പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ഒരുക്കങ്ങൾ പൂർണം

കാഞ്ഞിരപ്പള്ളി ∙ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലെ പോളിങ് ബൂത്തുകൾ ഇന്നലെ വൈകിട്ട് നാലുമണിയോടെ സജ്ജമായി.

ഇരുമണ്ഡലങ്ങളിലേക്കുമുള്ള പോളിങ് സാമഗ്രികൾ ഇന്നലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നു വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ 154 ബൂത്തുകളിലേക്കും പൂഞ്ഞാർ മണ്ഡലത്തിലെ 161 ബൂത്തുകളിലേക്കുമുള്ള പോളിങ് സാമഗ്രികളാണ് സെന്റ് ഡൊമിനിക്സ് സ്കൂളിൽനിന്നു വിതരണം ചെയ്തത്.

രാവിലെ ഒൻപതിനു തിരഞ്ഞെടുപ്പു നിരീക്ഷകന്റെയും പൊലീസിന്റെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വോട്ടിങ് യന്ത്രങ്ങളും ബാലറ്റും സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറന്നു.10.30നു പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. പൂഞ്ഞാർ മണ്ഡലത്തിലേക്കുള്ള വിതരണം സെന്റ് ഡൊമിനിക്സ് സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിലും കാഞ്ഞിരപ്പള്ളി മണ്ഡലത്തിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം കെട്ടിടത്തിലുമായാണു നടന്നത്.

തിരഞ്ഞെടുപ്പു ചുമതലകൾക്കായി കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ 689 ഉദ്യോഗസ്ഥരെയും പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ 710 ഉദ്യോഗസ്ഥരെയുമാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്.അവശ്യ സാഹചര്യങ്ങൾ നേരിടാനായി കൂടുതൽ ഉദ്യോഗസ്ഥരെയും സജ്ജമാക്കിയിട്ടുണ്ട്. വോട്ടിങ് മെഷീനുകളും റിസർവായി കരുതിയിട്ടുണ്ട്.കാഞ്ഞിരപ്പള്ളിയിലേക്ക് 24, പൂഞ്ഞാറിലേക്ക് 29 എന്നിങ്ങനെ അധിക വോട്ടിങ് യന്ത്രങ്ങൾ കരുതിയിട്ടുണ്ട്.ഉച്ചയ്ക്ക് ഒന്നരയോടെ പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. വൈകിട്ടു നാലിനു മുൻപുതന്നെ പോളിങ് ഉദ്യോഗസ്ഥരും സാമഗ്രികളും
പ്രത്യേക വാഹനങ്ങളിൽ അതതു ബൂത്തുകളിലെത്തി.