പ്രകടനം നടത്തിയ സിപിഎം പ്രവർത്തകർ എസ്ഡിപിഎെയുടെ കൊടിമരം നശിപ്പിച്ചു. കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സംഘർഷ സാധ്യത കണക്കിലെടുത്തു കൂടുതൽ പൊലീസ് സ്ഥലത്തുണ്ട്