വില്ലേജ് ഓഫിസുകൾ ഇ–പേയ്മെന്റിലേക്ക്

കോട്ടയം ജില്ലയിലെ വില്ലേജ് ഓഫിസുകളിൽ 27 മുതൽ ഭൂനികുതി പൂർണമായും ഇ–പേയ്മെന്റിലേക്ക് മാറും. ഭൂനികുതി രസീതുകൾ കൈകൊണ്ട് എഴുതി നൽകിയിരുന്നതിനു പകരം ഇനി പൂർണമായും ഓൺലൈനായി പ്രിന്റുചെയ്ത കംപ്യൂട്ടർ ബില്ലുകളാകും ലഭിക്കുക. ജില്ലയിലെ നൂറ് വില്ലേജുകളിലും ഇത് സംബന്ധിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ജീവനക്കാർക്ക് പരിശീലനം നൽകുകയും ചെയ്തു.

ആദ്യഘട്ടമായി മീനച്ചിൽ താലൂക്കിലെ 28 വില്ലേജുകളും പൂർണമായും ഇ–പേയ്മെന്റ് സംവിധാനത്തിലേക്ക് മാറിയിരുന്നു. കോട്ടയം താലൂക്കിലെ 26 വില്ലേജുകളും ഇന്നലെ ഇ–പേയ്മെന്റിലേക്ക് മാറി. വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി താലൂക്കുകളിലെ അഞ്ച് വില്ലേജുകൾ വീതവും ഇപ്പോൾ ഇ–പേയ്മെന്റിലേക്ക് മാറിയിട്ടുണ്ട്. ഇനിയും ബാക്കിയുള്ള 31 വില്ലേജുകളും അടുത്ത രണ്ട് ദിവസങ്ങളിൽ ഇ–പേയ്മെന്റിലേക്ക് മാറും.

ജില്ലയിലെ വില്ലേജുകളിലെയും റീസർവേ പൂർത്തിയായ 20 ലക്ഷം ഭൂ ഉടമകളുടെയും രേഖകൾ പൂർണമായും കംപ്യൂട്ടർ വൽക്കരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ ഭൂനികുതി ഇ–പേയ്മെന്റിലേക്ക് മാറാൻ കഴിഞ്ഞത്. വൈദ്യുതി തകരാർ സംഭവിക്കുകയോ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്താൽ മാത്രമാണ് ഇനിയും രസീത് ബുക്കിൽ നികുതി രേഖപ്പെടുത്തി നൽകുക.

ഇതുവരെ വില്ലേജ് ഓഫിസുകളിൽ നികുതി അടയ്ക്കുന്നതിന് പഴയ രസീത് ഹാജരാക്കുമ്പോൾ ഇവിടത്തെ ജീവനക്കാർ റജിസ്റ്റർ തപ്പിയെടുത്ത് ഇതിൽ രേഖപ്പെടുത്തിയശേഷം രസീത് ബുക്കിൽ പണം അടച്ച് രസീത് നൽകുകയായിരുന്നു ചെയ്തിരുന്നത്.
എന്നാൽ ഇനിയും പഴയ രസീത് ഹാജരാക്കിയില്ലെങ്കിലും സ്ഥലമുടമയുടെ പേരുവിവരങ്ങളോ സ്ഥലം സംബന്ധമായ വിവരങ്ങളോ നൽകിയാൽ കംപ്യൂട്ടർ സഹായത്തോടെ അതിവേഗം നികുതി സ്വീകരിക്കാനാകും.

ഒട്ടും താമസമില്ലാതെ അപ്പോൾ തന്നെ നികുതി അടച്ച് കംപ്യൂട്ടർ രസീതും ഇവർക്ക് നൽകും. സ്ഥലം ഉടമകളെ തിരയുന്നതിനും ഓരോ ദിവസവും സ്വീകരിക്കുന്ന നികുതി സംബന്ധിച്ചും നികുതി അടയ്ക്കാൻ ഉള്ളവരെ കണ്ടെത്തി നോട്ടിസ് അടയ്ക്കാനും ഈ സംവിധാനം പൂർണമായും പ്രയോജനപ്പടും.

ഇടപാടുകൾക്ക് ലഭിക്കുന്ന ഓൺലൈനായി പ്രിന്റ് ചെയ്ത രസീതുകളിൽ ക്വിക്ക് റെസ്പോൺസ് (ക്യുആർ) കോഡുണ്ടാകും. കള്ളസീലും പേരുമുപയോഗിച്ചു രസീതുകൾ നിർമിച്ചു വായ്പയെടുക്കാനുള്ള ശ്രമങ്ങൾ തടയുന്നതിനാണ് ലക്ഷ്യം. ക്യുആർ കോഡ് സ്കാൻ ചെയ്താൽ രസീത് വ്യാജമാണോ എന്നു കണ്ടെത്താൻ കഴിയും